Connect with us

Articles

പ്രിയപ്പെട്ട രൂപേ, നീ ഇല്ലാത്ത ജീവിതം..

Published

|

Last Updated

പ്രിയപ്പെട്ട രൂപേ, നീ ഇപ്പോള്‍ എവിടെയാണെന്നോ, എന്താണ് നീ ചെയ്യുന്നതെന്നോ എനിക്കറിയില്ല. നീ മൂക്കു കുത്തി വീണതായും പരുക്ക് പറ്റിയതായും അറിയാന്‍ കഴിഞ്ഞു. പരുക്ക് ഗുരുതരമെന്നോ ആശുപത്രിയില്‍ പോയിട്ടുണ്ടെന്നോ അറിയില്ല. എങ്കിലും നിനക്ക് ഒരുവിധം സുഖമാണെന്ന് കരുതുന്നു.
കുട്ടിക്കാലത്ത് നിന്നോടൊപ്പം കൂടാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. നീയാണെങ്കില്‍ എന്നെ തീരെ ഗൗനിച്ചില്ല. നീ മുതിര്‍ന്നവരോടൊപ്പമായിരുന്നു. അവരെ മുട്ടി ഉരുമ്മി നടക്കലായിരുന്നു നിന്റെ ഹോബി. നിന്റെ കൊതിപ്പിക്കുന്ന മണം എന്നെ ആകര്‍ഷിച്ചു. പക്ഷേ, എന്റെ കൂടെ വരാന്‍ നീ കൂട്ടാക്കിയില്ല. നിന്നെ ഒന്ന് തൊടാന്‍ ഞാന്‍ വളരെ ആശിച്ചു. എന്തു ചെയ്യാന്‍, നീ എന്നില്‍ നിന്ന് ഏറെ അകലെയായിരുന്നു.
കൗമാരകാലത്ത് പട്ടണത്തിലെ കോളജിലെത്തിയപ്പോഴാണ് നിന്നെ വീണ്ടും ഞാന്‍ കാണുന്നത്. നനുത്ത പുഞ്ചിരിയാണോ, മുളച്ചു വരുന്ന പൊടി മീശയാണോ എന്താണ് നിന്നെ ആകര്‍ഷിച്ചതെന്ന് അറിയില്ല, നീ എന്നോടൊപ്പം വന്നു. കത്തുന്ന വേനലില്‍ ഐസ്‌ക്രീം കഴിക്കാന്‍ നാം ഒന്നിച്ചാണ് പോയത്. നിന്റെ അടുത്തിരിക്കാന്‍ കഴിഞ്ഞ ആദ്യാവസരം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നീ എന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്നു.
പഠനം കഴിഞ്ഞതോടെ എനിക്ക് ജോലി കിട്ടി. മാസത്തിലെ ആദ്യത്തെ ആഴ്ച നീ എന്നോടൊപ്പമായി. നിന്റെ കോരിത്തരിപ്പിക്കുന്ന സുഗന്ധവും പുഞ്ചിരിയും എന്നെ ആഹ്ലാദിപ്പിച്ചു. വാഹനങ്ങളിലും ഹോട്ടലുകളിലും നീയും ഞാനും കയറിയിറങ്ങി. സിനിമാശാലകളില്‍ നീ എന്നോടൊപ്പം വന്നു. നീ എന്റെ എല്ലാമെല്ലാമായി. പിന്നെപ്പിന്നെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒരാഴ്ച കഴിയുമ്പോഴേക്കും നീ എവിടേക്കോ പോയി. നിന്റെ കൊതിപ്പിക്കുന്ന മണത്തിനായി ഞാന്‍ കാത്തിരുന്നു. വീട് നിര്‍മാണവും കുട്ടികളുടെ വിദ്യാഭ്യാസവും കാരണം ബാധ്യതകള്‍ കൂടി. നിന്നെ തേടിയുള്ള പരക്കം പാച്ചിലായി പിന്നെ. നീ ബേങ്കിലുണ്ടെന്ന് ആരോ പറഞ്ഞു. ഞാന്‍ നിന്നെ കാണാന്‍ ബാങ്കിലെത്തി. വേണ്ടത്ര ഉറപ്പില്ലാതെ കണ്ട ഒരുത്തന്റെ കൂടെ നിന്നെ വിട്ടു തരാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.
ഒടുവില്‍ കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബേങ്കുകാര്‍ കനിഞ്ഞു. നീ എന്നോടൊപ്പം വന്നു. വലിയ സന്തോഷമുണ്ടായി എനിക്ക്. എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. കടക്കാര്‍ ഓരോരുത്തരായി കയറി വന്നു. നീ അവരുടെ കൂടെ പോയി. പിന്നീട് നിന്നെ കാണുന്നത് അപൂര്‍വമായി. നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കിയും വീണ്ടും നിന്നെ കാണാനാകുമെന്ന് പ്രതീക്ഷിച്ചും ഞാന്‍ കാത്തിരുന്നു.
നീ കാരണമാണ് അയല്‍വീട്ടുകാരന്‍ ആത്മഹത്യ ചെയ്തതെന്ന് ആരോ പറയുന്നത് കേട്ടു. ശരിയാണോ എന്നറിയില്ല. നീ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയവരുമുണ്ട്. നീ കാരണം ഏറെ ദുരിതങ്ങളാണ് പലരും അനുഭവിക്കുന്നത്. അഴിമതിയുടെ ഭാഗമായും നീ പത്രങ്ങളില്‍ നിറഞ്ഞു നിന്നു. തട്ടിപ്പിലും വെട്ടിപ്പിലും നീ ചെന്നു പെട്ടു. പാമോയില്‍ മുതല്‍ സോളാര്‍ വരെയും കാലിത്തീറ്റ മുതല്‍ കല്‍ക്കരി വരെയും നീ ഉണ്ടത്രേ. നിനക്ക് മീതെ പരുന്തും പറക്കില്ല എന്ന് മുമ്പ് കേട്ടിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയും പറക്കില്ല എന്നായിരിക്കുന്നു. സരിതയും ശാലുവും നിന്നോടൊപ്പമാണെന്നും കേള്‍ക്കുന്നു. ശരിയാണോ?
രൂപ വീണു, രൂപ മൂക്കു കുത്തി, രൂപ തകര്‍ന്നു, രൂപക്ക് തിരിച്ചടി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഏറെ സങ്കടം തോന്നുന്നു. നിന്നെ ഉയര്‍ത്താന്‍ ആര്‍ക്കും ആകുന്നില്ലല്ലോ. മന്‍മോഹനും ചിദബരവും ഏറെ ശ്രമിക്കുന്നുണ്ടാവും, അല്ലേ? കളിക്കാരെ പോലെ എന്തെങ്കിലും ഉത്തേജക മരുന്ന് കഴിച്ചാല്‍ കാര്യമുണ്ടാകുമോ? ഞങ്ങളുടെ നേതാക്കള്‍ നിന്നെ കുറിച്ച് പറഞ്ഞത് കേട്ടപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു. 12 രൂപയുണ്ടെങ്കില്‍ വയറുനിറക്കാന്‍ പറ്റുമത്രേ. ഒരു രൂപയുണ്ടെങ്കിലും കാര്യം കുശാലാണത്രെ!
രൂപേ, വലിയ പൊട്ടും പൊളിയും ഇല്ലാതെ, പ്രതിച്ഛായ മെച്ചപ്പെടുത്തി നീ തിരിച്ചു വരുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.
സ്‌നേഹപൂര്‍വം,
ഗൗരവാനന്ദന്‍