സരിതയുടെ രഹസ്യമൊഴി കോടതിയില്‍; തനിക്ക് വധ ഭീഷണിയെന്ന് പരാതി

Posted on: July 29, 2013 11:36 am | Last updated: July 29, 2013 at 7:46 pm

Saritha-S-Nair

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ രഹസ്യ മൊഴി രവിപുരം സി ജെ എം കോടതിയില്‍ എത്തിച്ചു. മൊഴിയില്‍ ഉന്നതരുടെ പേരില്ലെന്നാണ് സൂചന. ബിജുവിനേയും ശാലുവിനേയും കുറിച്ചുള്ള വിവരങ്ങളാണ് മൊഴിയില്‍ കൂടുതലും ഉള്ളത്. ബിജുവില്‍ നിന്ന് വധ ഭീഷണിയുണ്ട്. ബിജുവും ശാലുവും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ടീം സോളാറിന്റെ പരാജയത്തിന് കാരണമായത്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം. തുടങ്ങി വ്യക്തിപരവും സാമ്പത്തികവും ആയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്.

അട്ടക്കുളങ്ങര വനിതാ സബ് ജയില്‍ സൂപ്രണ്ടാണ് നാല് പേജുള്ള മൊഴി കോടതിയില്‍ എത്തിച്ചത്. സരിത സ്വന്തം കൈപ്പടയിലാണ് പരാതി എഴുതിയത്. ഇത് മുദ്ര വെച്ച കവറിലാണ് കോടതിയില്‍ എത്തിച്ചത്.

തനിക്ക് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് സരിത കോടതിയോട് പറഞ്ഞപ്പോള്‍ അത് ഏറെ ചര്‍ച്ചയായിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉണ്ട് എന്നാണ് സരിതയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നത്. ശനിയാഴ്ചയാണ് പോലീസ് മൊഴി രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്.