മലയോര കര്‍ഷകരുടെ പ്രതീക്ഷകള്‍ തകരുന്നു

Posted on: July 28, 2013 7:02 am | Last updated: July 28, 2013 at 7:02 am

കുറ്റിയാടി: തുടര്‍ച്ചയായി പെയ്യുന്ന മഴ മലയോര കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു. പ്രധാനമായും കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഈ മേഖലയിലെ കര്‍ഷകര്‍ കാര്‍ഷിക വിളകള്‍ക്ക് പിടിപെട്ട രോഗങ്ങള്‍ക്ക് മുന്നില്‍ അന്ധാളിച്ച് നില്‍ക്കുകയാണ്.
ഇത്തവണ പതിവില്‍ കവിഞ്ഞ മഴ ലഭിച്ചതാണ് കാര്‍ഷിക വിളകള്‍ക്ക് വിനയായത്. മരുതോങ്കര, കാവിലുംപാറ, നരിപ്പറ്റ, കായക്കൊടി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് തെങ്ങുകള്‍ മണ്ഡരിയും കൂമ്പുചീയലും മൂലം നശിക്കുകയാണ്. കമുകുകള്‍ക്ക് മഹാളിയും കുരുമുളകിന് ദ്രുതവാട്ടവും കൊക്കോക്ക് മഞ്ഞളിപ്പും വ്യാപകമായി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്, നീറ്റിക്കോട്ട, ഇഞ്ചിപ്പാറ, കോങ്ങാട്, പുത്തന്‍തോട്, കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്, ചുരണി, പൂതംപാറ, പൊയിലോംചാല്‍, മുത്തത്തെപ്ലാവ്, ചാപ്പന്‍തോട്ടം, കായക്കൊടി പഞ്ചായത്തിലെ മുണ്ടിയോട്, പടിച്ചില്‍മല, പാലോളി, നിടുമണ്ണൂര്‍, നരിപ്പറ്റ പഞ്ചായത്തിലെ കന്മായി, ഉരിതൂക്കി, എടോനി, തരിപ്പ, കുമ്പളച്ചോല പ്രദേശങ്ങളിലെ വിളകള്‍ക്കാണ് രോഗങ്ങള്‍ ഏറെ ബാധിച്ചത്.
കര്‍ഷകരുടെ മഴക്കാലത്തെ പ്രധാന വരുമാന മാര്‍ഗമാണ് അടക്ക. എന്നാല്‍, മഹാളി രോഗം മൂലം വിളവ് മോശമായത് കമുക് കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചു. റബര്‍ തൈകളെയും മഴ ചതിച്ചത് കുടിയേറ്റ കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി.
കനത്തമഴയും രോഗങ്ങളും കാരണം വിളവ് കുറയുമ്പോള്‍ തന്നെ കീടനാശിനികള്‍ക്ക് വില കുത്തനെ ഉയരുകയുമാണ്. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ മലയോര കര്‍ഷകര്‍ക്ക് കൃഷി മാത്രമല്ല, ജീവിതം തന്നെ പ്രയാസമാകും.