മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് ബലക്ഷയം

Posted on: July 25, 2013 7:34 am | Last updated: July 26, 2013 at 10:59 am

Mullaperiyar_dam_859317fകേരളത്തിന് നിയമം കൊണ്ടുവരാം; 2006 ലെ വിധി എല്ലാ കാലത്തും നിലനില്‍ക്കണമെന്നില്ല

സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന് അവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഇത് ഉറപ്പാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ കേരള സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇതിനായി കേരളത്തിന് നിയമം കൊണ്ടുവരാം. 2006ലെ വിധി എല്ലാ കാലത്തേക്കും നിലനില്‍ക്കണമെന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ 2006 ലെ വിധിയടക്കം ഒലിച്ചുപോകുമെന്നും കോടതി നിരീക്ഷിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടക്കുന്ന അന്തിമ വാദത്തിനിടെയാണ് കേരളത്തിന് അനുകൂലമായ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അതത് സര്‍ക്കാറുകളുടെ ചുമതലയാണ് . അതിനെ തടയാന്‍ ആര്‍ക്കും സാധ്യമല്ല. ഡാമിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തിയാലും തമിഴ്‌നാടിന് വെള്ളം ലഭിക്കുമെന്ന് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളം ലഭിക്കില്ലെന്ന തമിഴ്‌നാടിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ടോയെന്ന് കോടതി ചോദിച്ചു. ജലനിരപ്പ് ഉയരുകയും ഡാം തകരുകയും ചെയ്താല്‍ 2006ല്‍ തമിഴ്‌നാടിന് അനുകൂലമായി ലഭിച്ച വിധിയടക്കം ഒലിച്ചുപോകുമെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, തമിഴ്‌നാടിനെ അനുകൂലിച്ചും കോടതി ചില നിരീക്ഷണങ്ങള്‍ നടത്തി. കരാറിലെ അവകാശങ്ങള്‍ സംബന്ധിച്ച തമിഴ്‌നാടിന്റെ വാദങ്ങളും പ്രസക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുന്നുവെന്ന് വാദത്തിനിടെ തമിഴ്‌നാട് ആരോപിച്ചു.
മുല്ലപ്പെരിയാര്‍ കേസില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ആറ് വര്‍ഷം നീണ്ട സുപ്രീം കോടതിയിലെ നിയമയുദ്ധമാണ് അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി കേരള നിയമസഭ പാസാക്കിയ നിയമം സാധുവാണെന്നും അത് ചോദ്യം ചെയ്യാന്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശമില്ലെന്നുമാണ് കേരളത്തിന്റെ വാദം. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിയമം കൊണ്ടുവന്നത്. ഇതുസംബന്ധമായ തമിഴ്‌നാടിന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കേരളം വാദിക്കുന്നു.
കേസില്‍ ചൊവ്വാഴ്ച നടന്ന വാദത്തിലും കോടതി കേരളത്തിന് അനുകൂലമായി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച 1886ലെ കരാറിന്റെ നിയമസാധുത സംബന്ധിച്ചാണ് കോടതി സംശയം പ്രകടിപ്പിച്ചത്. തിരുവിതാംകൂര്‍ നാട്ടുരാജ്യവും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലാണ് ജലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു കരാറുണ്ടാക്കിയത്. തുടര്‍ന്ന് ഇന്ത്യ സ്വതന്ത്രമായതോടെ കേന്ദ്ര സര്‍ക്കാറും നാട്ടുരാജ്യം ഉള്‍പ്പെട്ട സംസ്ഥാനവും തമ്മിലുള്ള കരാറായി. മദ്രാസ് പ്രവിശ്യയോ തമിഴ്‌നാട് സംസ്ഥാനമോ ഈ കരാറില്‍ ഭാഗഭാക്കായതിന്റെ രേഖകളില്ലെന്നും കരാര്‍ സംബന്ധിച്ച വാദവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.