Connect with us

Wayanad

ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നതുവരെ പ്രക്ഷോഭം തുടരും: ദക്ഷിണാമൂര്‍ത്തി

Published

|

Last Updated

കല്‍പ്പറ്റ: ഉമ്മന്‍ചാണ്ടിയെ പിന്തുണക്കുന്ന ആര് വിചാരിച്ചാലും സോളാര്‍ തട്ടിപ്പില്‍ നിന്നും ഇനി അദ്ദേഹത്തെ രക്ഷിക്കാനാവില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കണം. ഹൈക്കോടതിയില്‍ നിന്നും ഇരട്ടപ്രഹരം ലഭിച്ചിട്ടും രാജിവെക്കില്ലെന്ന ധിക്കാരത്തിലാണ് ഉമ്മന്‍ചാണ്ടി. അല്ലെങ്കില്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നതുവരെ എല്‍ഡിഎഫ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് പരിസരത്ത് എല്‍ഡിഎഫ് ആരംഭിച്ച രാപകല്‍ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദക്ഷിണാമൂര്‍ത്തി.
തട്ടിപ്പിനെതിരെ സമരം ചെയ്യുന്നവരെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവിന് തൊട്ടടുത്തുവരെ ടിയര്‍ഗ്യാസ് പൊട്ടിച്ചു. സ്ത്രീകളെയും വെറുതെവിടുന്നില്ല. കരിങ്കൊടി കാണിച്ചാല്‍ കൂത്തുപറമ്പ് ആരംഭിക്കുമെന്നാണ് ഭീഷണി. ഇതുകൊണ്ടൊന്നും അധികാരത്തില്‍ തുടരാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ട. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ നല്‍കിയത്. എന്നിട്ടും രണ്ട് ബെഞ്ചില്‍ നിന്നും കടുത്ത വിമര്‍ശനമാണുണ്ടായത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എല്‍ഡിഎഫ് മാത്രമല്ല. യുഡിഎഫിലെ ഘടകകക്ഷികള്‍ തന്നെ ആവശ്യപ്പെടുകയാണ്. പുറമെ ശാന്തമാണെങ്കിലും ഉള്ളില്‍ ശക്തമായ അടിയൊഴുക്കാണ്. പി സി ജോര്‍ജ് അടക്കം പറഞ്ഞു കഴിഞ്ഞു. കോടതി പരാമര്‍ശത്തെ കുറിച്ച് രണ്ട് തവണ കരുണാകരന്‍ രാജിവെച്ചത് വെറുതെയായിപോയെന്ന് മുരളീധരന്‍ പറയുന്നു. ഇതെല്ലാം അവഗണിക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു.

Latest