Connect with us

Ongoing News

വ്രതം ഒരു ചികിത്സയും പ്രതിരോധവും

Published

|

Last Updated

പുരാതന ഈജിപ്ത്, ഗ്രീസ്, മെഡിറ്ററേനിയന്‍ മേഖല, അറേബ്യ തുടങ്ങി എല്ലാ പൗരാണിക- നാഗരിക സമൂഹങ്ങളിലും നിലനിന്നിരുന്ന ഒരനുഷ്ഠാനമാണ് നോമ്പ്. അതിന്റെ രീതിയിലും ദിവസങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു എന്നു മാത്രം. ഈസ്റ്റര്‍ വ്രതവും ഏകാദശി നോമ്പും ജൈനരുടെ നിര്‍വാണയും ഇവയില്‍ ചിലതാണ്.

“” ഓ വിശ്വാസികളെ, ഗതകാല സമൂഹങ്ങളില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തരാകാന്‍ വേണ്ടി”” (ഖുര്‍ആന്‍). ഗതകാല പ്രവാചകന്മാരുടെ ചരിത്രങ്ങളിലധികവും നോമ്പിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ കാണാം.

മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും നോമ്പനുഷ്ഠിക്കാറുണ്ട്. ചില മൃഗങ്ങള്‍ ഇണ ചേരുന്ന സീസണിലും ശരീരത്തിന് വല്ല മുറിവ് സംഭവിച്ചാലും ദിവസങ്ങളോളം ഭക്ഷണമുപേക്ഷിക്കാറുണ്ട്. ദിവസങ്ങളോളം ഭക്ഷണമുപേക്ഷിച്ച് മാളങ്ങളില്‍ ഒതുങ്ങിക്കൂടുന്ന മൃഗങ്ങളുടെയും ചില സൂക്ഷ്മ ജീവികളുടെയും HIBERNATION എന്ന വ്രതം വിഖ്യാതമാണ്. ചില ഇനം ചിലന്തികള്‍ പ്രസവാനന്തരം ആറ് മാസത്തോളം ഭക്ഷണമുപേക്ഷിക്കുന്നു. അങ്ങനെ നോമ്പിന്റെ പ്രാധാന്യം മനുഷ്യരെപ്പോലെ ഒരുവേള മനുഷ്യരെക്കാളും മൃഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

1963ല്‍ ഉത്തര ബ്രിട്ടീഷ് കൊളംബിയയിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് പൈലറ്റായ റാള്‍ഫ് ഫ്‌ളോറസും സഹ പൈലറ്റ് ഹെലര്‍ ക്ലാബനും കൊളംബിയയുടെ മഞ്ഞുമലകളില്‍ ഭക്ഷണങ്ങളൊന്നുമില്ലാതെ 49 ദിവസം കഴിച്ചു കൂട്ടിയത് അക്കാലത്തെ വലിയ വാര്‍ത്തയായിരുന്നു. ഭക്ഷണങ്ങളൊന്നും ലഭിക്കാതെയുള്ള പൂര്‍ണ പട്ടിണിയായിരുന്നു (Starvation) അവര്‍ അനുഭവിച്ചത്. എന്നാല്‍ പട്ടിണിയും നോമ്പും (Fasting) തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പട്ടിണി മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുമ്പോള്‍ നോമ്പ് ആരോഗ്യം വര്‍ധിപ്പിക്കുന്നു. വെള്ളം മാത്രം കുടിച്ചുള്ള വാട്ടര്‍ ഫാസ്റ്റ് (Water Fast), ജ്യൂസുകള്‍ മാത്രം കഴിച്ചുള്ള ജൂസ് ഫാസ്റ്റ് (Juice Fast), പഴങ്ങള്‍ മാത്രം കഴിച്ചുള്ള ഫ്രൂട്ട് ഫാസ്റ്റ് (Fruit Fast), പച്ചക്കറികള്‍ മാത്രം കഴിച്ച് മാംസവും മത്സ്യവും ഉപേക്ഷിച്ചുള്ള വെജിറ്റേറിയന്‍ ഫാസ്റ്റ് (Vegitarian Fast) തുടങ്ങി പല രീതിയിലുള്ള വ്രതങ്ങളും ലോകത്ത് നിലവിലുണ്ട്.

“നോമ്പ് ഒരു പരിചയാണെ”ന്ന പ്രവാചക വചനം ആരോഗ്യ പരമായി വീക്ഷിക്കുമ്പോള്‍ വളരെ ശരിയാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു. മനുഷ്യശരീരത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതുമായ ആരോഗ്യം വീണ്ടെടുക്കാന്‍ നോമ്പ് നല്ല ഉപാധിയാണ്. മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പഠനങ്ങള്‍ ഭക്ഷണ നിയന്ത്രണത്തിനുതകുന്ന വ്രതം ഏറ്റവും നല്ല ആരോഗ്യ പരിചയാണെന്ന് തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിലെ മിതത്വത്തിന്റെ മേന്മകളറിയാന്‍ ലണ്ടനില്‍ എലികളില്‍ ഒരു പഠനം നടത്തുകയുണ്ടായി. ഒരു കൂട്ടം വെള്ള എലികള്‍ക്ക് വയറ് നിറയെ ഭക്ഷണം നല്‍കി. മറ്റൊരു ഗ്രൂപ്പിന് കുറഞ്ഞ ഭക്ഷണവും നല്‍കി. ഫലം പുറത്ത് വന്നപ്പോള്‍ വയറ് നിറയെ ഭക്ഷണം ലഭിച്ച എലികളേക്കാള്‍ മിതഭക്ഷണം ലഭിച്ച എലികള്‍ 40 ശതമാനം കൂടുതല്‍ ജീവിച്ചതായി കണ്ടെത്തി. ആയുസ്സ് വര്‍ധിപ്പിക്കാനുള്ള സിദ്ധഔഷധമാണ് നോമ്പെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.

റമസാനിലെ വ്രതം മറ്റു മതങ്ങളിലെയും ദര്‍ശനങ്ങളിലെയും വ്രതങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള അന്നപാനീയങ്ങളുടെ പൂര്‍ണ വര്‍ജനമാണ് ഓരോ വ്യക്തിയും മണിക്കൂറുകളോളം പൂര്‍ണ പട്ടിണിയിലായിരിക്കും. മനുഷ്യനു സാധാരണ ജോലികള്‍ ചെയ്യാനും പ്രവര്‍ത്തിക്കാനും ഊര്‍ജം ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് അത് ലഭിക്കുന്നത്. പട്ടിണി കിടക്കുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം ആദ്യമായി ലഭിക്കുന്നത് ശരീരത്തില്‍ ശേഖരിച്ചു വെച്ച ഗൈക്കോളജിനില്‍ (ഏഹ്യരീഴലി) ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ ശേഖരിക്കപ്പെട്ട രൂപം) നിന്നാണ്. സാധാരണ ഒരാളുടെ ലിവറില്‍ 50 – 70 ഗ്രാം വരെയാണ് ഇങ്ങനെ ശേഖരിക്കപ്പെടുന്ന ഗൈക്കോജന്‍ ഉണ്ടാവുക. ചുരുങ്ങിയ സമയത്തേക്ക് ചെറിയ ജോലികള്‍ ചെയ്യാനേ അത് തികയൂ. പിന്നീട് ആവശ്യമായി വരുന്ന ഊര്‍ജത്തിന് ശരീരം ആശ്രയിക്കുന്നത് കൊഴുപ്പിനെയാണ്. (എഅഠ) ശരീരത്തില്‍ വയറിന്റെ അടിഭാഗം, കരള്‍, പേശികള്‍, രക്തക്കുഴലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊഴുപ്പുകളുടെ ശേഖരമുള്ളത്. കൊളസ്‌ട്രോളും ഒരിനം കൊഴുപ്പാണ്.

നോമ്പുകാലത്ത് നാം ഏതാണ്ട് 13-14 മണിക്കൂര്‍ പട്ടിണി കിടക്കുമ്പോള്‍ ഊര്‍ജോത്പാദനത്തിന് ധാരാളം കൊഴുപ്പുകള്‍ ഉപയോഗപ്പെടുത്തുകയും തന്മൂലം കൊഴുപ്പ് കാരണമുണ്ടാകുന്ന പൊണ്ണത്തടി, പ്രമേഹം, പ്രഷര്‍, ഹാര്‍ട്ട് അറ്റാക്ക്, സന്ധികളുടെ തേയ്മാനം തുടങ്ങിയവയില്‍ നിന്ന് ശരീരം രക്ഷനേടുകയും ചെയ്യുന്നു. ഇന്ന് നാം കണ്ടുവരുന്ന ഒട്ടുമിക്ക രോഗങ്ങളുടെയും പ്രധാന ഹേതു അമിത പോഷണമാണ്. നോമ്പിലൂടെ അമിത ഭക്ഷണത്തിന് നിയന്ത്രണം വരികയും ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അനന്തമായി നോമ്പ് നീണ്ടാല്‍ പട്ടിണിമൂലമുണ്ടാകുന്ന രോഗങ്ങള്‍, പ്രത്യേകിച്ചും (Starvation Acidosis) എന്ന രോഗാവസ്ഥ ശരീരത്തിന് സംജാതമാകും. എന്നാല്‍ മുസ്‌ലിംകള്‍ അനുഷ്ഠിക്കുന്ന നോമ്പ് കടുത്ത പട്ടിണിയിലേക്ക് എത്തുന്നില്ല. മറിച്ച്, ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താന്‍ ഉതകുന്ന അവസ്ഥയിലെത്തിച്ചേരുകയും ചെയ്യുന്നു.

ശരീരത്തിന്റെ തൂക്കം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് നോമ്പെന്ന് വര്‍ഷങ്ങളോളം നോമ്പിനെ പറ്റി പഠനം നടത്തിയ ജോര്‍ജിയക്കാരനായ ഡോ. ലിയോസ്തമും പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയിലെ ഡോ. ഗാര്‍ഹഡ് ഡങ്കനും അഭിപ്രായപ്പെടുന്നു. 45 കൊല്ലത്തോളം വ്രതത്തിന്റെ ആരോഗ്യപരമായ നേട്ടങ്ങളെ സംബന്ധിച്ച് പഠനം നടത്തിയ, “എമേെശിഴ ഇമഹശ മെ്‌ല ഥീൗൃ ഘശളല” എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ. ഹെര്‍ബര്‍ട്ട് എം ഷെല്‍ട്ടണ്‍ തൂക്കം കുറയ്ക്കാനും പൊണ്ണത്തടി ഒഴിവാക്കാനും ഏറ്റവും നല്ലതും ലളിതവുമായ മാര്‍ഗമായി നോമ്പിനെ നിര്‍ദേശിക്കുന്നു.

പ്രമേഹരോഗികളില്‍ ഭാരം കുറയുന്നതോടെ കഴിക്കുന്ന ഗുളികകളുടെയും ഇന്‍സുലിന്റെയും അളവ് കുറയ്ക്കാനും ശരീരത്തില്‍ തന്നെയുള്ള ഇന്‍സുലിന്‍ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിപ്പിക്കാനും ഇടവരുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോഗ നിവാരണത്തിന് നോമ്പ് ഒരു ദിവ്യ ഔഷധമാണ്. അമിത ഭക്ഷണം, വ്യായാമക്കുറവ്, പുകവലി തുടങ്ങിയവയാണ് പ്രമേഹ രോഗത്തിന്റെ മുഖ്യ കാരണങ്ങള്‍. റമസാനിലെ സുദീര്‍ഘമായ തറാവീഹ് നിസ്‌കാരം ശരീരത്തിന് നല്ല വ്യായാമവും നല്‍കുന്നു.
ഗ്യാസ്ട്രബിളിനും ആമാശയത്തിലെ അള്‍സര്‍ രോഗത്തിനും നോമ്പ് ഔഷധമാണ്. ആമാശയത്തില്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രോക്ലോറിക് ആസിഡാണ് ഈ അസുഖത്തിന്റെ പ്രധാന ഹേതു. ആമാശയത്തില്‍ ഹൈഡ്രോ ക്ലോറിക്ആസിഡും മറ്റു രാസപദാര്‍ഥങ്ങളും വ്യത്യസ്ത ഘട്ടങ്ങളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഭക്ഷണത്തോടുള്ള ആര്‍ത്തിയും ഇഷ്ടവും തോന്നുന്ന ഘട്ടത്തിലാണ് ഇത് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുക. നാം ഇഷ്ടപ്പെട്ട ഭക്ഷണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ വായില്‍ ഉമിനീര്‍ നിറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ; അതേ ഘട്ടത്തില്‍ തന്നെ നമ്മുടെ ആമാശയത്തില്‍ ആസിഡും ധാരാളമായി നിറയുന്നു. ഭക്ഷണം അകത്തെത്തുമ്പോഴും ഇതിന്റെ ഉത്പാദനം നടക്കുന്നുണ്ട്. യഥാര്‍ഥ നോമ്പുകാരന് ഭക്ഷണത്തോട് ആര്‍ത്തിയോ ഭക്ഷണം കഴിക്കണമെന്ന മോഹമോ ഉണ്ടാകില്ല. അതുകൊണ്ട് ആസിഡിന്റെ ഉത്പാദനം കുറവായിരിക്കും. ഇതുമൂലം ഗ്യാസ്ട്രബിള്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. മാത്രമല്ല, വയറ്റിലെ പുണ്ണ് കരിയുകയും ചെയ്യും. എന്നാല്‍ പൂര്‍ണമായും ദൈവ സമര്‍പ്പിതമല്ലാത്ത നോമ്പുകാര്‍ക്ക് ഭക്ഷണത്തോടുള്ള താത്പര്യം കൂടുതലായിരിക്കും. തന്മൂലം ആസിഡ് ഉത്പാദനം കൂടുകയും അവര്‍ അള്‍സര്‍ രോഗികളായി മാറുകയും ചെയ്യുന്നു. പൂര്‍ണമായും അല്ലാഹുവില്‍ സമര്‍പ്പിതമായ നോമ്പുകൊണ്ടേ ആരോഗ്യപരമായ പരിരക്ഷ ലഭിക്കൂ.

അമിതാഹാരം ശരീരത്തിന് അതിവേഗം വാര്‍ധക്യം സമ്മാനിക്കും. ഭക്ഷണത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വിഷാംശങ്ങളായ ഫ്രീറാഡിക്കല്‍സ് (Free Radicals) ആണ് ഇതിന് കാരണം. കൂടുതല്‍ ഭക്ഷിക്കുമ്പോള്‍ ഫ്രീ റാഡിക്കല്‍സിന്റെ അളവ് കൂടും. തന്മൂലം വാര്‍ധക്യം പെട്ടെന്ന് ബാധിക്കും. നോമ്പ് ശരീരത്തിനും മനസ്സിനും പൂര്‍ണ വിശ്രമം നല്‍കുന്നു. ശരീരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുകയും ശരീരത്തില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങളെ പുറം തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഡോ. ഹെര്‍ബര്‍ട്ട് എം ഷെല്‍ട്ടണ്‍ ഒട്ടനവധി അസുഖങ്ങള്‍ക്ക് പരിഹാരമായി നോമ്പിനെ നിര്‍ദേശിക്കുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളില്‍ എക്‌സിമ, അര്‍ട്ടിക്കേരിയ, വരിക്കോസ് അള്‍സര്‍, കുടലിലെ പഴുപ്പ്, സോറിയാസിസ്, അപ്പന്റിസൈറ്റിസ്, മൂത്രസഞ്ചിയിലെയും

പിത്തസഞ്ചിയിലെയും കല്ലുകള്‍, മൈഗ്രേന്‍ (Migrain) എന്ന തലവേദന, സ്തനങ്ങളിലെ മുഴകള്‍, അപസ്മാരം, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം നോമ്പ് വലിയ പരിഹാരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. “”നിങ്ങള്‍ നോമ്പെടുക്കൂ ആരോഗ്യവാന്മാരാകൂ”” എന്ന പ്രവാചക പ്രഖ്യാപനം എത്രമാത്രം അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. മനുഷ്യനെ ആരോഗ്യവാനാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് നോമ്പെന്നും അവനെ പീഡിപ്പിക്കാനുള്ളതല്ലെന്നും ചുരുക്കം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ. നമ്മുടെ പലരുടെയും നോമ്പുകൊണ്ട് ഇത്തരം ഒരു ആരോഗ്യ പരിരക്ഷ കിട്ടുന്നില്ല. മാത്രമല്ല, റമസാന്‍ കാലത്ത് പലരും രോഗികളാവുകയും ചെയ്യുന്നു. കാരണം നോമ്പു തുറക്കുമ്പോഴും തറാവീഹ് നിസ്‌കാരത്തിന് ശേഷവും അത്താഴ സമയത്തും കുടിശ്ശിക സഹിതം തിന്നു തീര്‍ക്കുന്നവരാണ് പലരും. പുതിയാപ്ല സല്‍ക്കാരത്തിനും മറ്റു പല സല്‍ക്കാരങ്ങള്‍ക്കും നാം തിരഞ്ഞെടുക്കുന്നതും ഈ മാസം തന്നെയാണ്.

റമസാന്‍ ഒരു പരിശീലന ഘട്ടമാണ്. പട്ടിണി കിടക്കുമ്പോഴാണല്ലോ നമുക്ക് കൂടുതല്‍ വിഷമങ്ങളും പ്രയാസങ്ങളും വികാര വിക്ഷോഭങ്ങളും ഉണ്ടാകുന്നത്. അങ്ങിനെ ഏറ്റവും പ്രതികൂല സാഹചര്യത്തില്‍ നിന്നുകൊണ്ട് തന്നെ സഹിക്കാനും ക്ഷമിക്കാനും ശീലിക്കുക വഴി മാനസിക ഔന്നത്യത്തിലേക്ക് കയറാന്‍ വ്രതം മുഖേന സാധിക്കുന്നു.

നോമ്പുകാലം നമ്മുടെ ജീവിതശൈലി തന്നെ മാറ്റിമറിക്കുന്നു. ഭക്ഷണക്രമങ്ങള്‍ മാറുന്നത് പോലെ തന്നെ നമ്മുടെ ശീലങ്ങളും മാറുകയാണ്. പകലന്തിയോളം പുകവലിച്ചവനും മുറുക്കിയവനും മദ്യപിച്ചവനും അതെല്ലാം നിര്‍ത്തുന്നു. ദുശ്ശീലങ്ങള്‍ അവസാനിപ്പിച്ച് നല്ല മനുഷ്യരാകാന്‍ വ്രതം അത്തരക്കാരെ സഹായിക്കുന്നു. എന്നാല്‍ പല പുകവലിക്കാരും നോമ്പ് തുറക്കുമ്പോള്‍ കുടിശ്ശിക സഹിതം വലിച്ചു തീര്‍ക്കുന്നവരാണ്. അവര്‍ക്ക് റമസാന്‍ ഒരു മാറ്റത്തിന്റെ മാസമാക്കാന്‍ സാധിക്കുന്നില്ല.
ഒരു സാമൂഹിക മാറ്റത്തിന്റെ കാലഘട്ടം കൂടിയാണ് റമസാന്‍ . പട്ടിണിയും പ്രയാസവും അനുഭവിക്കുക വഴി സഹചരോട് കാരുണ്യവും ദയയും കാണിക്കാന്‍ മനസ്സുകളെ പ്രാപ്തരാക്കുന്നു ഈ മാസം. ജീവിതത്തില്‍ ഒരിക്കലും വിശപ്പിന്റെ വിളി അറിയാത്തവന് എങ്ങനെയാണ് അന്യന്റെ പട്ടിണി പ്രയാസം അറിയാന്‍ കഴിയുക. പണക്കാരനെയും പാവപ്പെട്ടവനെയും സമന്മാരാക്കുന്ന മാസമാണിത്. മഹാരാജാവും ധനാഢ്യനും കൂലിപ്പണിക്കാരനും യാചകനുമെല്ലാം ഒന്നിച്ച് പട്ടിണി കിടക്കുന്ന മാസം. മനുഷ്യന്റെ വിശപ്പിന്റെ വിളിയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സ്വയം അനുഭവിച്ചറിയുന്ന വേള. ഇതിനെല്ലാമുപരി മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പാരത്രിക മോക്ഷം സാക്ഷാത്കരിക്കാനുള്ള മാസവും. ഇങ്ങനെ ശാരീരികവും മാനസികവും സാമൂഹികവും ആധ്യാത്മികവുമായ മേഖലകളിലെല്ലാം മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശേണ്ട അപൂര്‍വ സന്ദര്‍ഭമാണ് റമസാന്‍.

 

Latest