കാതിക്കുടം: 400 പേര്‍ക്കെതിരേ കേസ്

Posted on: July 22, 2013 11:58 pm | Last updated: July 22, 2013 at 11:58 pm

ചാലക്കുടി:കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട് 400 ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസിനു നേരെ ആക്രമണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല. ചാലക്കുടിയിലടക്കം ജില്ലയിലെല്ലായിടത്തും സ്വകാര്യ ബസുകളും വാഹനങ്ങളും നിരത്തിലിറങ്ങി. കടകളും തുറന്നു. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിച്ചു.

മണ്ണംപ്പേട്ടയില്‍ കല്ലേറിനെ തുടര്‍ന്ന് സ്വകാര്യ ബസിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് ബസിനു കല്ലെറിഞ്ഞത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാട്ടികയിലും സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായി.
ചാലക്കുടി പുഴയെ മലിനമാക്കുന്ന എന്‍ ജി ഐ എല്‍ (നിറ്റാ ജലാറ്റിന്‍)കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയ സമര സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലീത്തി വീശിയിരുന്നു. സംഭവത്തില്‍ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരും ആശുപത്രികളില്‍ ചികിത്സയിലാണ്. സമരസമിതിയിലുള്‍പ്പെട്ടവരെ വീടുകളില്‍ കയറിയും പോലീസ് ആക്രമിച്ചതായി പരാതിയുണ്ട്.
അതിനിടെ, കമ്പനിയുടെ പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ കമ്പനിക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷാവസ്ഥ പരിഗണിച്ചാണ് കമ്പനി അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടത്.