വടകരയില്‍ കടലാക്രമണം രൂക്ഷം; നൂറില്‍പ്പരം വീടുകള്‍ ഭീഷണിയില്‍

Posted on: July 22, 2013 8:01 am | Last updated: July 22, 2013 at 8:01 am

വടകര: നഗര പരിധിയിലെ 470 വാര്‍ഡില്‍ മുകച്ചേരി ഭാഗത്ത് കടലാക്രമണം രൂക്ഷമായി. നൂറില്‍പ്പരം വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. 250 മീറ്റര്‍ നീളത്തില്‍ നൂറു മീറ്ററോളം ഭാഗം കടലെടുത്തു.
കടല്‍ ഭിത്തി നിര്‍മിച്ച ഭാഗവും തകര്‍ന്നു. ഇവിടെ പുറമ്പോക്ക് ഭൂമിയിലെ പതിനഞ്ചോളം വീടുകള്‍ ഭീഷണിയിലാണ്. കടല്‍ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണ് 85ഓളം വീടുകള്‍ ഭീഷണി നേരിടുന്നത്. മുകച്ചേരി മത്സ്യ മാര്‍ക്കറ്റ് – ആവിക്കല്‍ത്തോട് റോഡ് പാടെ തകര്‍ന്നു. മൂന്ന് മാസം മുന്‍പാണ് ഈ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയത്. പാക്കയില്‍ ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റി പൈപ്പിന്റെ അഞ്ച് വീടുകളിലേക്കുള്ള പൈപ്പ ്‌ലൈനും ഒരു പൊതുടാപ്പും തകര്‍ന്നു. പൈപ്പ് ലൈന്‍ തകര്‍ന്നതോടെ ഈ ഭാഗത്ത് കുടിവെള്ളവും നിലച്ചു.
ആവിക്കല്‍ ഭാഗത്തും മത്സ്യ മാര്‍ക്കറ്റ് പരിസരത്തുമുള്ള രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും നിലച്ചു. നെട്ടൂര്‍ വീട്ടില്‍ സഫിയ, കാഞ്ഞിരാട്ട് കുഞ്ഞീബി, പള്ളിത്താഴ നഫീസ, പഴയ കരകെട്ടി നിസ്സാര്‍, സഫീര്‍, നിസ്സാര്‍, മേലത്ത് മുഹമ്മദ്, പുതിയ പുരയില്‍ സുഹ്‌റ, മൊയിലോത്ത് ഷക്കീന, പുതിയപുരയില്‍ നസീമ എന്നിവരുടെ വീടുകളാണ് ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലുള്ളത്.