അനുഗ്രഹത്തിന്റെ പത്തിന് സമാപ്തി; റമസാന്‍ പാപമോചനത്തിന്റെ പത്തില്‍

Posted on: July 19, 2013 7:00 pm | Last updated: July 19, 2013 at 5:35 pm

RAMADAN-570

കോഴിക്കോട്: കാരുണ്യത്തിന്റെ മാലാഖമാര്‍ വിണ്ണിലിറങ്ങിയ വിശുദ്ധ റമസാന്റെ ആദ്യ പത്തിന് പരിസമാപ്തി. ഇനി പാപപങ്കിലമായ ഹൃദയം ശുദ്ധീകരിക്കാനുള്ള പത്ത് ദിനങ്ങള്‍. കഴിഞ്ഞ കാലങ്ങളില്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും സര്‍വശക്തന് മുന്നില്‍ നിരത്തി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പാപമോചനം തേടേണ്ട നാളുകളാണ് വിശ്വാസികള്‍ക്ക് റമസാനിലെ രണ്ടാമത്തെ പത്ത്.

തെറ്റ് കുറ്റങ്ങള്‍ക്ക് മാപ്പിരക്കാന്‍ റമസാനിനേക്കാള്‍ സ്രേഷ്ടമായ സമയം വേറെയില്ല. അതില്‍ തന്നെ രണ്ടാമത്തെ പത്താണ് പാപമോചനത്തിന് വേണ്ടി പ്രത്യേകം സംവിധാനിച്ചിരിക്കുന്നത്. ഈ സമയം തൗബയുടെ കവാടങ്ങള്‍ അല്ലാഹു മലര്‍ക്കെ തുറന്നിടും. ആര്‍ക്കും അതുപയോഗപ്പെടുത്താം. അല്ലാഹു പൊറുക്കാത്ത ഒരു തെറ്റുമില്ല. കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിനോട് മനസ്സുരുകി, ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ്, ഇനി ആവര്‍ത്തിക്കില്ലെന്ന് ദൃഢപ്രതിജ്ഞയുമെടുത്ത് മാപ്പിരന്നാല്‍ അവന്‍ സ്വീകരിക്കുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ ഈ അസുലഭ അവസരം പരമാവധി മുതലെടുക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തിന്മക്കെതിരായ നന്മയുടെ വിജയം, വിശുദ്ധ ബദ്ര്‍ യുദ്ധം നടന്നതും റമസാനിലെ രണ്ടാമത്തെ പത്തിലാണ്. സര്‍വായുധ സജ്ജരായ ആയിരത്തോളം വരുന്ന ഖുറൈശികള്‍ക്കെതിരെ പ്രവാചകരും അനുയായികളുമടങ്ങിയ 313 അംഗ സംഘം നടത്തിയ ധര്‍മപോരാട്ടം ഐതിഹാസിക വിജയം വരിച്ചത് റമസാന്‍ 17നായിരുന്നു. ആ സ്മരണകള്‍ അയവിറക്കി വിശ്വാസികള്‍ അന്ന് വിവിധ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും.