ഇങ്ങനെയുമുണ്ടോ ഒരു തമാശ

Posted on: July 12, 2013 12:16 am | Last updated: July 12, 2013 at 12:18 am

vs2സത്യം സംരക്ഷിക്കാന്‍ താന്‍ തന്നെ അധികാരത്തില്‍ തുടരണം എന്ന മുഖ്യമന്ത്രിയുടെ ഇന്നലെത്തെ പ്രസ്താവന സമീപകാലത്തെ ഏറ്റവും വലിയ തമാശയാണ്. വാസ്തവത്തില്‍ സത്യം പുറത്തുവരാതിരിക്കാനും തെളിവ് നശിപ്പിക്കാനും അതുവഴി ജയില്‍വാസത്തില്‍ നിന്ന് രക്ഷപ്പെടാനുമാണ് ഉമ്മന്‍ ചാണ്ടി കസേരയില്‍ കടിച്ചുതൂങ്ങുന്നത്.

തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്ന നാള്‍ മുതല്‍ നിയമസഭയോടും ജനങ്ങളോടും പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ബിജു രാധാകൃഷ്ണനുമായുളള കൂടിക്കാഴ്ച അയാള്‍ വെളിപ്പെത്തുന്നതുവരെ മുഖ്യമന്ത്രി മറച്ചുവെച്ചു. തന്റെ തട്ടിപ്പു കമ്പനി നിലനിര്‍ത്താന്‍ മുഖ്യമന്ത്രി സഹായിച്ചു എന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി ഇതേവരെ നിഷേധിച്ചിട്ടില്ല. ബിജു രാധാകൃഷ്ണനുമായി എന്താണ് സംസാരിച്ചതെന്ന കാര്യം നിയമസഭയില്‍ പോലും വെളിപ്പെടുത്തില്ലെന്നാണ് മുഖ്യമന്ത്രി വാശിപിടിക്കുന്നത്. തട്ടിപ്പുകാരന്‍ ബിജു രാധാകൃഷ്ണനും പുതുപ്പള്ളിക്കാരന്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയായിരുന്നില്ല അത്. തട്ടിപ്പുകാരന്‍ കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടാണ് പ്രത്യേക അപ്പോയ്‌മെന്റ് എം ഐ ഷാനവാസ് വഴി തരപ്പെടുത്തി അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ സംസാരിച്ചത്. ഇത് എന്താണെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കും അത് തുറന്നുപറയാനുളള ബാധ്യത മുഖ്യമന്ത്രിക്കും ഉണ്ട്. അതില്‍ നിന്ന് അദ്ദേഹത്തിന് ഒളിച്ചോടാന്‍ കഴിയില്ല. കുടുംബകാര്യമാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ തട്ടിപ്പുകാരന്‍ ബിജു രാധാകൃഷ്ണനും തട്ടിപ്പുകാരി സരിത എസ് നായരും തമ്മിലുളള എന്ത് കുടുംബ തട്ടിപ്പിനാണ് മുഖ്യമന്ത്രി മധ്യസ്ഥനായതെന്ന് അദ്ദേഹം ഇനിയെങ്കിലും തുറന്നുപറയണം.
ശ്രീധരന്‍ നായര്‍ക്ക് ക്രെഡിബിലിറ്റി ഇല്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി ചെയ്തത്. സരിതയെ അറിയുമോ എന്ന് ഇന്നലെയും പത്രക്കാര്‍ ചോദിച്ചു. അറിയും എന്നോ, അറിയില്ല എന്നോ മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പലരും വന്ന കൂട്ടത്തില്‍ അവരും വന്ന് നിവേദനം തന്നിരിക്കാമെന്നാണ് മറുപടി. ഇതില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? മുഖ്യമന്ത്രി സരിതയെ അറിയുമെന്നോ, അറിയില്ലെന്നോ?
ടീം സോളാര്‍ കമ്പനിക്ക് കത്ത് നല്‍കിയിരുന്നോ എന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. കത്തിന്റെ പ്രിന്റൗട്ട് എടുത്ത കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ആളെ കസ്റ്റഡിയില്‍ എടുത്തശേഷം കള്ളത്തരം പൊളിഞ്ഞില്ലേ എന്നാണ് മുഖ്യമന്ത്രിയുടെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസും പേഴ്‌സണല്‍ സ്റ്റാഫും ഓഫീസിലെയും വീട്ടിലെയും ഫോണുകളുമെല്ലാം തട്ടിപ്പിന്റെ ഉപകരണങ്ങളായിരുന്നു എന്നു സമ്മതിക്കുന്ന മുഖ്യമന്ത്രിയാണ് ലെറ്റര്‍പാഡിനെപ്പറ്റി ഇത്തരമൊരു വാദം ഉന്നയിക്കുന്നത്? ആ കത്തില്‍ എങ്ങനെ സെക്രട്ടേറിയറ്റിലെ ഫയല്‍നമ്പര്‍ വന്നു?
തന്റെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് സി ഡിറ്റാണെന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത കള്ളവാദം. അനെര്‍ട്ടിന്റെ എംപാനല്‍ ലിസ്റ്റിലില്ലാത്ത ഒരു സ്വകാര്യ സ്ഥാപനമാണ് അവിടെ സോളാര്‍പാനല്‍ സ്ഥാപിച്ചിരിക്കുന്നത്. എന്തുകൊണ്ട് എംപാനല്‍ ചെയ്ത കമ്പനികളെ ഒഴിവാക്കി?
കുടുംബാംഗങ്ങളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് വേദനാജനകമാണെന്ന് മുതലക്കണ്ണീര്‍ വാര്‍ക്കുന്ന മുഖ്യമന്ത്രി ഡല്‍ഹിയിലെ സഹായി പാവം പയ്യന്‍ തോമസ് കുരുവിള ആരാണെന്നും, അയാളുടെ ധനസ്രോതസ്സ് എന്താണെന്നും അയാള്‍ എങ്ങനെയാണ് ഡല്‍ഹിയില്‍ രാജപ്രൗഢിയോടെ വാഴുന്നതെന്നും എന്തേ ഇപ്പോഴും തുറന്നുപറയുന്നില്ല? അയാളുടെ ധനസ്രോതസ്സ് മാത്രമല്ല, ധനവിനിയോഗവും അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അതുപോലെ വെസ്റ്റ്‌വിന്‍ഡ് കോര്‍പ്പറേറ്റ്‌സ് എന്ന സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കണം. ശ്രീധരന്‍ നായരെ ആറ് ദിവസം കാണാനില്ലായിരുന്നുവെന്നും അദ്ദേഹത്തെ പ്രതിപക്ഷം സ്വാധീനിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചിട്ടുണ്ട്. ആരുടെ സ്വാധീനമാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാന്‍, അദ്ദേഹം പത്തനംതിട്ട ഡി സി സി പ്രസിഡന്റ് മോഹന്‍രാജിന്റെ ആ ദിവസങ്ങളിലെ സന്ദര്‍ശകരെക്കുറിച്ചും അദ്ദേഹത്തിന്റെ ഫോണ്‍വിളികളും യാത്രകളും സംബന്ധിച്ച രേഖകളും അന്വേഷിച്ചാല്‍ ഇതിന്റെ പിന്നിലെ കള്ളക്കളികള്‍ വെളിച്ചത്തുവരും. അതിന് ഉമ്മന്‍ ചാണ്ടിക്ക് ധൈര്യമുണ്ടോ എന്നാണ് ഞാന്‍ ചോദിക്കുന്നത്.
എ കെ ആന്റണിക്ക് വന്നിരിക്കുന്ന മാറ്റവും ശ്രദ്ധേയമാണ്. പ്രതിരോധ വകുപ്പിലെ അഴിമതിയും ടൂജി, ത്രീജി, കല്‍ക്കരി തുടങ്ങി സര്‍വ്വത്ര അഴിമതിയില്‍ മുങ്ങിയ തന്റെ സഹമന്ത്രിമാരെയും കണ്ടുമടുത്ത ആന്റണിക്ക് ഇപ്പോള്‍ പതിനായിരം കോടിയുടെ അഴിമതി ഒരു വിഷയമല്ല. കുറഞ്ഞത് ഒരു ലക്ഷം കോടിയെങ്കിലും ഇല്ലെങ്കില്‍ എന്ത് അഴിമതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ടീംസോളാര്‍ കമ്പനിയുടെ ആസ്ഥാനം ഡല്‍ഹിയിലെ മയൂര്‍ വിഹാറാണെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഒരു മാസമായിട്ടും എന്തേ അന്വേഷണസംഘം ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷിക്കാത്തത്?
ഇന്നലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ക്യാമറകള്‍ പരിശോധിക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ”അവിടെ റെക്കോഡിംഗ് സൗകര്യം ഇല്ലെ”ന്നാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് ഇതേസ്ഥലത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതെന്താണെന്നോ? ”ഏതു ക്യാമറ വേണേലും പരിശോധിക്കാന്‍ അനുവാദം തന്നേക്കാം. എന്തെങ്കിലും തെറ്റായിട്ടുള്ള കാര്യമുണ്ടെങ്കില്‍ അത് എന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ഞാന്‍ നടപടിയെടുക്കും. ഞാനൊരു ക്യാമറയുടെ മുന്നിലിരുന്ന് ഓഫീസിലിരിക്കുന്ന ആളാണ്. അതുകൊണ്ട് എന്നെ സംബന്ധിച്ചോ, എന്റെ ഓഫീസിനെ സംബന്ധിച്ചോ ഇനി എന്തെങ്കിലും വന്നാല്‍ ഏതു ക്യാമറയിലെയും വിവരങ്ങള്‍ നിങ്ങള്‍ക്ക് തരാനും തയ്യാറാണ്. ഇനി അതിന്റെ പേരില്‍ ഒരു വിവാദം വേണ്ട. ശരിക്കും സുതാര്യമായിട്ടുതന്നെ ആയിക്കോട്ടെ. അത് ഏതു ദിവസത്തെ, എവിടത്തെ, ഏതെല്ലാം സ്ഥലത്തെ ക്യാമറ നോക്കണോ, നോക്കിക്കോ”. അന്നുപറഞ്ഞ ഈ വാക്കുകള്‍ കേവലം കയ്യടി നേടാന്‍ വേണ്ടി പറഞ്ഞ കള്ളമായിരുന്നോ? അതോ ഇന്നലെ പറഞ്ഞതായിരുന്നോ കള്ളം?
”ഞാന്‍ രാജിവെച്ചാല്‍ സത്യം തോല്‍ക്കും, തോല്‍ക്കും” എന്നാണ് അദ്ദേഹം പറയുന്നത്. സത്യം കണ്ടെത്താനാണ് താന്‍ നില്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്. മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടീ, കേരളജനത സത്യം കണ്ടെത്തിയിരിക്കുന്നു. അത് നിങ്ങള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നേ പറയാന്‍ കഴിയൂ. താന്‍ ഏതന്വേഷണത്തിനും തയ്യാറാണെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി വീണ്ടും ചുവടുമാറ്റി. ഇന്നലെ പറയാന്‍ ശ്രമിച്ചത് തന്റെ കീഴില്‍ പോലീസ് അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ എന്നാണ്. തനിക്ക് കേവലം ഒരു ഭാരതപൗരന്റെ പരിരക്ഷ മതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത്, ജോപ്പന് കിട്ടിയ പരിരക്ഷ മതി എന്നര്‍ഥം. എങ്കില്‍പിന്നെ ശ്രീധരന്‍ നായരുടെ പരാതിയുടെയും വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാതിരിക്കുന്നതെന്തുകൊണ്ടാണ്?
ഒമ്പത് ദിവസം നിയമസഭയില്‍ അടിയന്തരപ്രമേയമായി ചര്‍ച്ച ചെയ്ത വിഷയമാണിത് എന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത വാദം. ഒമ്പത് ദിവസവും ചര്‍ച്ച അനുവദിച്ചില്ല എന്നത് മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ലേ മുഖ്യമന്ത്രി ചെയ്തത്? എല്ലാം കഴിഞ്ഞ് ഇതെല്ലാം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന പുതിയൊരു പരാതിയും മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്നുണ്ട്. ആരാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും എം പി മാരുടെയും എം എല്‍ എ മാരുടെയും കോള്‍ ലിസ്റ്റ് പുറത്തുവിട്ടത്? അഞ്ച് കോടിയോളം രൂപയുടെ അഴിമതിയാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ തിരുത്തിയതും ഇത് പതിനായിരം കോടി രൂപയുടെ അഴിമതിയാണെന്ന് പറഞ്ഞതും ആരാണ്? ശ്രീധരന്‍ നായരെക്കൊണ്ട് 164 സ്റ്റേറ്റ്‌മെന്റ് എടുപ്പിച്ചത് ആരാണ്? അപ്പോള്‍, എന്തെങ്കിലും ഗൂഢാലോചനയുണ്ടായിട്ടുണ്ടെങ്കില്‍ അത് യു ഡി എഫുകാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയതാണെന്ന് വ്യക്തമാണ്. അതായിരിക്കാം മുഖ്യമന്ത്രി പറയാതെ പറഞ്ഞതും.
ടീംസോളാര്‍ കമ്പനിയില്‍ നിന്ന് 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി കൈപ്പറ്റിയത് സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ രണ്ട് ലക്ഷത്തിന്റെ വണ്ടിച്ചെക്കാണ് നല്‍കിയതെന്നും അതു മടങ്ങിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞ വണ്ടിച്ചെക്ക് ശ്രീധരന്‍നായര്‍ പറഞ്ഞ തീയതിയനുസരിച്ച് 2012 ജൂലൈ 10-ന് നല്‍കിയതാണ്. അതിനും 11 മാസം മുമ്പ് 2011 ആഗസ്റ്റ് എട്ടിനായിരുന്നു ടീം സോളാര്‍ പ്രതിനിധികള്‍ 25 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കിയതായി ചിത്രം പ്രസിദ്ധീകരിച്ചത്. ഇതിന്റെ ഫോട്ടോ അന്നത്തെ പത്രങ്ങളില്‍ വന്നിട്ടുള്ളതുമാണ്. ഇത് വ്യാജമാണെങ്കില്‍ ടീം സോളാറിന്റെ പരസ്യത്തിനുവേണ്ടി മുഖ്യമന്ത്രി എന്തിന് നിന്നുകൊടുത്തു. ഇതിന് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
മജിസ്‌ട്രേറ്റിനു മുന്നിലാണ് 164-ാം വകുപ്പനുസരിച്ച് ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇത് മാറ്റിപ്പറയാനാകില്ല. അതില്‍ മുഖ്യമന്ത്രിയെ സരിതക്കൊപ്പം ഓഫീസിലെത്തി കണ്ടുവെന്ന് മൊഴി നല്‍കിയതായാണ് വാര്‍ത്തകള്‍. അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയില്ല. ആ നാണക്കേടുകൂടി തലയിലേറ്റിവെക്കേണ്ടതുണ്ടോ മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി? അതുകൊണ്ടാണ് നിങ്ങള്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. നിങ്ങള്‍ നിരപരാധിയാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ അക്കാര്യം തെളിയുമല്ലോ? അപ്പോള്‍ നിങ്ങള്‍ക്ക് വിജയശ്രീലാളിതനായി തിരിച്ചുവരികയും ചെയ്യാമല്ലോ. അതല്ലേ സത്യസന്ധനായ ഈ ഭരണാധികാരി ചെയ്യേണ്ടത്? സീസറിന്റെ ഭാര്യ സംശുദ്ധയായിരുന്നാല്‍ പോര, അത് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടണം.
സെല്‍വരാജ് എം എല്‍ എ, സരിത എസ് നായരെയും ശ്രീധരന്‍ നായരെയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ടു എന്ന് കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയിരുന്നു. പിന്നീട് അദ്ദേഹം ഇത് മാറ്റിപ്പറഞ്ഞു. ആരാണ് മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി സെല്‍വരാജിനെക്കൊണ്ടും പിന്നീട് കള്ളം പറയിപ്പിച്ചത്?
സംസ്ഥാന ഭരണത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് മുഖ്യമന്ത്രി. അതായത് എക്‌സിക്യൂട്ടീവിന്റെ തലവന്‍. ഈ എക്‌സിക്യൂട്ടീവിന്റെ ഭാഗമായ പോലീസിന് അതിന്റെ തലവനെ എങ്ങനെ ചോദ്യം ചെയ്യാനാകും? തന്റെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ആരാണ് ഗൂഢാലോചന നടത്തിയത്? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യു ഡി എഫ് നടത്തിയ ഗൂഢാലോചനയാണ് ഈ തട്ടിപ്പുതന്നെ. അതുകൊണ്ടാണ് നിങ്ങള്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത്.