സോളാര്‍: കണ്ണൂരിലും കാസര്‍കോട്ടും തട്ടിപ്പിനിരയായത് 20 ലേറെ പേര്‍

Posted on: July 12, 2013 12:10 am | Last updated: July 12, 2013 at 12:10 am

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിെല സോളാര്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം അവസാന ഘട്ടത്തിെലത്തിയിരിക്കെ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ കാസര്‍കോട്ട് നടത്തിയ തട്ടിപ്പിന്റെ അന്വേഷണവും തളിപ്പറമ്പ് ഡി വൈ എസ് പി കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറ്റെടുത്തു. കാസര്‍കോട്ടെ ഇബ്‌റാഹിം, ഹംസ, മാധവന്‍ നമ്പ്യാര്‍ എന്നിവരില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണമാണ് ഡി വൈ എസ് പി സുദര്‍ശനും സംഘവും ഏറ്റെടുത്തത്.

കോയമ്പത്തൂര്‍ വടവള്ളി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ 2008-2009 കാലഘട്ടത്തിലാണ് സരിതയും ബിജുവും കോയമ്പത്തൂരിലും കാസര്‍ക്കോട്ടുമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോയമ്പത്തൂര്‍ വടവള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂര്‍ മേഖലകളില്‍ 12 പേര്‍ സരിതയുടെയും ബിജുവിന്റെയും തട്ടിപ്പിനിരയായതായി വ്യക്തമായിട്ടുണ്ടെന്ന് ഡി വൈ എസ് പി പറഞ്ഞു. വടവള്ളിയില്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കണ്ടെത്തിയ അന്വേഷണ സംഘം അന്ന് കേസന്വേഷിച്ച സി ബി സി ഐ ഡി. ഡി വൈ എസ് പി ചേലാധരനില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കാറ്റാടി യന്ത്രം തട്ടിപ്പ് കേസില്‍ 2009ല്‍ കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്ത സരിതയും ബിജുവും റിമാന്‍ഡിലായിരുന്നു. പത്ത് ലക്ഷം രൂപയുടെ തട്ടിപ്പാണ് അന്ന് ഈ സംഘം കോയമ്പത്തൂരില്‍ നടത്തിയത്. ഇവര്‍ അറസ്റ്റിലായ വിവരമറിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട്ടെ പവര്‍ ഫോര്‍ യു കമ്പനി ഉടമകള്‍ കോയമ്പത്തൂരിലെത്തി അന്നത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
സരിതയുടെ തട്ടിപ്പ് സംബന്ധിച്ച് 2009ല്‍ തന്നെ കാസര്‍കോട് പോലീസില്‍ പവര്‍ ഫോര്‍ യു കമ്പനി ഉടമകള്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ സരിത പിടിയിലായതോടെ ഇവര്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു.
റിസോര്‍ട്ടുകളില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കാസര്‍കോട്ടെ കമ്പനി. ലക്ഷങ്ങളുടെ ബിസിനസ് കരാറിലാണ് സരിതയുമായി ഇവര്‍ ഏര്‍പ്പെട്ടത്. ഇതിന്റെ അഡ്വാന്‍സായിട്ടാണ് ഒന്നേമുക്കാല്‍ ലക്ഷം രൂപ നല്‍കിയത്. എന്നാല്‍ സരിതയും ബിജുവും കോയമ്പത്തൂരില്‍ അറസ്റ്റിലായതോടെയാണ് ഇവര്‍ തട്ടിപ്പുകാരാണെന്ന് കമ്പനിക്ക് മനസ്സിലായത്. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ സരിതയും ബിജുവും നടത്തിയ തട്ടിപ്പുകേസുകളുടെ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഡി വൈ എസ് പി വ്യക്തമാക്കി. തട്ടിപ്പിനിരയായവരുടെ മൊഴികള്‍ ശേഖരിച്ചുകഴിഞ്ഞു. ഇനി സരിതയുടെയും ബിജുവിന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയും ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുകയുമാണ് പോലീസ് ചെയ്യുക.
കണ്ണൂര്‍ ജില്ലയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ സരിത എസ് നായരുടെ അറസ്റ്റിന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
ജില്ലയില്‍ മൊത്തം 40 ലക്ഷത്തിന്റെ തട്ടിപ്പുകള്‍ നടത്തിയതായി അന്വേഷണ സംഘത്തോട് ഇരുവരും വെളിപ്പെടുത്തിയതായാണ് സൂചന. പേര് തിരിച്ചറിയാതിരിക്കാന്‍ ലക്ഷ്മി നായര്‍ എന്ന പേരിലാണ് കണ്ണൂര്‍ ജില്ലയില്‍ സരിത നായര്‍ തട്ടിപ്പ് നടത്തിയത്. കണ്ണൂരും കാസര്‍കോട്ടുമായി മൊത്തം ഇരുപതിലേറെ പേരാണ് ഇപ്പോള്‍ തട്ടിപ്പിനിരയായിട്ടുളത്.