Connect with us

Palakkad

അട്ടപ്പാടിയില്‍ ആരോഗ്യമേഖലയെ അവഗണിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം

Published

|

Last Updated

അഗളി: അട്ടപ്പാടിയില്‍ ഐ ടി ഡി പി 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ രംഗത്തെ അവഗണിച്ചുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പ്രോജക്ട് ഓഫീസര്‍ പി വി രാധാകൃഷ്ണന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ കീഴില്‍ 28 സബ് സെന്ററുകള്‍, മൂന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, മൂന്ന് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, ഒരു സാമൂഹികാരോഗ്യകേന്ദ്രം, ഒരു ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ചെലവഴിക്കുന്നത് സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള എന്‍ ആര്‍ എച്ച് എമ്മുമാണ്. പട്ടിക വര്‍ഗ വിഭാഗത്തിന്റെ ചികിത്സക്കായി ട്രൈബല്‍ സബ് പ്ലാനില്‍ നിന്നും സര്‍ക്കാര്‍ നിശ്ചിത ശതമാനം പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ട്.
ഇതിന് പുറമെ പട്ടിക വര്‍ഗ വകുപ്പില്‍ നിന്നും ട്രൈബല്‍ ഇന്‍ഷ്വറന്‍സ് ഫണ്ട് നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അനുവദിക്കുന്നുണ്ട്. ആര്‍ എസ് ബി വൈയുടെ പരിധിയില്‍ വരുന്ന ആശുപത്രികള്‍ക്ക് രോഗികളുടെ ചികിത്സക്കായി പ്രത്യേക ഫണ്ടും നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവക്ക് പുറമെ ആവശ്യമായ മരുന്നുകള്‍ക്കും മറ്റും ഐ ടി ഡി പി കൂടി ഫണ്ട് ചെലവഴിക്കേണ്ടതില്ലെന്ന് പ്രോജക്ട് ഓഫീസര്‍ പറഞ്ഞു.
പട്ടിക വര്‍ഗ വകുപ്പ് വിഭാവനം ചെയ്ത് ഫണ്ട് വകയിരുത്തിയ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഐ ടി ഡി പി നടപ്പാക്കുന്നത്. എന്നാല്‍ രോഗികള്‍ക്ക് ചികിത്സാ ധനസഹായം, അവരെ കോട്ടത്തറ, അഗളി ആശുപത്രികളിലേക്കും അവിടെ നിന്ന് പാലക്കാട് ജില്ലാ ആശുപത്രി, കോഴിക്കോട്, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിക്കുന്നതിനും മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുമുളള വാടക, ഐ ടി ഡി പിയുടെ കീഴിലുള്ള ആംബുലന്‍സിന് ടയര്‍, ഇന്ധനം, ഡ്രൈവര്‍മാരുടെ ശമ്പളം, രണ്ട് ഒ പി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം, സിക്കിള്‍സെല്‍ അനീമിയ രോഗം ബാധിച്ചവര്‍ക്കുള്ള ധനസഹായം എന്നിവക്കാണ് ഐ ടി ഡി പി ഫണ്ട് ചെലവഴിക്കുന്നത്.
പട്ടിക വര്‍ഗക്കാരുടെ വിദ്യാഭ്യാസത്തിനാണ് ഏറ്റവും കൂടുതല്‍ തുക ഐ ടി ഡി പി ചെലവഴിക്കുന്നത്. ഭവന നിര്‍മാണം, കാരുണ്യാശ്രമം, അതിക്രമത്തിന് ഇരയായിട്ടുള്ളവര്‍ക്ക് ധനസഹായം, വിവാഹ ധന സഹായം, മിശ്ര വിവാഹ ധനസഹായം, ഓണകിറ്റ് വിതരണം, എസ് ടി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം, ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളുടെ വേതനം, അട്ടപ്പാടി കോ-ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി, വട്ടുലക്കി ഗിരിജന്‍ കോ-ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍, വരുമാന ദായക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍ തുക ചെലവഴിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഓഫീസര്‍ പറഞ്ഞു.

 

---- facebook comment plugin here -----