Connect with us

Gulf

യാത്രക്കാര്‍ക്ക് അബുദാബി പോലീസിന്റെ ഇഫ്താര്‍ കിറ്റ്‌

Published

|

Last Updated

അബുദാബി: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളെയും കാല്‍ നടയാത്രക്കാരെയും തടഞ്ഞു നിര്‍ത്തി പിഴ എഴുതി നല്‍കുകയും താക്കീത് ചെയ്ത് വിടുകയും ചെയ്യുന്ന അബുദാബി പോലീസിന് റമസാനില്‍ പുതിയ മുഖം. 11 മാസവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന അബുദാബി പോലീസാണ് റമസാന്‍ ആരംഭിക്കുന്നതോടെ കാരുണ്യത്തിന്റെ നിറകുടമായി റമസാന്‍ കിറ്റുകളുമായി കവലകളില്‍ എത്തുന്നത്.
ലക്ഷ്യത്തിലെത്താന്‍ വാഹനങ്ങളുമായി കുതിക്കുന്ന നോമ്പുകാര്‍ക്കായാണ് അബുദാബി പോലീസ് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റ് നല്‍കുന്നത്. നഗരത്തിലെ പ്രധാന കവലകള്‍ കേന്ദ്രീകരിച്ചാവും ഇന്നു മുതല്‍ പോലീസ് കിറ്റുകള്‍ വിതരണം ചെയ്യുക.
സൂര്യന്‍ അസ്തമിക്കാറാവുന്നത് മുതല്‍ ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് അബുദാബി പോലീസിന്റെ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മിന്‍ഹാലി വ്യക്തമാക്കി. ഇഫ്താര്‍ സമയത്ത് റോഡില്‍ സഞ്ചരിക്കുന്ന കാല്‍നടക്കാര്‍ക്കും പോലീസിന്റെ റമസാന്‍ കിറ്റുകള്‍ ലഭിക്കും.
ഈ വര്‍ഷം ദിനേന 30,000 കിറ്റുകളാണ് നല്‍കുന്നത്. റമസാന്‍ അവസാനിക്കുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പലരും നോമ്പ് തുറക്കുന്ന സമയത്ത് വീടുകളില്‍ എത്താനായി വാഹനം അമിത വേഗത്തില്‍ ഓടിക്കുന്നതും തടയുക എന്ന ലക്ഷ്യവും റമസാനിന്റെ പുണ്യം കരസ്ഥമാക്കുന്നതിനൊപ്പം ഇത്തരം ഒരു നടപടിക്ക് പോലീസിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.