Connect with us

Ongoing News

മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍. സോളാര്‍ പാനല്‍ സംബന്ധിച്ച് സംസാരിക്കാനാണ് താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും സര്‍ക്കാറില്‍ നിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ശ്രീധരന്‍ നായര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2012 ജൂലൈ ഒന്‍പതിനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സരിത എസ് നായര്‍ ഒപ്പുമുണ്ടായിരുന്നു. സൗരോര്‍ജമാണ് വൈദ്യുതി ക്ഷാമത്തിന് പരിഹാരമെന്നും സര്‍ക്കാറില്‍ നിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ശ്രീധരന്‍ നായര്‍ പറഞ്ഞു. സരിതയാണ് തന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയതെന്നും ധൈര്യമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി തന്നോട് പറഞ്ഞെന്നും ശ്രീധരന്‍ നായര്‍ പറയുന്നു. ആ ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ശ്രീധരന്‍ നായര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ അത് ക്വാറി ഉടമകളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാനായിരുന്നുവെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച രാവിലെ പറഞ്ഞിരുന്നു.

അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.അതേസമയം രമേശ് ചെന്നിത്തലയും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി തിരക്കിട്ട ചര്‍ച്ച നടത്തുന്നു.