നിയമസഭാ സമ്മേളനം ഇന്ന്; ഭരണ, പ്രതിപക്ഷങ്ങള്‍ വിയര്‍ക്കും

Posted on: July 8, 2013 7:27 am | Last updated: July 8, 2013 at 10:11 am

niyamasabha_3_3തിരുവനന്തപുരം: പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ നിര്‍ത്തിവെച്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന്‌ പുനരാരംഭിക്കുന്നു. സാഹചര്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയിലാണ് ധനാഭ്യര്‍ഥനകള്‍ ഗില്ലറ്റിന്‍ ചെയ്ത് ഒരിടവേള നല്‍കിയതെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. സഭയെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ദിവസം ചെല്ലുംതോറും ചൂട് കൂടി വന്നിരിക്കുന്നു. പ്രതിപക്ഷത്തിന് തലവേദനയായി ലൈംഗികാരോപണവിധേയനായ ജോസ് തെറ്റയിലിന്റെ ഒളിച്ചുകളി തുടരുന്നു. നടുത്തളം ഇന്ന വീണ്ടും ഉണരുമ്പോള്‍ രാഷ്ട്രീയ രസമാപിനി തിളച്ചു കൊണ്ടിരിക്കുകയാണെന്ന് ചുരുക്കം.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള മുറവിളിയായിരുന്നു നിയമസഭ നിര്‍ത്തിവെക്കുമ്പോള്‍ അന്തരീക്ഷത്തില്‍. ഒരു ദിവസം മാത്രമാണ് ചര്‍ച്ച നടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ സഭാനടപടികള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ശേഷിച്ച ധനാഭ്യര്‍ഥനകള്‍ ഗില്ലറ്റിന്‍ ചെയ്ത് സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.
നിശ്ചയിച്ചതനുസരിച്ച് ഈ മാസം 18 വരെയാണ് സമ്മേളനം. ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലും അധിക ധനാഭ്യര്‍ഥനയുമാണ് ബജറ്റുമായി ബന്ധപ്പെട്ട് ഇനി പാസാക്കേണ്ടത്. ശേഷിക്കുന്ന ദിവസങ്ങളില്‍ ഏതാനും ബില്ലുകളും പരിഗണിക്കാനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സമ്മേളനം സുഗമമായി മുന്നോട്ടുപോകുമോയെന്ന് കണ്ടറിണം.
നേരത്തെ സ്വീകരിച്ചതു പോലെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെങ്കില്‍ ആദ്യ ദിനം മുതല്‍ തന്നെ സഭ പ്രക്ഷുബ്ധമാകും. ഇന്ന്‌ തന്നെ ഇടതുപക്ഷ മഹിളാ സംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. മുഖ്യമന്ത്രിയെയാണ് പ്രതിപക്ഷം നേരത്തെ ഉന്നം വെച്ചിരുന്നതെങ്കില്‍ ആഭ്യന്തര മന്ത്രിയെയും ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് നടത്തുന്ന അന്വേഷണം സ്വീകാര്യമല്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കും. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിന് കരുത്ത് പകരുന്നതാണ് ആഭ്യന്തരമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം.

ഫോണ്‍ രേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വെല്ലുവിളി നേരിടുന്ന തിരുവഞ്ചൂര്‍ നിയമസഭയില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. മന്ത്രിമാര്‍ക്കും ഭരണപക്ഷത്തെ അരഡസന്‍ എം എല്‍ എമാര്‍ക്കും സരിത എസ് നായരുമായി ഫോണ്‍ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെ എല്ലാവരുടെയും മേല്‍ ചെളിപുരണ്ട സാഹചര്യമാണ്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ സരിതയുമായി സൗഹൃദം പുലര്‍ത്തിയിരുന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ടെന്നി ജോപ്പനെയും ശാലു മേനോനെയും അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടി അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്ന് സ്ഥാപിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. എന്നാല്‍, ശാലുവിന്റെ അറസ്റ്റ് കോടതി ഇടപെടല്‍ വരുന്നത് വരെ വൈകിപ്പിച്ചതും പോലീസ് കസ്റ്റഡിയില്‍ വി ഐ പി പരിഗണന നല്‍കിയതിനുമെല്ലാം നിയമസഭയില്‍ ഉത്തരം പറയേണ്ടി വരും. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന ആക്ഷേപം ഉയര്‍ത്തിക്കഴിഞ്ഞു.
സോളാര്‍ പ്രശ്‌നത്തിനൊപ്പം തന്നെ മുന്നണിയിലുണ്ടായ അനൈക്യം സഭയിലും പ്രതിഫലിക്കുമോയെന്ന ഭീതി സര്‍ക്കാറിനുണ്ട്. രമേശ് ചെന്നിത്തലയും കെ മുരളീധരനും നടത്തിയ പ്രസ്താവനകള്‍ ലീഗിനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ വേണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചിരിക്കുന്നു.
നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്തകളും സഭയില്‍ ചര്‍ച്ചയാകും. ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം തന്നെയാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളി. ഭരണപക്ഷം ഇത് പ്രത്യാക്രമണത്തിനുള്ള ആയുധമാക്കിയാല്‍ പ്രതിപക്ഷവും സഭയില്‍ വിയര്‍ക്കുമെന്ന് ഉറപ്പ്.