രാഷ്ട്രപതി ഒപ്പുവച്ചു; ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് നിയമമായി

Posted on: July 5, 2013 8:33 am | Last updated: July 5, 2013 at 4:41 pm

Food Safetyന്യുഡല്‍ഹി: മന്ത്രിസഭ പാസാക്കിയ ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചതോടെ ഓര്‍ഡിനന്‍സ് നിയമമായി. ആറു മാസത്തിനുള്ളില്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്താല്‍ മതിയാകും. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി വൈകിയതിനെ തുടര്‍ന്ന് നിരവധി അഭ്യൂഹമുയര്‍ന്നിരുന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുമെന്ന പ്രതീക്ഷയില്‍ ഭക്ഷ്യവകുപ്പ് മന്ത്രി കെ.വി. തോമസ് വ്യാഴാഴ്ച വൈകിട്ട് പത്രസമ്മേളനവും വിളിച്ചു ചേര്‍ത്തിരുന്നു.

എന്നാല്‍ ഓര്‍ഡിനന്‍സില്‍ പ്രസിഡന്റ് ഒപ്പു വയ്ക്കാത്തതിന്റൈ പശ്ചാത്തലത്തില്‍ പത്രസമ്മേളനം നീട്ടിവച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ ഓര്‍ഡിനന്‍സിലൂടെ ഭക്ഷ്യസുരക്ഷ നിയമമാക്കിയതില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. പ്രതിപക്ഷവും സര്‍ക്കാരിനെ പിന്തുണയ്ക്കുള്ള സമാജ്‌വാദി പാര്‍ട്ടിയും എതിര്‍ത്താലും പഴയ സഖ്യകക്ഷിയായ ഡിഎംകെയും പുതിയ സുഹൃത്ത് ജെഡി-യുവും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് അനുകൂലമായി തരംഗമുണ്ടാകാന്‍ ഭക്ഷ്യ സുരക്ഷാ നിയമം ഉപകരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.