ജില്ലയില്‍ പട്ടികവര്‍ഗ വികസനത്തിന് 2 കോടിയുടെ പദ്ധതികള്‍

Posted on: July 5, 2013 1:50 am | Last updated: July 5, 2013 at 1:50 am

കോഴിക്കോട്: ജില്ലയില്‍ വിവിധ പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്ക് 2,12,36,191 രൂപ ചെലവഴിക്കും. ജില്ലാ കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പാക്കേണ്ട പദ്ധതികള്‍ അംഗീകരിച്ചു.

ഭവന നിര്‍മാണത്തിന് ഒരു കോടി രൂപ, അടിയ-പണിയ പദ്ധതി – 13,22,000 രൂപ, എസ് സി എ-ടി സി എ പദ്ധതി- 22 ലക്ഷം, ഭക്ഷ്യ സഹായ പദ്ധതി- 6,95,557 രൂപ, ആര്‍ട്ടിക്കിള്‍ 275 പദ്ധതി ധനസഹായം- 15 ലക്ഷം, ഊരുകൂട്ട ശാക്തീകരണം- 40,000 രൂപ, കോര്‍പ്പസ് ഫണ്ട് – 54,78,634 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
നടപ്പു വര്‍ഷം ജില്ലയില്‍ 40 പുതിയ വീടുകള്‍ അനുവദിക്കും. ഭവന നിര്‍മാണത്തിന് സ്പില്‍ ഓവര്‍ ആയി ഒരുകോടി രൂപ ലഭിക്കും. അടിയ-പണിയ പദ്ധതിയില്‍ പുതുപ്പാടി പഞ്ചായത്തിലെ പയോണ കോളനിയില്‍ പുഴയുടെ ഭിത്തി കെട്ടുന്നതിന് ഏഴ് ലക്ഷം രൂപ അനുവദിച്ചു. കോളനിയുടെ സ്ഥലം പുഴയിലേക്ക് ഇടിഞ്ഞ് പോകുന്ന സാഹചര്യത്തിലാണിത്.
കോര്‍പ്പസ് ഫണ്ടില്‍ നിന്ന് കായണ്ണ ഗ്രാമ പഞ്ചായത്തിലെ കാപ്പുമ്മല്‍ കോളനിയില്‍ 16 ലക്ഷം രൂപക്ക് സാംസ്‌കാരിക നിലയം നിര്‍മിക്കും. റോഡ് നിര്‍മാണത്തിന് 5,70,000 രൂപ, ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കല്‍ കോളനി കള്‍വര്‍ട്ട് നിര്‍മാണത്തിന് 5,09,000 രൂപ, ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ കരിന്തോറച്ചാലില്‍ പട്ടികവര്‍ഗ കോളനി റോഡിന് എട്ട് ലക്ഷം, പുതുപ്പാടി പഞ്ചായത്തിലെ പയോണ കോളനിക്ക് കിണര്‍ നിര്‍മിക്കാന്‍ 3,00,000 ലക്ഷം രൂപ, നരിക്കുനി ഗ്രാമ പഞ്ചായത്തിലെ വരിങ്ങിലോറമല കോളനി റോഡിന് 13,25,000 ലക്ഷം രൂപ എന്നിവയും അനുവദിച്ചു.
ഏഴാം ക്ലാസ് പാസ്സായ 25 പട്ടികവര്‍ഗ യുവാക്കള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ മുഖേന പ്ലംബിംഗ് ആന്‍ഡ് സാനിറ്റേഷന്‍ എന്‍ജിനീയറിംഗ് കോഴ്‌സില്‍ പരിശീലനം നല്‍കും. നന്മണ്ട ഗ്രാമ പഞ്ചായത്തിലെ കൊളളടിമല, പൂന്നുന്നുമല കോളനിയില്‍ നിന്നുളളവര്‍ക്കാണ് പരിശീലനം. ഭക്ഷ്യ സഹായ പദ്ധതിയിലൂടെ റേഷന്‍കട വഴി എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും നാല് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. പണിയ കുടുംബങ്ങള്‍ക്ക് തുടര്‍ന്ന് രണ്ട് മാസത്തേക്ക്കൂടി വിതരണം നടത്തും.