Connect with us

Kerala

ആരോഗ്യവകുപ്പിന് കീഴില്‍ ദുരന്ത നിവാരണ സേന വരുന്നു

Published

|

Last Updated

തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് അടിയിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പില്‍ തിരഞ്ഞെടുത്ത ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഉള്‍ക്കൊള്ളിച്ച് ദുരന്തനിവാരണ സേന രൂപവത്കരിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രളയബാധിത മേഖലകളില്‍ കുടുങ്ങിക്കിടന്ന ദുരിതബാധിതരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ആരോഗ്യവകുപ്പിന്റെ പത്തംഗ മെഡിക്കല്‍ സംഘത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പ്, എന്‍ ആര്‍ എച്ച് എം, കെ ജി എം ഒ എ, പ്രസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം.

മെഡിക്കല്‍ സംഘത്തിലെ മുഴുവന്‍ പേര്‍ക്കും സത്‌സേവന രേഖ (ഗുഡ്‌സര്‍വീസ് എന്‍ട്രി) നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എസ് സജിത് കുമാറിന്റെ നേതൃത്വത്തില്‍ ഡോ. വി അനില്‍, ഡോ. വിനോദ് ചെറിയാന്‍, നഴ്‌സുമാരായ സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ ഡെന്‍സി, പി പി ശ്രീജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി പി സുരേഷ് ബാബു, കെ കെ ചന്ദ്രന്‍, എന്‍ ആര്‍ എച്ച് എം കണ്‍സള്‍ട്ടന്റുമാരായ എം മനു, സുചിത്ര നാരായണന്‍കുട്ടി എന്നിവരാണ് ദൗത്യനിര്‍വഹണത്തിന് നിയോഗിക്കപ്പെട്ടത്. ഡല്‍ഹി കേരളാ ഹൗസിലെ പി ആര്‍ ഡി ഉദ്യോഗസ്ഥന്‍ വി പി രാജീവും സംഘത്തോടൊപ്പമുണ്ടായിരുന്നു. മുഴുവന്‍ സംഘാംഗങ്ങള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.
ജൂണ്‍ 26ന് തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെത്തിയ സംഘത്തെ ആരോഗ്യമന്ത്രിയാണ് ഉത്തരാഖണ്ഡിലേക്ക് യാത്രയാക്കിയത്. ഹരിദ്വാറും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ ആദ്യ ദിവസത്തെ പ്രവര്‍ത്തനം. അന്ന്, അവിടത്തെ അഭൈദഗംഗമയ്യാആശ്രമത്തില്‍ ക്യാമ്പ് ചെയ്തു. ഈ ആശ്രമത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പുകളിലെ തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം നല്‍കി. ദുരന്തബാധിതരാല്‍ നിറഞ്ഞ ഹിമാലയന്‍ ജോളിഗ്രാന്റ് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഋഷികേശിലും ഉത്തരകാശി ജില്ലയിലെ പ്രളയബാധിത ഗ്രാമങ്ങളിലും രോഗബാധിതരായ നിരവധി പേരെ ചികിത്സിച്ചു. ശിവാനന്ദാശ്രമത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് സംഘം ഉത്തരകാശി ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചത്. ഇവിടത്തെ ആറ് ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. നിരവധി ദുരിതബാധിതര്‍ക്ക് വൈദ്യസഹായം നല്‍കി. ജൂലൈ മൂന്നിന് വൈകുന്നേരമാണ് സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. എ എസ് പ്രദീപ് കുമാര്‍, ഡോ. പ്രഭാചന്ദ്രന്‍ നായര്‍, എന്‍ ആര്‍എച്ച് എം സാമൂഹിക വികസന വിഭാഗം മേധാവി ഡോ. വി വി രാമചന്ദ്രന്‍, കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ഒ എസ്. ശ്യാംസുന്ദര്‍, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ എന്നിവര്‍ സംഘാംഗങ്ങളെ അനുമോദിച്ചു.

Latest