Connect with us

Kannur

ഉള്ളി കൃഷിയടങ്ങളും കോര്‍പറേറ്റ് കമ്പനികള്‍ കൈയടക്കി: വിളവെടുപ്പായിട്ടും ചെറിയ ഉള്ളി വില കുറയുന്നില്ല

Published

|

Last Updated

കല്‍പ്പറ്റ: കോര്‍പറേറ്റ് കമ്പനികള്‍ക്കായി ഇടത്തട്ടുകാര്‍ കൃഷിയിടത്തിലെത്തി വിളവെല്ലാം മൊത്തമായി സംഭരിക്കാന്‍ തുടങ്ങിയതോടെ ചെറിയ ഉള്ളിക്ക് വന്‍ വിലവര്‍ധന. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ ചെറിയ ഉള്ളി വിളവെടുപ്പ് ആരംഭിച്ചിട്ടും വില കുറയുന്നില്ല. സാധാരണ ഗതിയില്‍ ഗുണ്ടല്‍പേട്ടയില്‍ വിളവെടുപ്പ് തുടങ്ങിയാല്‍ കേരളത്തില്‍ ഉള്ളി വില കുറയുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി വിളവെടുപ്പ് തുടങ്ങിയപ്പോഴും വിലകയറുകയാണ്. എടുക്കുന്ന വിളവെല്ലാം കോര്‍പറേറ്റ് കമ്പനികളുടെ ഗോഡൗണിലേക്ക് കയറ്റിപ്പോവുകയാണ്. പ്രാദേശികമായുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പനക്കുള്ള ചരക്ക് പോലും നേരിട്ട് കിട്ടുന്നില്ല. അതിനാല്‍ ഉള്ളി കൃഷിയിടങ്ങള്‍ക്ക് അരുകില്‍ പോലും കടകളില്‍ ചരക്ക് വില കൂടുതലാണ്.

വിളവെടുപ്പിന് മുന്‍പെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഇടനിലക്കാര്‍ കൃഷിയിടങ്ങളിലെത്തി മുന്‍കൂര്‍ പണം നല്‍കി കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭരിക്കുന്ന വിളവ് ഗോഡൗണുകളിലെത്തിച്ച് വിപണിയില്‍ കൃത്രിമക്ഷാമമുണ്ടാക്കിയാണ് ഇവര്‍ വന്‍വിലയ്ക്ക് വിറ്റഴിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും മാര്‍ക്കറ്റുകളില്‍ നിന്നും ആവശ്യത്തിന് സാധനം ലഭിക്കാത്തതിനാല്‍ വിപണിയില്‍ വില കൂടുക സ്വാഭാവികം. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ചാമരാജ്‌നഗര്‍, നഞ്ചന്‍കോട് ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ സത്യമംഗലത്തുനിന്നും മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നുമൊക്കെയാണ് കേരള വിപണിയില്‍ ചെറിയ ഉള്ളി എത്തുന്നത്. ഇവിടങ്ങളിലെ പ്രധാനകൃഷിയിടങ്ങളിലൊക്കെ കോര്‍പറേറ്റ് കമ്പനികളുടെ ഏജന്റുമാര്‍ നിലവിലുള്ള വിലയേക്കാള്‍ ഉയര്‍ത്തി അഡ്വാന്‍സ് കൊടുത്തുകഴിഞ്ഞതിനാല്‍ കഷിക്കാര്‍ക്ക് യഥേഷ്ടം വില്‍പന നടത്താനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമായി.
കര്‍ണാടകയില്‍ ഉള്ളി വിളവെടുപ്പ് തുടങ്ങിയാല്‍ വയനാട് അടക്കം കേരള വിപണിയില്‍ സാധാരണഗതിയില്‍ വില കുറയാറുള്ളതായിരുന്നു. എന്നാല്‍ ഇത്തവണ പതിവ് തെറ്റി. വിളവെടുപ്പ് വേളയിലും വില ഉയരുകയാണ് ചെയ്യുന്നത്. ഇത്തവണ ഉല്‍പാദനത്തില്‍ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല. എന്നിട്ടും ഇപ്പോള്‍ തന്നെ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കപ്പെടുകയാണ്. നാലഞ്ച് വര്‍ഷം മുന്‍പ് പച്ചമുളകും ചുവന്ന മുളകും ഇതേ പോലെ കോര്‍പറേറ്റ് കമ്പനികള്‍ സംഭരിച്ചിരുന്നു. അക്കൊല്ലം ഈ രണ്ടിനങ്ങള്‍ക്കും വില ബാണം പോലെ കുതിച്ചുയര്‍ന്നതും കോര്‍പറേറ്റ് കമ്പനികളുടെ ഇടപെടലിലൂടെയായിരുന്നു.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ചാമരാജ് നഗര്‍, നഞ്ചന്‍കോട് എന്നിവിടങ്ങളിലെല്ലാം വ്യാപകമായി ഉള്ളികൃഷിയുണ്ട്. മൂന്നുമാസം കൊണ്ട് വിളവെടുക്കാമെന്നതാണ് ഈ കൃഷിയുടെ മെച്ചം. കൊല്ലത്തില്‍ മൂന്നും നാലും തവണ കൃഷിയിറക്കാന്‍ കഴിയുന്നതിനാല്‍ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത് ചെറിയ ലാഭമാണ്. എന്നാല്‍ അവരെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് കോര്‍പറേറ്റ് കമ്പനികളുടെ കടന്നുവരവ് ഇക്കുറി ഉണ്ടായത്. കര്‍ണാടകയില്‍ നിന്നും എത്തുന്ന ചെറിയ ഉള്ളിക്ക് ഇപ്പോള്‍ 80 രൂപവരെയാണ് വിപണിയില്‍ ഈടാക്കുന്നത്. വിളവെടുപ്പാണെങ്കിലും ഉള്ളി കാര്യമായി എത്തുന്നില്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.
ലോഡുകണക്കിന് ഉള്ളിയാണ് കര്‍ണാടകയില്‍ നിന്നും ദിവസവും കയറ്റുന്നത്. ഇതില്‍ നല്ലപങ്കും വിപണിയില്‍ എത്തുന്നില്ല. വിപണിയില്‍ ക്രിത്രിമ ക്ഷാമം സൃഷ്ടിക്കുകയാണ് കോര്‍പറേറ്റുകള്‍ ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഉള്ളി കര്‍ണാടകയിലെ കര്‍ഷകരെ കരയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഉള്ളി വാങ്ങുന്നവരാണ് കരയുന്നത്. നല്ല വില ഇപ്പോള്‍ കൃഷിയിടത്തില്‍ തന്നെ ലഭിക്കുന്നതിനാല്‍ വന്‍കിട കൃഷിക്കാര്‍ വിളവെടുക്കാതെ മണ്ണില്‍ തന്നെ ഉള്ളി സൂക്ഷക്കുന്നുമുണ്ട്. റമദാന്‍ ആരംഭിക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഡിമാന്റ് ഏറുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഉള്ളി വില കുറയാന്‍ സാധ്യതയില്ലെന്ന് വ്യാപാരികളും പറയുന്നു. ചെറുകിട വ്യാപാരികളേക്കാള്‍ കുറഞ്ഞ വിലയില്‍ വലിയ ഷോപ്പിംഗ് മാളുകളില്‍ ഉള്ളി കിട്ടുന്നുണ്ട്. ഇവര്‍ ചരക്കെടുക്കുന്നത് കോര്‍പറേറ്റ് കമ്പനികളില്‍ നിന്നാണ്. കര്‍ഷകരെ മറയാക്കി കോര്‍പറേറ്റ് കമ്പനികള്‍ മുന്‍പ് മുളകിന്റെ കാര്യത്തില്‍ നടത്തിയ വ്യാപാര പരീക്ഷണത്തിന്റെ അതേ പതിപ്പ് തന്നെയാണ് ഇപ്പോള്‍ ഉള്ളിയിലും പരീക്ഷിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇടപെടേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കോര്‍പറേറ്റ് കമ്പനികളുടെ താല്‍പര്യത്തിന് മുന്‍പില്‍ അറച്ചുനില്‍ക്കുന്നതും ഉള്ളിയുടെ ക്രിത്രിമ ക്ഷാമത്തിനും വില വര്‍ധനവിനും കാരണമാവുന്നുവെന്ന് വ്യാപാരകേന്ദ്രങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

Latest