ആഭ്യന്തര മന്ത്രി തിരവഞ്ചൂരും രാജിവെക്കണം: വി എസ്

Posted on: July 2, 2013 5:17 pm | Last updated: July 2, 2013 at 5:17 pm

vs press meetതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരുമായും കേസില്‍ ആരോപണ വിധേയയായ നടി ശാലു മേനോനുമായും ബന്ധമുള്ള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

സരിതയെ തിരുവഞ്ചൂര്‍ ഫോണില്‍ വിളിച്ചത് എന്തിനെന്ന് വ്യക്തമാക്കണം. നടി ശാലു മേനോനുമായി തിരുവഞ്ചൂരിനുള്ള ബന്ധം അദ്ദേഹം തന്നെ സമ്മതിച്ചുകഴിഞ്ഞു. ശാലുവിനെ അറിയില്ലെന്ന് ആദ്യം പറഞ്ഞ തിരുവഞ്ചൂര്‍ പിന്നീട് അവരുടെ വീടിന്റെ പാലുകാച്ചലില്‍ പങ്കെടുത്തതായി സമ്മതിച്ചു. അന്നേ ദിവസം അതുവഴി പോകുകയായിരുന്ന തന്നെ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയാണ് ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്നും രണ്ട് മിനുട്ട് മാത്രമാണ് അവിടെ ചെലവഴിച്ചതെന്നുമാണ് തിരുവഞ്ചൂര്‍ പറയുന്നത്. എന്നാല്‍ മന്ത്രി രണ്ട് മണിക്കൂര്‍ അവിടെ ഉണ്ടായിരുന്നുവെന്നും മന്ത്രിയെ ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്നും ശാലുവിന്റെ അമ്മ പറയുന്നു. ഇതിന്റെ തെളിവ് പുറത്തുവരാതിരിക്കാന്‍ തിരുവഞ്ചൂരിന്റെ നിര്‍ദേശപ്രകാരം ചടങ്ങിന്റെ ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായും വി എസ് ആരോപിച്ചു.

സകല നിയമങ്ങളും രാഷ്ട്രീയ മര്യാദകളും കാറ്റില്‍ പറത്തുകയാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെയ്യുന്നത്. ഇരുവര്‍ക്കും ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇ അഹമ്മദിന്റെ നേതൃത്വത്തിലാണ് പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനത്തിന് ചരടുവലികള്‍ നടന്നത്. – വി എസ് പറഞ്ഞു.