നാരായണന്‍ കൊലക്കേസ്: പോലീസിന്റെ കള്ളക്കളി അന്വേഷിക്കണം

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:24 pm

പാലക്കാട്: കുഴല്‍മന്ദം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറും സഹകരണ ബേങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഇ ആര്‍ നാരായണന്‍ കൊലക്കേസിലെ അന്വേഷണത്തില്‍ പോലീസ് നടത്തിയ കള്ളക്കളികളെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുന്‍ ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2007 ഏപ്രിലിലാണ് നാരായണന്‍ കൊല്ലപ്പെടുന്നത്. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിന് പോലീസ് സഹായിക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ശിക്ഷനിയമം 302 വകുപ്പ് പ്രകാരം ആരോപിച്ചിട്ടുള്ള കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതെന്നും അന്നത്തെ ഇടത് പക്ഷ സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം പോലീസാണ് ഇത് ചെയ്തതെന്നും എ വി ഗോപിനാഥന്‍ കുറ്റപ്പെടുത്തി.
കേസിലെ ഒരു പ്രതി ശിക്ഷിക്കപ്പെട്ടെങ്കിലും മറ്റൊരു പ്രതിയെ തെളിവുകളില്ലാത്തത് മൂലം കോടതി വെറുതെ വിടുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ കേസിലെ ഗുരുതരമായ വീഴ്ചകളും തിരിമറികളും ജൂഡീഷ്യല്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിട്ടുണ്ട്.
നടപടി സ്വീകരിക്കാത്ത പക്ഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും എ വി ഗോപിനാഥന്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ഇ ആര്‍ നാരായണന്റെ ഭാര്യ മിനിയും പങ്കെടുത്തു.