ഐസ് ഫാക്ടറികള്‍ മെയ് രണ്ട് മുതല്‍ അടച്ചിടും

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 12:44 am

കൊച്ചി: കേരളത്തിലെ എല്ലാ ഐസ് ഫാക്ടറികളും മെയ് രണ്ട് മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് ഐസ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഐസ് ഫാക്ടറികളില്‍ ഇപ്പോള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതര്‍ നടത്തുന്ന റെയ്ഡ് ശീതള പാനീയ കമ്പനികളുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ഫുഡ് ആന്‍ഡ് സേഫ്റ്റി നടത്തിയ ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടന്നിട്ടുണ്ട്.
അടച്ചുപൂട്ടിയ പ്ലാന്റുകളിലെ ഐസില്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടെന്ന ആരോപണം തെറ്റാണെന്നും അങ്ങനെയുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ട് പുറത്തുകാണിക്കാന്‍ അധികൃതര്‍ ആര്‍ജവം കാണിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ടി ജി ആര്‍ ഷേണായ് ആവശ്യപ്പെട്ടു. ഐസ് ഫാക്ടറി ഉടമകളെ ഭീകരന്‍മാരാക്കി ചിത്രീകരിക്കുന്ന നടപടികളില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധിയില്‍ ഐസ് പ്ലാന്റിനും ഉത്പാദനമേഖലക്കും ഉണ്ടായ കഷ്ടനഷ്ടങ്ങളിലും മാനഹാനിയിലും പ്രതിഷേധിച്ചാണ് ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
ഐസ് പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സോമനും പങ്കെടുത്തു.