കല്‍ക്കരിപ്പാടം: റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കണ്ടു: സി ബി ഐ

Posted on: April 26, 2013 11:35 am | Last updated: April 26, 2013 at 4:43 pm

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം സംബന്ധിച്ച സി ബി ഐ റിപ്പോര്‍ട്ട് നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും കണ്ടതായി സി ബി ഐ. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് സി ബി ഐ റിപ്പോര്‍ട്ടില്‍ കൈകടത്തല്‍ നടന്നു എന്ന് ആരോപണത്തില്‍ സി ബി ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇത് കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.

നിയമമന്ത്രാലയം ആവശ്യപ്പെട്ടത് പ്രകാരമാണ് റിപ്പോര്‍ട്ട് അവരെ കാണിച്ചതെന്ന് സി.ബി.എ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തിരുത്തല്‍ വരുത്തിയോ എന്നകാര്യത്തില്‍ സി.ബി.ഐ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിന് നല്‍കാതെ മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ ഡയറക്ടര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു.

മാര്‍ച്ച് എട്ടിനാണ് സി.ബി.ഐ. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2006നും 2009നുമിടയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് 12ന് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് കോടതിയില്‍ നിഷേധിച്ചു. ഇക്കാര്യത്തില്‍ സി.ബി.ഐ.യുടേത് അന്തിമ വാക്കല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി പറഞ്ഞത്.