ക്യാന്‍സര്‍ വിമുക്ത രാമനാട്ടുകര: ജീവശാന്തി പദ്ധതിക്ക് നാളെ തുടക്കം

Posted on: April 23, 2013 11:11 am | Last updated: April 23, 2013 at 11:11 am

കോഴിക്കോട്: രാമനാട്ടുകര പഞ്ചായത്തിനെ ക്യാന്‍സര്‍ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ജീവശാന്തി പദ്ധതിക്ക് നാളെ തുടക്കമാകും. പദ്ധതിയുടെ ഭാഗമായി നടത്തുന്ന വോളണ്ടിയര്‍ പരിശീലന പരിപാടി നാളെ ഫാറൂഖ് കോളജ് വെനേറിനി ഇംഗീഷ് മീഡിയം ഹൈസ്‌കൂളില്‍ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. എ ഡി ജി പി. എന്‍ ശങ്കര്‍റെഡ്ഢി മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യുവശക്തി യൂത്ത് സെന്ററിന്റെയും രാമനാട്ടുകര പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തുക, ആരംഭത്തിലെ ചെറുക്കാന്‍ വേണ്ട ബോധവത്കരണം നടത്തുക, വിദഗ്ധ ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പ്രത്യേക പരിശോധന ക്യാമ്പുകള്‍ നടത്തി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ മുഖ്യരോഗ നിര്‍ണയ ചികിത്സ ക്യാമ്പ് നടത്തും.
ഐ എസ് ആര്‍ ഒവിന്റെ സാറ്റ്‌ലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജീവനി മൊബൈല്‍ ടെലിമെഡിസിന്‍ പദ്ധതിയുടെ സഹായത്തോടെ നടക്കുന്ന ക്യാമ്പിന് ലോകാരോഗ്യ സംഘടനയുടെയും തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന്റെയും പങ്കാളിത്തത്തോടെ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയാണ് നേതൃത്വം നല്‍കുതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ, വി എം പുഷ്പ, ഇ എം അബ്ദുല്‍ അസീസ്, വി വി സീനത്ത്, നിയാസ് ആറ്റുപുറം, പാച്ചീരി സെയ്തലവി, ഗോപി കൊടക്കല്‍, കെ പി അബ്ദുസമദ്, കെ ചന്ദ്രദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.