Connect with us

Palakkad

വരള്‍ച്ചാ പ്രദേശത്തേക്ക് 28 മുതല്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കും

Published

|

Last Updated

ഒറ്റപ്പാലം: ഈ മാസം 28 മുതല്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യും. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് ഒന്നാം ഘട്ടം ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുക. വരള്‍ച്ചയെ കുറിച്ച് ഒറ്റപ്പാലം സബ് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. എം ഹംസ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒറ്റപ്പാലം അസംബ്ലി നിയോജക മണ്ഡലത്തില്‍പ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും, സെക്രട്ടറിമാരും, നഗരസഭാ വൈസ് ചെയര്‍മാന്‍ എസ് ശെല്‍വന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പഞ്ചായത്തുകളും നഗരസഭയും അടിയന്തരമായി ഭരണസമിതി യോഗം ചേര്‍ന്ന് കുടിവെള്ളം ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യാന്‍ തീരുമാനിക്കുകയും. ആ വിവരം ജില്ലാ കലക്ടറെ രേഖാമൂലം അറിയിക്കുകയും വേണം. ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യേണ്ട സ്ഥലങ്ങളുടെ പട്ടികകള്‍ പഞ്ചായത്തുകളും നഗരസഭയും തയാറാക്കും. വരള്‍ച്ച കൂടിവരുന്ന മേഖലയില്‍ പരിഹാരം കാണാന്‍ പഞ്ചായത്ത് തലത്തിലും, നഗരസഭാതലത്തിലും ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കണം.
ജനപ്രതിനിധികളും വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി. കമ്മിറ്റി ഇടക്കിടെ ചേര്‍ന്ന് വരള്‍ച്ചക്ക് പരിഹാരം കാണാന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കണം. കാലവര്‍ഷത്തില്‍ ഭാരതപ്പുഴയിലൂടെ ഒഴുകുന്ന 95 ശതമാനം വെള്ളവും തടഞ്ഞു നിര്‍ത്താന്‍ ഇപ്പോള്‍ കഴിയുന്നില്ല. അതുകൊണ്ട് ഒറ്റപ്പാലത്ത് ഭാരതപ്പുഴയില്‍ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ 10 കോടി രൂപ ചെലവഴിച്ച് സ്ഥിരം തടയണ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് എം ഹംസ എം എല്‍ എ പറഞ്ഞു.കാഞ്ഞിരപ്പുഴ ഡാം തുറന്നുവിട്ടതായി അസി. എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, തച്ചനാട്ടുകര, പുക്കോട്ടുക്കാവ് എന്നീ പഞ്ചായത്തുകള്‍ക്ക് കനാല്‍ വെള്ളത്തിന്റെ ഗുണം ലഭിക്കും.

 

Latest