Connect with us

Kerala

ജോര്‍ജിന്റെ രാജി: ജോസഫ് വിഭാഗം നേതൃത്വത്തിന് കത്ത് നല്‍കി

Published

|

Last Updated

കോട്ടയം: ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസിലെ ജോസഫ് അനുകൂലികള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക് കത്ത് നല്‍കി. ഇതിന് പിന്നാലെ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്ന് മന്ത്രി പി ജെ ജോസഫും ആന്റണി രാജുവും നേരത്തെ ഇറങ്ങിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഭാര്യാ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ജോസഫ് യോഗ നടപടികള്‍ അവസാനിക്കുന്നതിന് മുമ്പ് പോയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, രണ്ടര മണിക്കൂറോളം യോഗം പി സി ജോര്‍ജിന്റെ വിഷയം ചര്‍ച്ച ചെയ്തിട്ടും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ഇറങ്ങിപ്പോയത്.
യോഗത്തില്‍ തനിക്കെതിരെ ജോസഫ് വിഭാഗം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജോര്‍ജ് നല്‍കിയ മറുപടിയില്‍ കെ എം മാണിയടക്കമുള്ള നേതാക്കള്‍ സംതൃപ്തരാണെന്ന് വ്യക്തമായതോടെയാണ് ആന്റണി രാജവും സംഘവും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ജോര്‍ജിനെതിരെ നടപടി വേണമെന്ന നിലപാടില്‍ ജോസഫ് വിഭാഗം ഉറച്ചു നിന്നേക്കുമെന്നാണ് സൂചന. ഇവര്‍ നിലപാടില്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികളുണ്ടാകുമെന്നാണ് സൂചന.
അടിയന്തരമായി പാര്‍ട്ടി ഉന്നതാധികാര സമിതി വിളിച്ചുചേര്‍ന്ന് ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം കൈകൊള്ളണമെന്നായിരുന്നു ജോസഫ് അനുകൂലികള്‍ മാണിക്ക് നല്‍കിയ കത്തിലെ ആവശ്യം. ഇന്നലെ രാവിലെ മാണിയുടെ വീട്ടിലെത്തിയാണ് എം എല്‍ എമാരായ മോന്‍സ് ജോസഫ്, ടി യു കുരുവിള, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം എല്‍ എ ഡോ. കെ സി ജോസഫ് എന്നിവര്‍ ജോര്‍ജിനെതിരെ കടുത്ത നിലപാട് വേണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാല്‍, ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് രേഖാമൂലമോ വാക്കാലോ ആരുടെയും പരാതി ലഭിച്ചിട്ടില്ലെന്ന് കെ എം മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസില്‍ രണ്ട് വിഭാഗമില്ല. പാര്‍ട്ടി ഉന്നതാധികാര സമിതി വിളിക്കണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ എല്ലാം സ്വയം വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യുമെന്നും കെ എം മാണി വ്യക്തമാക്കി.
ഇതിനിടെ ഇന്നലെ വൈകിട്ട് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ജോര്‍ജിന്റെ ശൈലിക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഒരുവിഭാഗം നേതാക്കള്‍ നടത്തിയത്. കെ ആര്‍ ഗൗരിയമ്മക്കെതിരെ ജോര്‍ജിന്റെ മോശം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് സി എഫ് തോമസ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. ആറ് മണിക്ക് തുടങ്ങിയ യോഗം ഇരുവിഭാഗം നേതാക്കാളുടെ വാദപ്രതിവാദങ്ങളെ തുടര്‍ന്ന് അല്‍പ്പനേരം തടസ്സപ്പെട്ടു. തര്‍ക്കം നീണ്ടതോടെ മാണിയും പി ജെ ജോസഫും നേതാക്കളെ അനുനയിപ്പിക്കുകയായിരുന്നു.

Latest