ഉ.കൊറിയ തൊഴിലാളികളെ തിരിച്ചുവിളിച്ചു

Posted on: April 9, 2013 6:00 am | Last updated: April 8, 2013 at 11:38 pm

സിയോള്‍: ദക്ഷിണ കൊറിയന്‍ അതിര്‍ത്തി മേഖലയിലെ സംയുക്ത വ്യവസായ സമുച്ചയമായ കേസോംഗ് ഇന്‍ഡസ്ട്രിയല്‍ സോണില്‍ ജോലിചെയ്യുന്ന തങ്ങളുടെ മുഴുവന്‍ തൊഴിലാളികളെയും ഉത്തര കൊറിയ തിരിച്ചു വിളിച്ചു. ദക്ഷിണ കൊറിയയുമായി യുദ്ധാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്ന ഉത്തര കൊറിയ നേരത്തെ കേസോംഗിലെ ദക്ഷിണ കൊറിയന്‍ തൊഴിലാളികളെ ജോലിയില്‍ നിന്ന് വിലക്കിയിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രധാന സാമ്പത്തിക സോത്രസ്സായ കേസോംഗ് സോണ്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉത്തര കൊറിയ ഉറച്ചുനില്‍ക്കുകയാണ്. എത്രയും പെട്ടെന്ന് സോണിലെ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ വക്താവ് കിം യാംഗ് ഗോന്‍ വ്യക്തമാക്കി. 53,000 വരുന്ന ജീവനക്കാരോട് വ്യവസായ സ്ഥാപനങ്ങളിലെ ജോലി അവസാനിപ്പിക്കാന്‍ ഉത്തര കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസോംഗ് ഇന്‍ഡസ്ട്രിയല്‍ സോണ്‍ അടച്ചുപൂട്ടാനുള്ള നീക്കം പുതിയ പ്രതിസന്ധിക്ക് കാരണമായേക്കും. യു എസുമായി സംയുക്ത സൈനിക പരിശീലനം നടത്തുന്ന ദക്ഷിണ കൊറിയക്കെതിരെ യുദ്ധത്തിനുള്ള തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. അതിര്‍ത്തി മേഖലകളിലേക്ക് മധ്യ ദൂര മിസൈലുകള്‍ വിന്യസിച്ച ഉത്തര കൊറിയ രാജ്യം വിടാന്‍ വിവിധ രാജ്യങ്ങളിലെ എംബസിഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. സംയുക്ത വ്യവസായ മേഖല മരവിപ്പിക്കാനുള്ള ഉത്തര കൊറിയയുടെ നടപടി ചൈനയെ പ്രകോപപ്പിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ഉത്തര കൊറിയ അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രലായം അറിയിച്ചു. ഉത്തര കൊറിയയുടെ പ്രധാന സൗഹൃദരാജ്യമാണ് ചൈന.
ദക്ഷിണ കൊറിയയുമായി യുദ്ധപ്രഖ്യാപനം നടത്തിയ ഉത്തര കൊറിയ അയല്‍രാജ്യവുമായുള്ള എല്ലാ ഹോട്ട്‌ലൈന്‍ ബന്ധവും വേര്‍പെടുത്തിയിരുന്നു. കേസോംഗ് സോണ്‍ അടച്ചുപൂട്ടുന്നതോടെ ഇരുരാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാവസായ ബന്ധവും അവസാനിക്കും. ദക്ഷിണ കൊറിയക്കും അതിര്‍ത്തി മേഖലയില്‍ സൈനിക പരിശീലനം നടത്തുന്ന യു എസ് സൈന്യത്തിനും നേര്‍ക്ക് ഉത്തര കൊറിയ ആക്രമണം നടത്താനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് സോണ്‍ അടച്ചുപൂട്ടുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തി. രണ്ടാഴ്ചക്കുള്ളില്‍ ആക്രമണം ഉണ്ടായേക്കുമെന്ന് രണ്ട് ദിവസം മുമ്പ് ഉത്തര കൊറിയന്‍ സൈനിക നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്നോ അമേരിക്കയുടെ ഭാഗത്ത് നിന്നോ പ്രകോപനപരമായ നടപടികളുണ്ടായാല്‍ യുദ്ധം സംഭവിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ഉത്തര കൊറിയയുടെ ഭീഷണിയെ തുടര്‍ന്ന് പ്രകോപനപരമായ നടപടികളില്‍ നിന്ന് ദക്ഷിണ കൊറിയയും അമേരിക്കയും വിട്ടുനില്‍ക്കുകയാണ്. തങ്ങളുടെ ബാലിസ്റ്റിക്ക് മിസൈലുകളുടെ വിക്ഷേപണം കഴിഞ്ഞ ദിവസം അമേരിക്ക നിര്‍ത്തിവെച്ചിരുന്നു.
അതിനിടെ, ഉത്തര കൊറിയ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന ആരോപണം ദക്ഷിണ കൊറിയ പിന്‍വലിച്ചു. ഉടനെയൊന്നും പരീക്ഷണം നടത്തുമെന്നതിന്റെ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു.