മത്സ്യങ്ങളില്‍ വിഷാംശം നടപടി വേണമെന്ന് അയല്‍ സംസ്ഥാനങ്ങളോട് കേരളം

Posted on: April 1, 2013 6:28 am | Last updated: April 1, 2013 at 2:29 am

loc_fish-marketതിരുവനന്തപുരം: സംസ്ഥാനത്തേക്ക് അയക്കുന്ന മത്സ്യത്തില്‍ വിഷം കലര്‍ത്തുന്നത് തടയണമെന്ന് കാണിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. തമിഴ്‌നാട്, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്കാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ കത്തയച്ചത്. നടപടിയുണ്ടായില്ലെങ്കില്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് സെക്യൂരിറ്റി ആക്ടിലെ സെക്ഷന്‍ 30 പ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മാരക രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയാണ് സംസ്ഥാനത്തേക്ക് മത്സ്യം ഇറക്കുമതി ചെയ്യുന്നതെന്ന് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

ശീതീകരണ സംവിധാനം ഇല്ലാത്ത വാഹനങ്ങളില്‍ കേരളത്തിലെത്തിക്കുന്ന മീനുകള്‍ കേടാകാതിരിക്കാനാണ് ഫോര്‍മാലിനും അമോണിയയും കലര്‍ത്തുന്നതെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലേക്ക് മത്സ്യത്തില്‍ രാസവസ്തുക്കളും മറ്റ് മായവും കലര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കത്തയച്ചത്.
കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ പ്രത്യേക സ്‌ക്വാഡ് മീനുകളുടെ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങും. സാമ്പിള്‍ ശേഖരണം ആറാം തീയതി വരെ നീളും. ശേഖരിച്ച സാമ്പിളുകള്‍ മുഴുവനും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ പരിശോധക്ക് വിധേയമാക്കുമെന്നും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. നേരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ലഭ്യമായ മത്സ്യമാണ് ഉപയോഗിച്ചത്. സംസ്ഥാനത്തെ തീരക്കടലില്‍ മത്സ്യം കുറഞ്ഞതോടെ തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന മീന്‍ ലോറികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. യാതൊരു പരിശോധനയും കൂടാതെയാണ് ഇവ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെടുന്നത്.