Connect with us

Sports

റാഫിക്കും പ്രദീപിനും ഗോള്‍; മഹാരാഷ്ട്രക്ക് രണ്ടാം ജയം

Published

|

Last Updated

 

10605_453739788014572_1958450714_nകൊല്ലം: ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ മഹാരാഷ്ട്ര മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗോവയെ തകര്‍ത്തു(3-0). മലയാളി താരങ്ങളായ മുഹമ്മദ്‌റാഫിയിലൂടെയും എന്‍ വി പ്രദീപിലൂടെയുമാണ് മഹാരാഷ്ട്ര ആദ്യത്തെ രണ്ട് ഗോള്‍ നേടിയതെങ്കില്‍ മൂന്നാമത്തെ ഗോള്‍ പ്രണീല്‍ മെന്‍ഡറ നേടി. രണ്ടാമത്തെ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തമിഴ്‌നാട് ഝാര്‍ഖണ്ഡിനെ കീഴടക്കി. (3-2).

മഹാരാഷ്ട്രയുടെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനില. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി മഹാരാഷ്ട്രയുടെ ക്യാപ്ടനും രണ്ടാം നമ്പര്‍ കളിക്കാരനുമായ എന്‍ വി പ്രദീപിനെ തിരഞ്ഞെടുത്തു.
50-ാം മിനുട്ടില്‍ ഗോവയുടെ 13-ാം നമ്പര്‍ ബോണി നിയാസോയ്ക്ക് പരുക്ക് ഗുരുതരമായതിനാല്‍ വൈദ്യ സഹായം തേടേണ്ടി വന്നു. ഇതുമൂലം തുടര്‍ന്ന് കളിക്കാന്‍ സാധിച്ചില്ല. മഹാരാഷ്ട്രയുടെ ഒമ്പതാം നമ്പര്‍ കളിക്കാരന്‍ ഫ്രാന്‍സിസ്‌കോ സാലിനും പരുക്കേറ്റു. ആറാം മിനുട്ടില്‍ ഗോവയുടെ ആറാം നമ്പര്‍ പെരിസണ്‍ റിബല്ലോ മഹാരാഷ്ട്രക്കെതിരെ നല്‍കിയ കിടിലന്‍ കിക്ക് ക്രോസ്ബാറും കടന്ന് പുറത്തുപോയി. 13-ാം മിനുട്ടില്‍ മഹാരാഷ്ട്രയും നല്ലൊരവസരം പാഴാക്കി. 36-ാം മിനുട്ടില്‍ മഹാരാഷ്ട്രയുടെ മലയാളി താരം മുഹമ്മദ്‌റാഫി ഗോവയുടെ ഗോള്‍വലയത്തെ ലക്ഷ്യമാക്കി അടിച്ച കിക്ക് ഗോവന്‍ ഗോള്‍ കീപ്പറുടെ കൈയില്‍ നിന്ന് വഴുതി പോയപ്പോള്‍ ഈ അവസരം മുതലെടുക്കാന്‍ നടത്തിയ നീക്കവും ഫലിച്ചില്ല.
രണ്ടാം പകുതിയുടെ എട്ടാം മിനുട്ടില്‍ മഹാരാഷ്ട്രയുടെ മുഹമ്മദ്‌റാഫിയാണ് ആദ്യഗോള്‍ നേടിയത്. ഇടത് വിംഗില്‍ നിന്ന് മുന്നേറി നടത്തിയ കിക്കാണ് ലക്ഷ്യം കണ്ടത്. (1-0).
14-ാം മിനുട്ടില്‍ മഹാരാഷ്ട്രക്ക് വേണ്ടി ക്യാപ്ടന്‍ എന്‍ പി പ്രദീപും ഗോവയുടെ ഗോള്‍ വല ചലിപ്പിച്ചു. (2-0). 32-ാം മിനുട്ടില്‍ മഹാരാഷ്ട്രയുടെ എട്ടാം നമ്പര്‍ ലാരെംപൂയ എടുത്ത കോര്‍ണര്‍ കിക്ക് 14-ാം നമ്പര്‍ പ്രണീല്‍ മെന്‍ഡന്‍ കൃത്യമായി ഗോള്‍വലയത്തിലെത്തിച്ചു. (3-0).
ഒരു ഗോളെങ്കിലും തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെ കളിക്കളത്തില്‍ പോരാടിയ ഗോവ കളിക്കാരെ അവസാനഘട്ടത്തില്‍ മാറ്റിയിറക്കി നോക്കിയെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ സാധിച്ചില്ല. രണ്ടാമത് നടന്ന തമിഴ്‌നാട്- ഝാര്‍ഖണ്ഡ് മത്സരത്തിന്റെ ആദ്യപകുതി 1-1.
ഇന്ന് പഞ്ചാബ്-പശ്ചിമബംഗാളിനെയും കര്‍ണാടക മണിപ്പൂരിനെയും നേരിടും.

Latest