തണ്ടര്‍ബോള്‍ട്ട് അന്വേഷണ സംഘം തോല്‍പ്പെട്ടി വന്യജീവി കേന്ദ്രത്തില്‍

Posted on: February 18, 2013 12:52 pm | Last updated: February 18, 2013 at 12:52 pm

മാനന്തവാടി: പോലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും കാട്ടിക്കുളത്ത് താമസിച്ചിരുന്നതായി സൂചന. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ കാട്ടിക്കുളം കോണവയലിലെ ഒരു വീട്ടില്‍ താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. തലനാരിഴക്കാണ് ഇവര്‍ അന്ന് രക്ഷപ്പെട്ടത്. ബംഗളൂരു സ്വദേശിയുടെതാണ് ഈ സ്ഥലം. കാട്ടിക്കുളം സ്വദേശിയുടെ പേരിലാണ് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടക്കിടെ ചിലര്‍ ഈ വീട്ടില്‍ വന്ന് താമസിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലം വാങ്ങിയ ആളുടെ അനുജനാണെന്നും സ്വദേശം കണ്ണൂരാണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. പോലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ രൂപേഷാണ് അതെന്ന് അറിയില്ലെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീം( ഐ എസ് ഐ ടി) എസ് പി. എ വി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇദ്ദേഹം ഇപ്പോള്‍ വയനാട് എസ് പിയായി ജോലി ചെയ്തുവരികയാണ്. അന്വേഷണ സംഘം കാട്ടിക്കുളത്ത് ഇവരുടെ നീക്കങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇവര്‍ താമസിച്ചിരുന്ന മധ്യ പാടിയിലും കജഗാഡിയിലും അന്വേഷണ സംഘവും പരിശോധന നടത്തിയിരുന്നതായും പറയപ്പെടുന്നു. പോലീസിന്റെനീക്കം മണത്തറിഞ്ഞ ഇയാളുടെ ഭാര്യയും രക്ഷപ്പെടുകയായിരുന്നു.
മാവോയി്‌സ്റ്റുകളുമായി ബന്ധമുള്ളവര്‍ വയനാട്ടില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി വയനാട് എസ് പി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് രൂപേഷ് താമസിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലം.
അതിനിടെ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുന്ന അസി. കമാന്‍ഡര്‍ എല്‍ സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് അന്വേഷണ സംഘം തോല്‍പ്പെട്ടി വന്യജീവി കേന്ദ്രത്തില്‍ തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച തിരുനെല്ലി കാടുകളില്‍ തിരച്ചില്‍ ആരംഭിച്ച് മൂന്ന് ദിവസം പൂര്‍ത്തിയാക്കിയ സംഘം ഇന്നലെ രാവിലെയാണ് തോല്‍പ്പെട്ടി വനത്തില്‍ പ്രവേശിച്ചത്.
തിരുനെല്ലി വനത്തില്‍ നിന്നും കട്ടപ്പളളം വഴി സംഘം കര്‍ണാടക അതിര്‍ത്തി വഴിയാണ് തോല്‍പ്പെട്ടിയിലെത്തിയത്. തോല്‍പ്പെട്ടിയില്‍ ദോഡാഡി, അയ്യപ്പന്‍ പാറ, മസാലകുന്ന്, ചെമ്പകപ്പാടി, നരിമാന്തിക്കൊല്ലി, ദാസനഘട്ട എന്നീ ക്യാമ്പുകളില്‍ പരിശോധന നടത്തുകയും വാച്ച് ടവറുകളില്‍ കയറി നിരീക്ഷണം നടത്തുകയും ചെയ്തു. മാവോയിസ്റ്റുകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എ ഡി ജി പി. പോലീസ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചു.
ഈ സ്‌റ്റേഷനുകള്‍ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇവിടുത്തെ ആയുധങ്ങള്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. വര്‍ഗീസ് രക്ത സാക്ഷി ദിനമായ ഇന്നും യോഗിയുടെ ചരമ ദിനമായ നാളെയും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.