Kerala
യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ എംഡിഎംഎ കേസ്; റിയയും വിക്ടറും പിടിയില്‍
വിക്ടറിനെ കൊല്ലത്തുനിന്നും റിയയെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നും അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
കാസര്‍കോട് | യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ കാലിക്കടവ് എംഡിഎംഎ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഘാന സ്വദേശി വിക്ടര്‍, കേസിലെ പ്രധാന കണ്ണിയും മലയാളിയുമായ റിയ എന്നിവരാണ് പിടിയിലായത്. വിക്ടറിനെ കൊല്ലത്തുനിന്നും റിയയെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നും അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
ഘാന സ്വദേശി വിക്ടറിനെ പിടികൂടിയതിലൂടെ സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധവും സംശയിക്കുന്നുണ്ട്. കാലിക്കടവില്‍ 139.29 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂര്‍ അറക്കപ്പടി സ്വദേശികളായ പി എ. അബ്ദുള്‍ സലാം (27), കെ എച്ച് മുഹമ്മദ് ഹുസൈന്‍ (28), പി എ അബ്ബാസ് (50), അറക്കപ്പടി സ്വദേശി സൈനുല്‍ ആബിദ് (43) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ തുക മുഴുവന്‍ ബെംഗളൂരുവില്‍ താമസിക്കുന്ന റിയ എന്ന മലയാളി യുവതിയുടെ രണ്ട് ബേങ്ക് അക്കൗണ്ടുകളിലേക്കാണ് അയച്ചിരിക്കുന്നത്.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം നൈജീരിയന്‍ ലഹരി മാഫിയയില്‍നിന്ന് മയക്കുമരുന്ന് വാങ്ങുമ്പോള്‍ റിയയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് സംഘം വലയിലായത്.
Content Highlights: Police have arrested key accused Victor and Riya in the Kalikadavu MDMA case involving Youth Congress leaders. Victor was caught in Kollam while Riya was apprehended in Gwalior. Financial transactions worth 49 lakh rupees were tracked to Riya’s accounts in connection with the drug syndicate.



