Kerala
തൃശൂരില്‍ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയ സംഭവം; ഫാര്‍മസിസ്റ്റിന്റെ ശബ്ദരേഖ പുറത്ത്
കുഞ്ഞ് നിലവില്‍ അമൃത ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്
തൃശൂര്‍|മാളയില്‍ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ ഫാര്‍മസിസ്റ്റിന്റെ ശബ്ദരേഖ പുറത്ത്. താന്‍ അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഫാര്‍മസിസ്റ്റ് കുട്ടിയുടെ മാതാവിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. അഷ്ടമിച്ചിറയിലെ നീതി മെഡിക്കല്‍ സ്റ്റോറാണ് കുട്ടികള്‍ക്കുള്ള പ്രോബയോട്ടിക് മരുന്നിന് പകരം മുതിര്‍ന്നവര്‍ക്കുള്ള നെബുലൈസര്‍ മരുന്ന് മാറി നല്‍കിയത്. കുഞ്ഞ് നിലവില്‍ അമൃത ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.
അരുണ്‍ – അദ്രിക ദമ്പതികള്‍ ശനിയാഴ്ച പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറുടെ വീട്ടില്‍ പോയി കാണിക്കുകയായിരുന്നു. ശേഷം ഡോക്ടര്‍ നല്‍കിയ പ്രിസ്‌ക്രിപ്ഷനുമായി ദമ്പതികള്‍ മാള ബ്ലോക്ക് സഹകരണ ബേങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ ഷോപ്പില്‍ എത്തി മരുന്ന് വാങ്ങി. ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് പ്രോബയോട്ടിക്കിന് ഉള്ള മരുന്നായിരുന്നു. പക്ഷേ, പകരം മെഡിക്കല്‍ ഷോപ്പ് നല്‍കിയത് നെബുലൈസര്‍ വഴി ഉപയോഗിക്കുന്ന ഡ്യൂഡസോളിന്‍ മരുന്നായിരുന്നു. ഈ മരുന്ന് കണ്ടപ്പോള്‍ തന്നെ കുട്ടിയുടെ പിതാവിന് സംശയം ഉണ്ടായിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ മരുന്ന് വായിലൂടെ കഴിക്കാനുള്ളതാണെന്നാണ് മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരി പറഞ്ഞതെന്ന് പിതാവ് ആരോപിക്കുന്നു.
വീട്ടിലെത്തിയ ശേഷം ദമ്പതികള്‍ മരുന്ന് കുഞ്ഞിന് നല്‍കി. തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. കുഞ്ഞ് നിര്‍ത്താതെ കരയുകയും അമിതമായി വിറക്കുന്നതും കണ്ട് ചികിത്സിച്ച ഡോക്ടറുടെ അടുത്തെത്തിക്കുകയായിരുന്നു. കുഞ്ഞിന് മരുന്ന് മാറി നല്‍കിയതാകാമെന്ന നിഗമനത്തിലാണ് ഡോക്ടറും.
Content Highlights:
An audio clip surfaced regarding a 35-day-old infant given wrong medication at Neethi Medical Store in Mala. Instead of a probiotic, the shop provided adult nebulizer medicine. The baby’s condition deteriorated after consumption, leading to emergency ICU admission at Amrita Hospital.


