Connect with us

articles

വിദ്വേഷ ടെലികാസ്റ്റിംഗിന് ദൂരദര്‍ശനിറങ്ങുമ്പോള്‍

ഒരു സര്‍ക്കാര്‍ ചാനലായിട്ടും ഭൂരിപക്ഷ ഹൈന്ദവബോധത്തെ നിരന്തരം പുനരുത്പാദിപ്പിക്കുന്ന ഇതിഹാസ പുരാണ പരമ്പരകളും ആത്മീയ പ്രഭാഷണങ്ങളും വഴി ദൂരദര്‍ശന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്രപരിസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. ഇപ്പോള്‍ ബി ജെ പി കേന്ദ്രാധികാരം ഉപയോഗിച്ച് ദൂരദര്‍ശനെ വര്‍ഗീയവിദ്വേഷ പ്രചാരണത്തിനും ന്യൂനപക്ഷ സമൂഹങ്ങളുടെ അപരവത്കരണത്തിനും വേണ്ടി ഉപയോഗിക്കുന്നു.

Published

|

Last Updated

വിദ്വേഷവും വിഭജനവും സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡക്കനുസൃതമായ രീതിയില്‍ സര്‍ക്കാര്‍ മാധ്യമങ്ങളെ തന്നെ ഉപയോഗിക്കുകയാണ് മോദി സര്‍ക്കാര്‍. വിവാദപരമായ കേരള സ്റ്റോറി സംപ്രേഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍ പ്രഖ്യാപിച്ചിരിക്കുന്നത് രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സന്ദര്‍ഭത്തിലാണ്. ഇന്നലെ രാത്രി കേരള സ്റ്റോറി ടെലികാസ്റ്റ് ചെയ്യുന്ന വിവരം ദൂരദര്‍ശന്‍ അതിന്റെ ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ചിരുന്നത്; ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്കെന്ന അടിക്കുറിപ്പോടു കൂടിയാണ്. 2023ല്‍ ഈ സിനിമ പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതാണ്.

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണ് കേരള സ്റ്റോറി. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമ ഒരു ഹിന്ദി ഭാഷാ ചിത്രമായിട്ടാണ് പുറത്തുവന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇസ്ലാമോഫോബിയ പടര്‍ത്താനും ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണമാണ് സിനിമ ലക്ഷ്യം വെക്കുന്നത്.

32,000ത്തോളം സ്ത്രീകള്‍ ഇസ്ലാം മതം സ്വീകരിച്ച് ഐ എസില്‍ ചേര്‍ന്നുവെന്നാണ് സിനിമ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യഥാര്‍ഥ കഥയായിട്ടാണ് ഈ ചിത്രം വിപണനം ചെയ്യപ്പെടുന്നത്. എന്നുവെച്ചാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള ലവ് ജിഹാദ് ഗൂഢാലോചനാ സിദ്ധാന്തത്തെ മുന്‍നിര്‍ത്തിയുള്ള പ്രമേയമാണ് സിനിമയുടേത്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ അതീവ സൗഹൃദത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുപോകുന്ന കേരളത്തില്‍ വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പും ധ്രുവീകരണവും ഉണ്ടാക്കാനുള്ള ആര്‍ എസ് എസ് അജന്‍ഡയാണ് സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് ഹിന്ദു സ്ത്രീകള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നത് വസ്തുതകളുമായി ബന്ധമില്ലാത്ത ആര്‍ എസ് എസിന്റെ നുണപ്രചാരണമാണ്. ലോക്‌സഭയില്‍ തന്നെ കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന,് അമിത് ഷായുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ, നിലനില്‍ക്കുന്നില്ല എന്നാണ് മറുപടി നല്‍കിയത്. കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ലവ് ജിഹാദ് ഇല്ലായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം പാര്‍ലിമെന്റിനെ അറിയിച്ചത്. ഇപ്പോള്‍ ഈ സിനിമ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള ഭൂരിപക്ഷധ്രുവീകരണത്തിനു വേണ്ടിയും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുമുള്ള കൃത്യമായ ലക്ഷ്യത്തോടെയാണ് ദൂരദര്‍ശന്‍ ടെലികാസ്റ്റ് ചെയ്യുന്നത്.

സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന സംഭവങ്ങള്‍ക്ക് കേരളത്തിന്റെ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. സിനിമ കേരളത്തില്‍ നിന്നുള്ള മൂന്ന് സ്ത്രീകളുടെ വിവരണങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള തെറ്റായ ഒരു നരേഷനാണ്. അവര്‍ ലവ് ജിഹാദിന്റെ ഇരകളാണെന്ന് വരുത്തിതീര്‍ക്കുന്നു. തെറ്റും വസ്തുതകളുമായി ബന്ധമില്ലാത്തതുമായ സ്ഥിതിവിവര കണക്കുകളിലൂടെ, 32,000 സ്ത്രീകള്‍ ഇസ്ലാമില്‍ ചേര്‍ന്നുവെന്നും അവര്‍ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്നുമുള്ള നരേഷനാണ് സിനിമ ഉണ്ടാക്കിയെടുക്കുന്നത്. 2023ല്‍ സിനിമ പുറത്തുവന്നപ്പോള്‍ തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതാണ്. അതിന്റെ ഫലമായിട്ടാണ് സെന്‍സര്‍ബോര്‍ഡ് സിനിമയിലെ അധിക്ഷേപകരമായ 10 രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തെ താറടിച്ച് കാണിക്കുന്ന അവതരണമാണ് സിനിമയുടേത്. സാമുദായിക മൈത്രിയിലും ആരോഗ്യ, വിദ്യാഭ്യാസ നിലവാരത്തിലും ദാരിദ്ര്യ ലഘൂകരണത്തിലും രാജ്യത്തിനുതന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടങ്ങളെയെല്ലാം കുഴിച്ചുമൂടുന്ന തരത്തിലാണ് കേരള സ്റ്റോറി എന്ന വിദ്വേഷ സിനിമ എടുത്തിട്ടുള്ളത്.

ഇപ്പോള്‍ ദൂരദര്‍ശന്‍ ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വഴങ്ങി ഇത്തരമൊരു സിനിമ ടെലികാസ്റ്റ് ചെയ്യുന്നത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി സംഘ്പരിവാറിന് കളമൊരുക്കിക്കൊടുക്കാനാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ദൂരദര്‍ശന്റെ ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാവുന്നതല്ല. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ഒരുതരത്തിലുമുള്ള മുന്നേറ്റവും നടത്താന്‍ കഴിയാത്ത ദയനീയ അവസ്ഥയിലാണ് ബി ജെ പി. ഈയൊരു സാഹചര്യത്തിലാണ് വര്‍ഗീയ വിദ്വേഷം ചീറ്റുന്ന സിനിമ ദൂരദര്‍ശന്‍ വഴി പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ സാഹചര്യമൊരുക്കുന്നത്. ഇത്തരം നീക്കങ്ങളെ മതനിരപേക്ഷ വാദികള്‍ വിട്ടുവീഴ്ചയില്ലാതെ ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്.

ദൂരദര്‍ശന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുപ്രക്ഷേപണ ടെലിവിഷന്‍ ചാനലാണ്. അതിന്റെ ഭരണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പ്രസാര്‍ ഭാരതിയാണ്. അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ പരിഗണിച്ചാല്‍ ലോകത്തിലെ തന്നെ വലിയ പ്രക്ഷേപണ നിലയങ്ങളില്‍ ഒന്നാണ് ദൂരദര്‍ശന്‍. 1959ല്‍ ദില്ലിയില്‍ നിന്ന് പ്രക്ഷേപണം ആരംഭിച്ച ദൂരദര്‍ശന്‍ 1982ലാണ് ദേശീയ പ്രക്ഷേപണം തുടങ്ങുന്നത്. കളര്‍ ടെലിവിഷന്‍ ഇന്ത്യന്‍ വിപണിയില്‍ വന്നതോടെ ദൂരദര്‍ശനും വലിയ രീതിയില്‍ കാഴ്ചക്കാര്‍ ഉണ്ടായി. ഇതേ കാലഘട്ടത്തിലാണ് ഇന്ത്യയില്‍ ആസൂത്രിതമായി ഹിന്ദുത്വവത്കരണ ക്യാമ്പയിനുകള്‍ ആരംഭിക്കുന്നതും മസ്ജിദ് മന്ദിര്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്നതും. വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ബാബരി മസ്ജിദ് പ്രശ്‌നം കലാപങ്ങളിലേക്കെത്തിക്കാനുള്ള ക്യാമ്പയിനുകളാക്കി മാറ്റുന്ന സന്ദര്‍ഭത്തിലാണ് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുന്നതും 1984ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതും.

രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഇലക്ട്രോണിക് ഇന്ത്യയെക്കുറിച്ചുള്ള പ്രചാരണങ്ങളുടെ ചുവടുപിടിച്ചാണ് ഹിന്ദുത്വ രാഷ്ട്രീയവും സജീവമാകുന്നത്. ദൂരദര്‍ ശന്റെ ചരിത്രത്തില്‍ അതിന് വിപുലമായ കാഴ്ചക്കാരെ ഉണ്ടാക്കാന്‍ കഴിഞ്ഞത് രാമായണം, മഹാഭാരതം തുടങ്ങിയ പരമ്പരകളിലൂടെയാണ്. രാമാനന്ദ സാഗറിന്റെ രാമായണം സീരിയലാണ് മന്ദിര്‍-മസ്ജിദ് പ്രശ്‌നത്തെ ഭൂരിപക്ഷ ധ്രുവീകരണത്തിനുള്ള വിതാനങ്ങളിലേക്ക് ഉയര്‍ത്തിയെടുത്തത്. വാത്മീകിയുടെ മര്യാദാപുരുഷോത്തമനായ രാമനില്‍ നിന്നും ക്ഷാത്രവീര്യം തുടിക്കുന്ന യുദ്ധോത്സുകതയുടെ പ്രതീകമായ രാമനെ ജനമനസ്സുകളിലേക്കെത്തിച്ചത് ദൂരദര്‍ശന്റെ രാമായണം സീരിയലായിരുന്നു.

ഒരു സര്‍ക്കാര്‍ ചാനലായിട്ടും ഭൂരിപക്ഷ ഹൈന്ദവബോധത്തെ നിരന്തരം പുനരുത്പാദിപ്പിക്കുന്ന ഇതിഹാസ പുരാണ പരമ്പരകളും ആത്മീയ പ്രഭാഷണങ്ങളും വഴി ദൂരദര്‍ശന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്രപരിസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. ഇപ്പോള്‍ ബി ജെ പി കേന്ദ്രാധികാരം ഉപയോഗിച്ച് ദൂരദര്‍ശനെ വര്‍ഗീയവിദ്വേഷ പ്രചാരണത്തിനും ന്യൂനപക്ഷ സമൂഹങ്ങളുടെ അപരവത്കരണത്തിനും വേണ്ടി ഉപയോഗിക്കുന്നു. കേരള സ്റ്റോറി പോലെ അത്യന്തം വിദ്വേഷ പ്രചാരണാത്മകമായ ഒരു സിനിമ ടെലികാസ്റ്റ് ചെയ്തുകൊണ്ട് കേരളം പോലൊരു മതനിരപേക്ഷ സമൂഹത്തെ മറ്റിതര ജനസമൂഹങ്ങള്‍ക്കു മുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുകയാണ് ദൂരദര്‍ശന്‍ ചെയ്യുന്നത്. ഇതിനെതിരായി കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികളില്‍ നിന്നെല്ലാം ശക്തമായ പ്രതിഷേധം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരു തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ വിതരണ സംവിധാനത്തെ ഉപയോഗിച്ച് ഒരു സംസ്ഥാനത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ഇകഴ്ത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധതയെയാണ് കാണിക്കുന്നത്. മതസ്പര്‍ദയും വര്‍ഗീയതയും ലക്ഷ്യമിട്ടുള്ള കേരള സ്റ്റോറി പോലെയുള്ള സിനിമകള്‍ ഒരു ഔദ്യോഗിക സ്ഥാപനം പ്രദര്‍ശിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകാത്തതാണ്. ഇത് ഭരണാധികാരത്തെ തന്നെ ഉപയോഗിച്ച് വിദ്വേഷവും വിഭജനവും വളര്‍ത്തുന്ന ഫാസിസ്റ്റ് നീക്കമാണ്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഇത്തരം വിധ്വംസക നീക്കങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിന്ന് പ്രതിരോധമുയര്‍ത്തണം.

 

Latest