Connect with us

Editorial

വെസ്റ്റ് ബാങ്ക്: തിരഞ്ഞെടുപ്പ് ജയിക്കാന്‍ അധിനിവേശ ആക്രമണം

തിരഞ്ഞെടുപ്പില്‍ ജയിച്ചുവരാന്‍ കൂടുതല്‍ ചോര വീഴ്ത്തുകയല്ലാതെ നെതന്യാഹുവിന്റെ മുമ്പില്‍ വഴിയില്ല. തന്റെ സഖ്യകക്ഷി നേതാക്കളായ തീവ്ര വലതുപക്ഷവാദികളെ കൂടെ നിര്‍ത്താനും ആക്രമണ വ്യാപനം വേണം.

Published

|

Last Updated

ഗസ്സക്ക് പിറകേ വെസ്റ്റ് ബാങ്കിലും അധിനിവേശ ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്റാഈല്‍ സൈന്യം. പള്ളിക്ക് തീയിട്ടും വീടുകള്‍ തകര്‍ത്തും യുവാക്കളെ പിടിച്ചുകൊണ്ടുപോയും സൈന്യം അഴിഞ്ഞാടുന്നു. ചെറുത്തുനില്‍ക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നു. സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത് ജൂത കൈയേറ്റം ശക്തമാക്കാനാണ്. വെള്ളിയാഴ്ച മുതല്‍ തുടരുന്ന സൈനികാക്രമണത്തിലും ജൂത തീവ്രവാദികളുടെ അതിക്രമങ്ങളിലും ഏഴ് പേര്‍ മരിച്ചു. നിരവധി ഗ്രാമങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

നബ്ലസിന് തെക്കുകിഴക്കുള്ള ഖുസ്റയില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ മസ്ജിദിനാണ് കഴിഞ്ഞ ദിവസം തീവെച്ചത്. മേഖലയില്‍ നിന്ന് ഫലസ്തീന്‍ പാരമ്പര്യം തുടച്ചുനീക്കുകയും മുസ്ലിംകളെ പ്രകോപിപ്പിച്ച് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയുമാണ് പള്ളികള്‍ ലക്ഷ്യമിടുന്നതിന്റെ പിന്നില്‍. വെസ്റ്റ് ബാങ്കില്‍ സൈനിക നടപടി വ്യാപിപ്പിക്കുമെന്നും തീവ്രവാദികളെ നേരിടാന്‍ മറ്റു വഴികളില്ലെന്നുമാണ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. നിരായുധരായ കൃഷിക്കാരും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരുമാണോ തീവ്രവാദികള്‍. സ്വന്തം വീട്ടില്‍ നിന്ന് ഇരുട്ടിവെളുക്കുമ്പോള്‍ ആട്ടിയോടിക്കപ്പെടുന്ന നിസ്സഹായരായ മനുഷ്യരാണോ തീവ്രവാദികള്‍? വെറും അപലപിക്കലിനപ്പുറം, ഇസ്റാഈലിനെ നിലക്കുനിര്‍ത്താന്‍ പോന്ന ഇടപെടല്‍ നടത്താന്‍ ആരുമില്ലെന്നതാണ് സയണിസ്റ്റ് രാഷ്ട്രത്തിന്റെ ആത്മവിശ്വാസം. എന്ത് സംഭവിച്ചാലും യു എസ് പിന്തുണയുണ്ടാകുമെന്ന ഉറപ്പിലാണ് ഈ ധാര്‍ഷ്ട്യം.

ഒക്ടോബറില്‍ ഇസ്റാഈലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. ഗസ്സയുടെ അധികാരമൊഴിഞ്ഞ ഹമാസ് തന്ത്രപരമായ ചുവടുവെപ്പ് നടത്തിയതോടെ യു എസ് മാധ്യസ്ഥ്യത്തില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിലേക്ക് തിരിച്ചുവരാന്‍ ഇസ്റാഈല്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഗസ്സയില്‍ ആക്രമണ വ്യാപനത്തിന് മുതിര്‍ന്നാല്‍ അത് വലിയ അന്താരാഷ്ട്ര പ്രതികരണത്തിന് വഴിവെക്കുമെന്ന സ്ഥിതിയുമുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ചുവരാന്‍ കൂടുതല്‍ ചോര വീഴ്ത്തുകയല്ലാതെ നെതന്യാഹുവിന്റെ മുമ്പില്‍ വഴിയില്ല. തന്റെ സഖ്യകക്ഷി നേതാക്കളായ തീവ്ര വലതുപക്ഷവാദികളെ കൂടെ നിര്‍ത്താനും ആക്രമണ വ്യാപനം വേണം. ഈ സാഹചര്യത്തിലാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക് സൈനിക അകമ്പടിയില്‍ ജൂത തീവ്രവാദികളെ വിടുന്നത്. 1967ല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ പൂര്‍ണമായി ഇസ്റാഈലിനോട് ചേര്‍ക്കണമെന്നാണ് ധനമന്ത്രിയായ ബെസലേല്‍ സ്മോട്രിച്ച് ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള, ചരിത്രപരമായി ഫലസ്തീന്റെ ഭാഗമായ പ്രദേശമാണ് വെസ്റ്റ് ബാങ്ക്. ഇസ്റാഈല്‍, ജോര്‍ദാന്‍, ചാവുകടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ട പ്രദേശം. 5,650 ചതുരശ്ര കിലോമീറ്റര്‍. ഏകദേശം മൂന്ന് ദശലക്ഷം ഫലസ്തീനികള്‍ അവിടെ താമസിക്കുന്നു. ഫലസ്തീന്‍ കുടുംബങ്ങളില്‍ നിന്ന് ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയ ഭൂമിയില്‍ അനധികൃത കുടിയേറ്റങ്ങളും ഔട്ട്‌പോസ്റ്റുകളും നിര്‍മിച്ച് അധിനിവേശം തുടരുകയാണ് ഇസ്റാഈല്‍. ലോകത്ത് ഏറ്റവും വേഗം അധിനിവേശം നടക്കുന്ന ഭൂവിഭാഗമായാണ് ഈ പ്രദേശത്തെ യു എന്‍ കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത 8,71,000 അഭയാര്‍ഥികളുണ്ട്. ഇസ്റാഈല്‍ രൂപവത്കരണ ഘട്ടത്തില്‍, 1948ലെ നഖ്ബയില്‍ കുടിയിറക്കപ്പെട്ടവരും അവരുടെ പിന്‍മുറക്കാരുമാണ് ജെനിന്‍ അടക്കമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. 1967ലെ ആറ് ദിന യുദ്ധത്തിലാണ് വെസ്റ്റ് ബാങ്കിന്റെ പ്രധാന ഭാഗങ്ങളില്‍ ഇസ്റാഈല്‍ ആധിപത്യം സ്ഥാപിച്ചത്. ഈ പ്രദേശം ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നതിന് 1949ലെ ജനീവ കണ്‍വെന്‍ഷന്റെയും പിന്നീട് വന്ന ഓസ്ലോ കരാറിന്റെയും നിരവധി രക്ഷാ സമിതി പ്രമേയങ്ങളുടെയും ഏറ്റവും ഒടുവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെയും പിന്‍ബലമുണ്ട്.

വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഇസ്റാഈല്‍ അധിനിവേശത്തില്‍ ഏറ്റവും ശക്തമായ സമീപകാല ഇടപെടല്‍ നടത്തിയത് യൂറോപ്യന്‍ യൂനിയനാണ്. ഇ യുവിന്റെ അനൗദ്യോഗിക വിദേശകാര്യ മന്ത്രാലയമായി പ്രവര്‍ത്തിക്കുന്ന ‘യൂറോപ്യന്‍ എക്സ്റ്റേണല്‍ ആക്്ഷന്‍ സര്‍വീസ്’ 2025ലെ തങ്ങളുടെ വാര്‍ഷിക റിപോര്‍ട്ട് ഈ മാസം 17ന് പ്രസിദ്ധീകരിച്ചിരുന്നു. ജൂത സെറ്റില്‍മെന്റുകളുടെ നിര്‍മാണം കേവലം ജനസംഖ്യാപരമായ വിപുലീകരണത്തിന്റെ ഭാഗമല്ല, മറിച്ച് ഇസ്റാഈലിന്റെ കേന്ദ്രീകൃതവും ഏകീകൃതവുമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന വിശദമായ തെളിവുകള്‍ ഈ രേഖയിലുണ്ട്. പുതിയ കൈയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം, അവയ്ക്ക് നിയമസാധുത നല്‍കല്‍, ഭൂമി പിടിച്ചെടുക്കല്‍, കുടിയേറ്റക്കാരുടെ അക്രമം, ഭരണനിര്‍വഹണ സംവിധാനങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഫലത്തില്‍, ഒരു പ്രദേശത്തെ സ്വന്തം അധീനതയിലാക്കുന്നതിലേക്കുള്ള അതിവേഗ നീക്കമായും ഫലസ്തീന്‍ രാഷ്ട്രം എന്ന സാധ്യതയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്ന നടപടിയായും വെസ്റ്റ് ബാങ്ക് അധിനിവേശത്തെ കാണണമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കിഴക്കന്‍ ജറൂസലം ഒഴികെയുള്ള അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 2025ല്‍ മാത്രം 54 പുതിയ ഔദ്യോഗിക കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് ഇസ്റാഈല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് റിപോര്‍ട്ടിലുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ കൈയേറ്റമാണിത്.

ഈ റിപോര്‍ട്ട് തയ്യാറാക്കിയ യൂറോപ്യന്‍ യൂനിയനോ ഇത് ഫയലില്‍ വാങ്ങിവെച്ച യു എന്നോ മറ്റേതെങ്കിലും ശക്തികളോ ഈ അധിനിവേശം തടയാന്‍ ചെറുവിരലനക്കുന്നില്ലെന്നതാണ് ഏറെ ദയനീയം. അടിയന്തര അന്താരാഷ്ട്ര ഇടപെടലില്ലെങ്കില്‍ മറ്റൊരു വംശഹത്യാ കേന്ദ്രമായി വെസ്റ്റ് ബാങ്ക് മാറും

 

---- facebook comment plugin here -----

Latest