Connect with us

Business

വോള്‍വോ കാര്‍സ് ഇന്ത്യ വാഹന വില 3 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ചു

ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ആഡംബര കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് ഇന്ത്യ വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്തുന്നതിനായി വാഹനത്തിന്റെ മുഴുവന്‍ മോഡല്‍ ശ്രേണിയുടെയും വില വര്‍ധിപ്പിച്ചു. ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വില വര്‍ധിപ്പിച്ചതെന്ന് സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

എക്‌സ് സി40 മോഡലുകളുടെ എക്സ് ഷോറൂം വില 3 ശതമാനം ഉയര്‍ന്ന് 44.5 ലക്ഷം രൂപയായി. എക്‌സ് സി60യ്ക്ക് 4 ശതമാനം ഉയര്‍ന്ന് 65.9 ലക്ഷം രൂപയും എസ്90യ്ക്ക് 2 ശതമാനം ഉയര്‍ന്ന് 65.9 ലക്ഷം രൂപയുമായി. എക്‌സ് സി90യ്ക്ക് 3 ശതമാനം ഉയര്‍ന്ന് 93.9 ലക്ഷം രൂപയായി ഉയര്‍ന്നു.

2022 ഏപ്രില്‍ 12 വരെ വോള്‍വോ ഡീലര്‍ഷിപ്പുകളില്‍ നിന്ന് കാറുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ കൂടിയ വില നല്‍കേണ്ടതില്ല. എന്നാല്‍ ഈ തീയതിക്ക് ശേഷമുള്ള എല്ലാ ബുക്കിംഗുകള്‍ക്കും പുതിയ വിലകള്‍ നല്‍കണം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി അവസാനമായി വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.
ഒരു ഓള്‍ഇലക്ട്രിക് കാര്‍ കമ്പനിയായി മാറാനുള്ള ശ്രമത്തിലാണ് വോള്‍വോ കാര്‍ ഇന്ത്യ. അതിന്റെ മുന്നോടിയായി, എല്ലാ വാഹനങ്ങളും പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്ക് മാറിയിരിക്കുകയാണ്. എല്ലാ ഡീസല്‍ മോഡലുകളും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുകയാണ്.

ഇന്ത്യയില്‍, വോള്‍വോ അടുത്തിടെ എക്‌സ് സി60, എസ്90, എക്‌സ് സി90 പെട്രോള്‍ എന്നിവ 48വി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. വോള്‍വോ എക്‌സ് സി40 എസ് യുവി, എക്‌സ് സി60 എസ് യുവി, എസ്60 സെഡാന്‍, എസ്90 സെഡാന്‍ എന്നിവ 2021 ന്റെ ആദ്യ പകുതിയില്‍ വോള്‍വോ കാര്‍ ഇന്ത്യ വിറ്റ ഏറ്റവും മികച്ച മോഡലുകളില്‍ ഉള്‍പ്പെടുന്നു.

മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്നിവയുള്‍പ്പെടെ വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ തങ്ങളുടെ എക്സ്ഷോറൂം വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയും അടുത്തിടെ വാഹനങ്ങള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു. സ്റ്റീല്‍, അലുമിനിയം, ചെമ്പ്, വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങി വിവിധ അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതാണ് ഉല്‍പ്പാദന ചെലവ് വര്‍ധിക്കാന്‍ കാരണമെന്ന് വാഹന നിര്‍മാതാക്കള്‍ ആരോപിച്ചു.