First Gear
വോള്‍വോയുടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ ഒക്ടോബറില്‍ എത്തും
സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ എക്‌സ് സി40 റീചാര്‍ജ് ഒക്ടോബറില്‍ രാജ്യത്ത് അവതരിപ്പിക്കും.
ന്യൂഡല്‍ഹി| അന്താരാഷ്ട്ര വിപണികളിലേതുപോലെ ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറിവരികയാണ്. ഈ ഡിമാന്‍ഡ് മനസിലാക്കി വോള്‍വോ കാര്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ എക്‌സ് സി40 റീചാര്‍ജ് ഒക്ടോബറില്‍ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വാഹനത്തിന്റെ വിതരണവും അതേ മാസം തന്നെ ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
എക്‌സ് സി40 റീചാര്‍ജ് ഇലക്ട്രിക് മോഡലിനായുള്ള ബുക്കിംഗ് ജൂണില്‍ ഇന്ത്യയില്‍ ആരംഭിക്കും.
2040 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകാന്‍ ലക്ഷ്യമിടുന്ന കമ്പനിയുടെ സുസ്ഥിര സംരംഭങ്ങളുടെ ഭാഗമാണ് വോള്‍വോ എക്‌സ് സി40 റീചാര്‍ജ് മോഡല്‍. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ഇലക്ട്രിക് മോഡലിന് സാധിക്കുമെന്നാണ് വോള്‍വോ അവകാശപ്പെടുന്നത്. 4.7 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിവുള്ള എഞ്ചിന് കരുത്ത് പകരാന്‍ 78 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കിലാണ് ബ്രാന്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇലക്ട്രിക് എസ് യുവിക്ക് മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ എക്‌സ് സി40 റീചാര്‍ജിന് ആഗോളതലത്തില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലും ഇത് തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. 2025 ആകുമ്പോഴേക്കും കമ്പനിയുടെ വാര്‍ഷിക വില്‍പ്പനയുടെ 80 ശതമാനവും ഇലക്ട്രിക് കാറുകളായിരിക്കുമെന്ന് വോള്‍വോ കണക്കാക്കുന്നു. തുടര്‍ന്ന് മുന്നോട്ട് പോകുമ്പോള്‍ 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകള്‍ മാത്രം വില്‍ക്കാനും ഹൈബ്രിഡുകള്‍ ഉള്‍പ്പെടെയുള്ള ആന്തരിക ജ്വലന എഞ്ചിന്‍ മോഡലുകള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.




