Connect with us

Kerala

ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്താകെ സമരം; കേരളത്തില്‍ അന്വേഷണം

20 വര്‍ഷം മുമ്പ് ഗ്യാനേഷ്‌കുമാര്‍ പി ഡബ്ല്യു ഡി സെക്രട്ടറിയായിരിക്കെ കെ എസ് ടി പി കരാറിലുണ്ടായ അഴിമതിയിലും കരാര്‍ ലഭിച്ച മലേഷ്യന്‍ കമ്പനിയുടെ ചീഫ് എന്‍ജിനീയറുടെ ആത്മഹത്യയിലുമാണ് പുനരന്വേഷണം

Published

|

Last Updated

 

തിരുവനന്തപുരം | രാജ്യത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരം രൂക്ഷമായിക്കൊണ്ടിരിക്കെ കേരളത്തില്‍ അദ്ദേഹത്തിനെതിരായി അന്വേഷണം. കേരളാ കേഡര്‍ ഐ എ എസുകാരനായ ഗ്യാനേഷ് കുമാറിനെതിരായി കെ എസ് ടി പി അഴിമതി ആരോപണത്തിലും പതിബെല്‍ മാനേജറുടെ ആത്മഹത്യയിലുമാണ് പുനരന്വേഷണം വരുന്നത്. പരാതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് വിജിലന്‍സ് ഡയറക്ടറേറ്റിന് കൈമാറി. പരാതിയില്‍ വിജിലന്‍സ് പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കെ പി സി സി നിര്‍വ്വാഹകസമിതി അംഗം മലയന്‍കീഴ് വേണുഗോപാല്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് രണ്ട് പതിറ്റാണ്ടു മുമ്പുള്ള ഫയലുകള്‍ വീണ്ടും തുറക്കുന്നത്.

20 വര്‍ഷം മുമ്പ് ഗ്യാനേഷ്‌കുമാര്‍ പി ഡബ്ല്യു ഡി സെക്രട്ടറിയായിരിക്കെ കെ എസ് ടി പി കരാറിലുണ്ടായ അഴിമതിയിലും കരാര്‍ ലഭിച്ച മലേഷ്യന്‍ കമ്പനിയുടെ ചീഫ് എന്‍ജിനീയറുടെ ആത്മഹത്യയിലുമാണ് പുനരന്വേഷണം. രണ്ടുപതിറ്റാണ്ടു മുമ്പുള്ള കേസില്‍ നിയമവശം പരിശോധിച്ച് കരുതലോടെയാണ് നീക്കം. ഇന്നലെയാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.

തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഗ്യാനേഷ് കുമാറിനറെ രാജിക്കായി പ്രതിപക്ഷപാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമ്പോള്‍ ഹൈക്കമാന്റുമായി ആലോചിച്ചാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നിയമോപദേശം പരിശോധിച്ചാണ് വീണ്ടും അന്വേഷണം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന പ്രത്യേക സംരക്ഷണമുള്ള പദവിയിലെത്തും മുമ്പുള്ള കേസിലാണ് അന്വേഷണം. അത് കൊണ്ട് അന്വേഷണത്തിന് തടസ്സമില്ലെന്നാണ് സര്‍ക്കാറിനുള്ള ഉപദേശം. വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാകും ചുമതല.

2006ല്‍ കേരളം വലിയരീതിയില്‍ ചര്‍ച്ച ചെയ്തതാണ് മലേഷ്യന്‍ കമ്പനി പതിബെല്‍ ഉള്‍പ്പെട്ട കെ എസ് ടി പി അഴിമതി ആരോപണം. ലോകബാങ്ക് സഹായത്തോടെ എം സി റോഡിലെ 127 കിലോമീറ്റര്‍ നിര്‍മ്മാണം 215 കോടിക്കുള്ള കരാര്‍ ആയിരുന്നു പതിബെല്‍ കണ്‍സോര്‍ഷ്യത്തിന് ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച വന്നു. പിന്നാലെ കമ്പനിയുടെ 17 കോടിയുടെ ബില്ലുകള്‍ തടഞ്ഞു. പി ഡബ്ല്യു ഡി സെക്രട്ടറി ഗ്യാനേഷ് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ ആരോപണം.

സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് പതിബെല്‍ ചിഫ് എന്‍ജിനിയറായിരുന്ന ലീ സി ബിന്‍ ആത്മഹത്യചെയ്തത്. മലേഷ്യയിലെ സുബാങ് ജയ പാര്‍ക്കിലെ തടാകത്തിന് സമീപത്തെ ഇരുമ്പ് പാലത്തിലായിരുന്നു തൂങ്ങിമരണം. കമ്പനി മേധാവി റോസ് ലീക്കും ഭാര്യക്കും രണ്ട് ആത്മഹത്യാകുറിപ്പുകള്‍ ബിന്‍ എഴുതിയിരുന്നു. രണ്ടിലും ഗ്യാനേഷ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞിരുന്നതായി അന്നേ വിവരമുണ്ടായിരുന്നു. ഇടത് സര്‍ക്കാറിന്റെ കാലത്താണ് ബില്‍ തടഞ്ഞുവെക്കുന്നതും ഉയര്‍ന്ന പരാതികളില്‍ വിജിലന്‍സ് അന്വേഷണം നടന്നതും. കാര്യമായൊന്നും കണ്ടെത്താതെ അവസാനിപ്പിച്ച വിജിലന്‍സ് അന്വേഷണം വീണ്ടും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Content Highlights:
Kerala Home Minister Ramesh Chennithala ordered a Vigilance probe against Chief Election Commissioner Gyanesh Kumar over the 2006 KSTP corruption case. The inquiry reopens two-decade-old allegations involving Malaysian firm Patibel and the suicide of its chief engineer during Kumar’s tenure as PWD secretary.

Latest