National
വന്ദേമാതര വിവാദം; സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഡല്‍ഹിയിലും പരാതി
വിവാദത്തില്‍ ഹൈക്കമാന്‍ഡിന് സേവാദള്‍ നേതൃത്വം വാക്കാല്‍ വിശദീകരണം നല്‍കി
ന്യൂഡല്‍ഹി | എ ഐ സി സി ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഡല്‍ഹിയിലും പരാതി. മംഗലുരു ഉര്‍വ പോലീസ് സ്റ്റേഷനില്‍ ബി ജെ പി നേതാവ് വികാസ് പുറ്റൂ നല്‍കിയ പരാതിക്കു പിന്നാലെയാണ് ഡല്‍ഹിയിലും പരാതി. ഡല്‍ഹി ഐ പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ രണ്ട് അഭിഭാഷകരാണ് പരാതി നല്‍കിയത്. വന്ദേമാതരത്തെ അപമാനിച്ചുവെന്നാണു പരാതി.
അതേസമയം, എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കമാന്‍ഡിന് സേവാദള്‍ നേതൃത്വം വാക്കാല്‍ വിശദീകരണം നല്‍കി. സേവാദള്‍ അധ്യക്ഷന്‍ ബി വി ശ്രീനിവാസും മുന്‍ അധ്യക്ഷന്‍ ലാല്‍ജി ദേശായിയും കാര്യങ്ങള്‍ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന നിര്‍ദേശം ഗായക സംഘത്തിന് നല്‍കാന്‍ വിട്ടുപോയെന്നാണ് നേതൃത്തിന് ഇവര്‍ നല്‍കിയ വിശദീകരണമെന്നാണ് സൂചന.
അതിനിടെ വന്ദേഭാരതം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ബി ജെ പിയിലും ആലോചന ശക്തമാണെന്നാണു വിവരം. വിശ്വഹിന്ദ് പരിഷത്തും കോണ്‍ഗ്രസ്സിനെതിരെ രംഗത്തെത്തി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്നും വന്ദേമാതരം പാടി തീരാനെടുക്കുന്ന സമയം വരെ സോണിയക്ക് കാത്തിരിക്കാമായിരുന്നെന്നും വി എച്ച് പി വക്താവ് സുരേന്ദ്ര ജയിന്‍ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിനത്തില്‍ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂര്‍ണ്ണമായ് ആലപിച്ചത്. കോണ്‍ഗ്രസ്സിന്റെ എക്കാലത്തേയും പ്രഖ്യാപിത നിലപാടിനു വിരുദ്ധമായി എ ഐ സി സി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച നടപടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെട്ടിലാക്കി.
Content Highlights:
Complaints were filed against Sonia Gandhi and Rahul Gandhi in Delhi and Mangaluru over the Vande Mataram singing row at AICC headquarters. Seva Dal leadership verbally explained that instructions to sing only the first two stanzas were missed. BJP and VHP criticized the actions severely.

