Connect with us

National

ഉത്തരാഖണ്ഡ് തുരങ്ക അപകടം; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാന്‍ ശ്രമം

ഓഗര്‍ ഡ്രില്ലിംഗ് മെഷീനുകള്‍ എത്തിക്കാനാണ് നീക്കം. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

Published

|

Last Updated

ഡെറാഡൂണ്‍|ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക് കടന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഓഗര്‍ ഡ്രില്ലിംഗ് മെഷീനുകള്‍ എത്തിക്കാനാണ് നീക്കം. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ തുരങ്കം തുരക്കുന്നതിനുള്ള ഓഗര്‍ ഡ്രില്ലിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച പ്ലാറ്റ്ഫോം തകര്‍ന്നു. മണിക്കൂറുകള്‍ എടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്. നിലവില്‍ തകര്‍ന്ന പ്ലാറ്റ്‌ഫോം പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഇന്നലെ വൈകിട്ട് 4.45 ഓടെ ഓഗര്‍ മെഷീന്‍ സ്ഥാപിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. 10 തൊഴിലാളികളാണ് ഇന്‍സ്റ്റാളേഷന്‍ പ്രക്രിയയില്‍ ഉണ്ടായിരുന്നത്. ഇവരുടെ പുറത്തേക്ക് അവശിഷ്ടങ്ങള്‍ വീണതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയാണ് ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നത്. 40 തൊഴിലാളികള്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

 

 

 

---- facebook comment plugin here -----

Latest