From the print
ആര്‍ എസ് എസിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു എസ് സമിതി
നയതന്ത്ര മര്യാദ നല്‍കരുതെന്ന് ആവശ്യം.
വാഷിംഗ്ടണ്‍ | ആര്‍ എസ് എസിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട യു എസ് ഉപദേശക സമിതി. ആര്‍ എസ് എസ് നേതാക്കള്‍ക്ക് നയതന്ത്ര മര്യാദകള്‍ നല്‍കുകയോ അവരുമായി ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തുകയോ ചെയ്യരുതെന്ന് യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യു എസ് സി ഐ ആര്‍ എഫ്) പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഈ മാസം 29ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ‘യൂനിവേഴ്സല്‍ വണ്‍നസ് സെലിബ്രേഷന്‍സി’ല്‍ പങ്കെടുക്കാനായി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് നീക്കം.
ക്രിസ്ത്യാനികളും മുസ്ലിംകളും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉപസംഘടനകളുള്ള മാതൃ സംഘടനയാണ് ആര്‍ എസ് എസ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അതില്‍ അംഗമാണെന്നും യു എസ് സി ഐ ആര്‍ എഫ് ചെയര്‍ ആസിഫ് മഹ്മൂദ് പറഞ്ഞു. മോഹന്‍ ഭാഗവതിന്റെ യു എസ് സന്ദര്‍ശനവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ എസ് എസ് നേതാക്കള്‍ സര്‍ക്കാറുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെങ്കില്‍ പോലും അവര്‍ക്ക് ഉന്നതതല യോഗങ്ങളോ നയതന്ത്ര പരിഗണനകളോ നല്‍കരുതെന്ന് യു എസ് സി ഐ ആര്‍ എഫ് കമ്മീഷണര്‍ ജീന്‍ മില്‍സ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ ആര്‍ എസ് എസ് നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിലാണ് യു എസ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ ഭാഗവതിന്റെ യു എസ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ‘ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ എന്ന അവകാശ സംരക്ഷണ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്. ഭാഗവതിന്റെ സന്ദര്‍ശനവും മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ ആര്‍ എസ് എസ് ശൃംഖല നടത്തുന്ന ആക്രമണങ്ങളും വേര്‍തിരിച്ച് കാണാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചിലെ വാര്‍ഷിക റിപോര്‍ട്ടിലും ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആര്‍ എസ് എസ്, രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയുള്‍പ്പെടെയുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വാര്‍ഷിക റിപോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കമ്മീഷന്റെ റിപോര്‍ട്ടിനെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.
Content Highlights:
The US Commission on International Religious Freedom has recommended imposing sanctions on the RSS. The panel urged the US State Department to designate India as a country of particular concern regarding religious freedom. It also called for targeted sanctions against individuals and entities involved in violations.


