From the print
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; നിലപാടിലുറച്ച് കേരളം
വെള്ളം തമിഴ്നാടിന്, ചെലവ് കേരളം വഹിക്കും. തള്ളി തമിഴ്നാട്.
തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ അണക്കെട്ട് തര്‍ക്കത്തില്‍ നിലപാടുകളിലുറച്ച് കേരളവും തമിഴ്നാടും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം കേരളം ഉന്നയിച്ചപ്പോള്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന വാദത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിലാണ് മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ കേരളവും തമിഴ്നാടും നിലപാടുകള്‍ ആവര്‍ത്തിച്ചത്. ദക്ഷിണ മേഖലാ കൗണ്‍സിലിന്റെ 31ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന നിര്‍ദേശം ആവര്‍ത്തിച്ച കേരളം, പുതിയ അണക്കെട്ട് യാഥാര്‍ഥ്യമായാല്‍ തമിഴ്നാടിന് ആവശ്യമായ മുഴുവന്‍ ജലവും ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ മുഴുവന്‍ നിര്‍മാണച്ചെലവും കേരളം വഹിക്കാന്‍ തയ്യാറാണെന്നും അണക്കെട്ടിന്റെ നിര്‍മാണ രൂപരേഖയും സ്ഥാനവും നിര്‍മാണ മേല്‍നോട്ടവും തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരളം അറിയിച്ചു. എന്നാല്‍, നിലവിലെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ തമിഴ്നാട്, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നും ജലനിരപ്പ് ഉയര്‍ത്തിയാല്‍ മാത്രമേ തമിഴ്നാട്ടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളൂവെന്നും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി.
ടോള്‍ ഇളവ്
മുല്ലപ്പെരിയാറിനു പുറമെ കെ എസ് ആര്‍ ടി സി ടോള്‍ ഇളവ്, തലശ്ശേരി- മൈസൂരു, നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പ്പാത, രാത്രികാല യാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങളും കൗണ്‍സില്‍ യോഗത്തില്‍ കേരളം ഉന്നയിച്ചു. കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ‘മിഷന്‍ സമുദ്ര’ പദ്ധതിക്കായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ മിനറല്‍ ആക്ട് (ഖനിധാതു നിയമം) ഭേദഗതി അടിയന്തരമായി റദ്ദാക്കണം, ലോക്‌സഭാ സീറ്റ് 543 ആയി നിലനിര്‍ത്തണം, വനിതാ സംവരണം വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി വി ഡി സതീശന്‍ ഉന്നയിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തില്‍ നിലപാട് മയപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി, നിയമസഭ പാസ്സാക്കിയ പ്രമേയത്തിലെ നിലപാട് ആവര്‍ത്തിച്ചില്ലെന്നത് ശ്രദ്ധേയമാണ്. വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Content Highlights:
Kerala maintains its firm stance on constructing a new dam at Mullaperiyar to ensure safety and security. The state emphasizes that a new structure is essential given the aging current dam. Discussions and legal steps regarding the ongoing dispute continue with neighboring Tamil Nadu.


