Connect with us

elathur train attack

ട്രെയിൻ തീവെപ്പ്: തീവ്രവാദി നിഗമനത്തിലേക്ക് അന്വേഷണ സംഘം

പ്രതിക്ക് കൃത്യമായ നിർദേശം ലഭിച്ചെന്ന് കേന്ദ്ര ഇന്റലിജൻസ്

Published

|

Last Updated

കോഴിക്കോട് | പിടിയിലായ പ്രതി തീവ്രവാദിയെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. കേന്ദ്ര ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്. കൃത്യമായ തീവ്രവാദ സ്വഭാവം ഈ കേസിനുണ്ടെന്നാണ് നിഗമനം. ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി പ്രതിക്കില്ലെന്നും കേന്ദ്ര ഇന്റലിജൻസ് വ്യക്തമാക്കുന്നുണ്ട്.

ഈ ക്രൂരകൃത്യം ചെയ്യാൻ കൃത്യമായ നിർദേശം ലഭിച്ചിരുന്നുവെന്നതാണ് കേന്ദ്ര ഇന്റലിജൻസ് എത്തിയ മറ്റൊരു നിഗമനം. അതേസമയം, ഡൽഹിയുടെ പുറത്തേക്ക് തീരെ യാത്ര ചെയ്തിട്ടില്ലെന്ന് കുടുംബം പറയുന്ന സെയ്ഫിക്ക് ആര് പ്രചോദനമായി, കൃത്യമായ നിർദേശം ലഭിച്ചത് ആരിൽ നിന്ന് എന്നതുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. സംഭവത്തിന്റെ തുടക്കം മുതൽ അടിമുടി ദുരൂഹതകളും സങ്കീർണതകളും നിറഞ്ഞുനിന്ന സംഭവത്തിന് അറസ്റ്റോടെ ചില ഉത്തരങ്ങൾ ലഭിക്കുമെങ്കിലും തീവ്രവാദപ്രവർത്തനത്തിനാണെങ്കിൽ എന്തിന് കേരളം തിരഞ്ഞെടുത്തുവെന്ന പ്രധാന ചോദ്യം അവശേഷിക്കുകയാണ്.

റെയിൽവേ ട്രാക്കിന് സമീപമുണ്ടായിരുന്ന ബാഗിലുള്ള ഫോൺ ഉൾപ്പെടെ ആറ് ഫോണുകൾ സെയ്ഫിക്ക് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നുണ്ട്. ഇതിൽ ഒരു ഫോണാണ് കഴിഞ്ഞ ദിവസം അർധരാത്രിക്ക് ശേഷം ആശുപത്രിയിൽ വെച്ച് ഓണാക്കിയത്. ഈ സമയത്ത് ആരെയെങ്കിലും ബന്ധപ്പെടാൻ വേണ്ടിയായിരുന്നോ ഫോൺ ഓണാക്കിയതെന്ന് വ്യക്തമല്ല. ഫോൺ ഓണാക്കിയതോടെയാണ് അന്വേഷണ സംഘത്തിന് ലൊക്കേഷൻ സംബന്ധിച്ച് വ്യക്തത ലഭിക്കുന്നത്. തുടർന്ന് പ്രതി ആശുപത്രിയിലുണ്ടെന്ന് മനസ്സിലാക്കി. സംഘം അവിടേക്കെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

എന്നാൽ മഹാരാഷ്ട്ര എ ടി എസ് വിദഗ്ധമായി പ്രതിയെ വലയിലാക്കുകയായിരുന്നു. മഹാരാഷ്ട്ര എ ടി എസിനോടാണ് പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പോലീസ് സംഘം ഇന്നലെയാണ് സെയ്ഫിയുടെ വീട്ടിലെത്തുന്നത്. ഡൽഹി പോലീസിന്റെ സഹായത്തോടെ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

---- facebook comment plugin here -----

Latest