UAE
കനത്ത മൂടല്‍മഞ്ഞ്; അബൂദബിയിലെ പ്രധാന പാതകളില്‍ നിയന്ത്രണം
വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചു.
അബൂദബി | രാജ്യമാസകലം കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടു. ഇതിനെ തുടര്‍ന്ന് അബൂദബിയിലെ വിവിധ പ്രധാന റോഡുകളിലെ വേഗപരിധി ഇന്നലെ മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചു. ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അബൂദബി-അല്‍ ഐന്‍ റോഡിലെ അല്‍ വത്ബ-അല്‍ ഫായ, അല്‍ ഖസ്‌ന-അല്‍ റിമ, അല്‍ തഫ്ഫ് റോഡിലെ സൈ്വഹാന്‍-അല്‍ അജ്ബാന്‍, സൈ്വഹാന്‍-അല്‍ സഅദ് പാലം എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന പാതകളിലാണ് വേഗപരിധി ചുരുക്കിയത്. കൂടാതെ ഉം അസ് സുമൂല്‍ റോഡ്, ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡ്, മുഹമ്മദ് അല്‍ ഫലാഹി അല്‍ യാസി റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡ്, അല്‍ ഫായ റോഡ്, സൈ്വഹാന്‍ റോഡിലെ വിവിധ മേഖലകള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ മേഖലകളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പലയിടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിലേക്ക് വരെ താഴാന്‍ സാധ്യതയുള്ളതിനാലാണ് സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കിയത്.
സ്മാര്‍ട്ട് ഇലക്ട്രോണിക് സൂചനാ ബോര്‍ഡുകളില്‍ തെളിയുന്ന താത്കാലിക വേഗപരിധി ഡ്രൈവര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് അബൂദബി പോലീസ് നിര്‍ദേശിച്ചു.
Content Highlights:
Heavy fog reduced visibility on main roads across Abu Dhabi, forcing authorities to issue speed restrictions. Abu Dhabi Police urged motorists to drive cautiously and adhere to temporary speed limits displayed on electronic signs. The safety measures aim to prevent multi-vehicle crashes during low visibility.

