Connect with us

Travelogue

ദുർഘടമായ വീഥിയുംകടന്ന്...

സുന്നീ വഖ്ഫ് ബോർഡിനാണ് ജാമിഉ സുബൈരിബ്നിൽ അവ്വാമിന്റെ ചുമതല. ഹി. 386ലാണ് നിർമാണമെന്ന് കവാടത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഇബ്നുൽ ജൗസി തന്റെ അൽ മുൻതളമു ഫീ താരീഖിൽ മുലൂകി വൽ ഉമമിൽ അക്കാര്യം പരാമർശിക്കുന്നുണ്ട്.

Published

|

Last Updated

അൽ സുബൈർ മുനിസിപ്പാലിറ്റിയിലെ തെരുവ് മാർക്കറ്റിലൂടെ നടന്നാണ് ഞങ്ങൾ ഈ കെട്ടിടത്തിന് മുന്നിലെത്തിയത്. അത്യാവശ്യം വലിപ്പമുള്ള ബിൽഡിംഗാണ്. പ്രധാനികളായ ഏതാനും സ്വഹാബികളുടെ മഖ്ബറകൾ ഇതിനകത്തുണ്ട്. ബസ്വറ നഗരത്തിന്റെ സ്ഥാപകർ. സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പത്ത് പേരിൽ ഒരാളും ബദ്റിൽ പങ്കെടുത്തവരുമായ സുബൈറുബ്നു അവ്വാം(റ) ആണ് അവരിൽ പ്രധാനി.

തിരുനബി(സ്വ)യുടെ അമ്മായി സ്വഫിയ്യയുടെ മകനും അബൂബക്ർ(റ)ന്റെ മകൾ അസ്മാ ബീവിയുടെ ഭർത്താവുമാണ് അദ്ദേഹം. എല്ലാ പോരാട്ടങ്ങളിലും തിരുനബിയോടൊപ്പം പങ്കാളിയായി. ധീരനും നിർഭയനുമായിരുന്നു. ഖൻദഖ് പോരാട്ടത്തിലെ സേവനം പരിഗണിച്ച് ഹവാരീ റസൂൽ അഥവാ തിരുനബിയുടെ ഉറ്റസ്നേഹിതൻ എന്ന് വിളിക്കപ്പെട്ടു. ആദ്യ കാലത്ത് തന്നെ ഇസ്‌ലാം വിശ്വസിച്ചവരായിരുന്നു സുബൈർ(റ). പതിനാറ് വയസ്സ് മാത്രമായിരുന്നു അപ്പോഴത്തെ പ്രായം. പീഡനങ്ങളേറെ സഹിച്ചിട്ടും അവിടുന്ന് സത്യമാർഗം ത്യജിച്ചില്ല. “നീ മുഹമ്മദി(സ്വ)ന്റെ റബ്ബിനെ നിഷേധിക്കണം, എങ്കിൽ നിനക്ക് രക്ഷപ്പെടാം’. ഒരിക്കൽ സുബൈറുബ്നുൽ അവ്വാമിനെ പായയിൽ പൊതിഞ്ഞ ശേഷം തീകത്തിച്ച് ശത്രുക്കൾ ആജ്ഞാപിച്ചു.

“ഇല്ല, ഞാനൊരിക്കലും അവിശ്വാസത്തിലേക്ക് വരില്ല’.

കത്തുന്ന തീയിൽ നിന്ന് പുകച്ചുരുളുകൾ ഏറ്റ് ശ്വാസം മുട്ടുന്നുണ്ട്. വാക്കുകൾ ഇടറുന്നുണ്ടെങ്കിലും പതറാതെ മഹാനവർകൾ ഇങ്ങനെ പ്രതികരിച്ചു. ഏത്യോപ്യയിലേക്കും മദീനയിലേക്കും പലായനം നടത്തിയിട്ടുണ്ട്. ബദ്ർ യുദ്ധ സമയത്ത് “സുബൈർ അണിഞ്ഞ അതേ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞാണ് മലക്കുകൾ ബദ്റിലിറങ്ങിയത്’. തിരുനബി(സ്വ) പറഞ്ഞ വാക്കുകളാണിത്.

ബദ്ർ ദിനത്തിൽ മഞ്ഞ നിറത്തിലുള്ള തലപ്പാവാണ് സുബൈർ(റ) ധരിച്ചിരുന്നത്. തിരുനബി(സ്വ) യുദ്ധത്തിനു മുമ്പ് ബദ്റിലെ സ്ഥിതിഗതികൾ മനസ്സിലാക്കി വരാൻ നിയോഗിച്ചവരുടെ കൂട്ടത്തിലും യുദ്ധവേളയിൽ പതാക നൽകി നേതൃത്വം ഏൽപ്പിച്ചവരുടെ കൂട്ടത്തിലും മഹാനവർകൾ ഉണ്ടായിരുന്നു. വിവിധ യുദ്ധങ്ങളിലായി ധാരാളം മുറിവുകൾ ഏറ്റിട്ടുണ്ട്. സ്വഹാബികൾക്കിടയിൽ ഇത്രയും മുറിവുകളേറ്റ മറ്റൊരാൾ ഉണ്ടായിരുന്നില്ല. ഹസനുൽ ബസ്വരിയുടെ അഭിപ്രായത്തിൽ അവയുടെ എണ്ണം മുപ്പതിലധികമാണെന്നാണ്.

ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖ് തങ്ങളുടെ കാലത്ത് നടന്ന മതപരിത്യാഗികളോടുള്ള യുദ്ധത്തിൽ നേതൃസ്ഥാനം വഹിച്ചു. രണ്ടാം ഖലീഫ ഉമറു ബ്നു ഖത്താബിന്റെ നിർദേശ പ്രകാരം പേർഷ്യ, ഈജിപ്ത്, ഇറാഖ്, സിറിയ, സുഡാൻ, ലിബിയ എന്നിവിടങ്ങളിലേക്ക് നടത്തിയ സൈനിക നീക്കത്തിലും മുന്നണിപ്പോരാളിയായി അണി നിരന്നു. ഉസ്മാനു ബ്നു അഫ്ഫാൻ തങ്ങളുടെ രാഷ്ട്രീയ ഉപദേശക സ്ഥാനവും വഹിച്ചിട്ടുണ്ട്. നാലാം ഖലീഫ അധികാരത്തിലേറിയപ്പോൾ ആദ്യ ഘട്ടത്തിൽ പിന്തുണച്ചു. പിൽക്കാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. ജമൽ യുദ്ധത്തിൽ എതിർപക്ഷത്തായിരുന്നു.

ഹി. 36 റജബ് മാസത്തിലാണ് ആ ധീര പോരാളി രക്തസാക്ഷിത്വം വരിച്ചത്. നിസ്കാര വേളയിൽ സുജൂദിലായിരിക്കെ കുത്തേറ്റായിരുന്നു അത്. അറുപത്തിനാല് വയസ്സായിരുന്നു അപ്പോൾ. ശിയാക്കൾ അലി(റ)ന്റേതെന്ന പേരിൽ പല വ്യാജ ആരോപണങ്ങളും ഉന്നയിക്കാറുണ്ട്. അതു കൊണ്ട് തന്നെയാകണം അവിടുത്തെ സ്മാരക കേന്ദ്രവും പരിസരവും ഇവ്വിധം അവഗണിക്കപ്പെട്ടത്. നവീകരണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്. ഇങ്ങോട്ടുള്ള വഴിയും ചെളി നിറഞ്ഞതാണ്. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ വഴുതി വീഴാൻ സാധ്യതയുള്ള ഭാഗം. നൂറു കണക്കിനാളുകൾ നിത്യേന നടന്നു പോകുന്ന സ്ഥലമാണിത്. സുന്നീ വഖ്ഫ് ബോർഡിനാണ് ജാമിഉ സുബൈരിബ്നിൽ അവ്വാമിന്റെ ചുമതല. ഹി. 386ലാണ് നിർമാണമെന്ന് കവാടത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഇബ്നുൽ ജൗസി തന്റെ അൽ മുൻതളമു ഫീ താരീഖിൽ മുലൂകി വൽ ഉമമിൽ അക്കാര്യം പരാമർശിക്കുന്നുണ്ട്.

Latest