Kerala
കന്നുകാലി ചത്തതോടെ റോഡ് സൈഡിൽ ഉപേക്ഷിക്കാന്‍ ശ്രമം; കൊല്ലത്ത് മൂന്ന് പേർ പിടിയിൽ
പത്തേക്കര്‍-ഡാം പാതയോരത്ത്, ലോറിയില്‍ കൊണ്ടുവന്ന അറവുമാടിനെ റോഡ് സൈഡിൽ ഉപേക്ഷിക്കുകയായിരുന്നു
കൊല്ലം| കന്നുകാലി ചത്തതോടെ റോഡ് സൈഡില്‍ ഉപേക്ഷിച്ചു കടന്നു കളയാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. ഇന്നലെ ഉച്ചയോടെ തെന്മലയിലാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് തെങ്കാശി സ്വദേശികളായ ജ്യോതിരാജ് (27), മുത്തുകുമാര്‍ (32 ), പ്രകാശ് (32 ) എന്നിവരെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു.
അറവുമാടിനെ കയറ്റിവന്ന മറ്റൊരു ലോറിയിലെ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴുതുരുട്ടിയില്‍ നിന്ന് കന്നുകാലിയെ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞ ലോറി കണ്ടെത്തിയത്. പത്തേക്കര്‍-ഡാം പാതയോരത്ത്, ലോറിയില്‍ കൊണ്ടുവന്ന അറവുമാടിനെ റോഡ് സൈഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് ബൈക്കിലെത്തിയവര്‍ കാണുകയും നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തി തെന്മല പോലീസില്‍ പരാതി നല്‍കി. പോലീസ് ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ വിവരം കൈമാറി. തമിഴ്നാട്ടില്‍ നിന്ന് അറവുമാടുകളെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൊണ്ടുപോകുമ്പോഴാണ് ഒരെണ്ണം ചത്തുപോയതെന്നും തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് ലോറി ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്.





