Connect with us

Kerala

മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് സംസ്ഥാന ആഭ്യന്തര വകുപ്പെന്നതിന് തെളിവുണ്ട്; ഉത്തരവ് പിന്‍വലിക്കണം: കെ സുധാകരന്‍

തമിഴ്‌നാടിന്‍രെ താല്‍പര്യം സംരക്ഷിക്കാനാണ് വകുപ്പ് മന്ത്രി പോലും അറിയാതെ മരം മുറിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാറില്‍ ബേബി ഡാം ശക്തിപ്പെടുത്താന്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണെന്ന വാദം മുഖവിലക്കെടുക്കാനുള്ള ബുദ്ധിശൂന്യതയുള്ളവരല്ല കേരള ജനതയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് സംസ്ഥാന ആഭ്യന്തര വകുപ്പാണെന്നതിന് നിരവധി തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വളരെ ആശങ്കയോടെയാണ് കേരളം ഇത് നോക്കി കാണുന്നത്. തമിഴ്‌നാടിന് ഇത് കുടിവെള്ള പ്രശ്‌നമാണെങ്കില്‍ കേരളത്തിനത് അസ്ഥിത്വ പ്രശ്‌നമാണ്. മുല്ലപ്പെരിയാര്‍ ഡാമില്‍ കൂടുതല്‍ വെള്ളം കെട്ടിനിര്‍ത്തരുതെന്നത് സംസ്ഥാന താല്‍പര്യമാണ്. മരം മുറിക്കാന്‍ അനുമതി നല്‍കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നത് ശരിയായിരിക്കാം. മുട്ടില്‍ മരം മുറി സംഭവത്തിലും അങ്ങിനെ സംഭവിച്ചിട്ടുണ്ട്. തമിഴ്‌നാടിന്‍രെ താല്‍പര്യം സംരക്ഷിക്കാനാണ് വകുപ്പ് മന്ത്രി പോലും അറിയാതെ മരം മുറിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. ഈ ഉത്തരവ് പിന്‍വലിക്കണം. ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കണം. വകുപ്പിലെ കാര്യം പോലും അറിയാത്ത വനംവകുപ്പ് മന്ത്രി മാനാഭിമാനമുണ്ടെങ്കില്‍ രാജിവെക്കണമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

Latest