Connect with us

Kasargod

മകന്റെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു; പ്രതി പിടിയില്‍

പള്ളിക്കര പെരിയ റോഡിലെ പഴയ സിനിമ തിയേറ്ററിന് സമീപത്തെ അപ്പക്കുഞ്ഞി (67) യാണ് മരിച്ചത്. അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (35) ബേക്കല്‍ പോലീസ് പിടിയില്‍.

Published

|

Last Updated

ബേക്കല്‍ | മകന്റെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍
പള്ളിക്കര പെരിയ റോഡിലെ പഴയ സിനിമ തിയേറ്ററിന് സമീപത്തെ അപ്പക്കുഞ്ഞി (67) യാണ് മരിച്ചത്. സംഭവത്തില്‍ അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (35) ബേക്കല്‍ പോലീസ് പിടിയിലായി.

ഇന്ന് വൈകിട്ട് 5.30 ഓടെ വീട്ടില്‍ വെച്ചാണ് സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ പ്രമോദ് ഇരുമ്പ് പാര കൊണ്ട് അപ്പക്കുഞ്ഞിയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അപ്പക്കുഞ്ഞിയെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെയും അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു. മകന്റെ അടിയേറ്റതിനെ തുടര്‍ന്ന് അപ്പക്കുഞ്ഞി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ ശേഷം കോട്ടിക്കുളം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇന്ന് വൈകിട്ട് ഇരുവരും തമ്മില്‍ വീണ്ടും വാക്ക് തര്‍ക്കമുണ്ടാവുകയും പ്രമോദ് അപ്പക്കുഞ്ഞിയെ തലക്ക് അടിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഗള്‍ഫിലായിരുന്ന പ്രമോദ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്.

സുജാതയാണ് അപ്പക്കുഞ്ഞിയുടെ ഭാര്യ. മറ്റു മക്കള്‍: അജിത് (ഗള്‍ഫ്), റീത്ത, റീന. മരുമക്കള്‍: മധു (മീങ്ങോത്ത്), ജിതിന്‍ (അച്ചാംതുരുത്തി), പ്രവിത.

---- facebook comment plugin here -----

Latest