Connect with us

prathivaram story

പറയാ കഥകൾ

പതിവുപോലെ ഓരോ ദിനവും പുതിയ അനുഭവങ്ങളിലൂടെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് ഞാനും അറിയാറില്ല.

Published

|

Last Updated

നല്ല തിരക്കുള്ള ഒരു ദിവസമായിരുന്നു. അവർ ക്ലിനിക്കിൽ വന്നത്. അവരുടെ മുഖത്ത് പരിഭ്രമവും ആശങ്കയും നിറഞ്ഞുനിന്നിരുന്നു. ശീതീകരിച്ച മുറിയിലായിരുന്നിട്ടും വിയർപ്പിന്റെ നേരിയ ചാലുകൾ ഒപ്പിയെടുക്കാൻ അവർ പാടുപെട്ടു. ഈ മുഖഭാവങ്ങൾ ചിരചരിചിതമായതിനാൽ പതിവുപോലെ ഞാൻ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു.

തൊട്ടടുത്ത ഇരിപ്പിടങ്ങളിലാണെങ്കിലും മനസ്സുകൾ ഒരു കാതം അകലെയായിരുന്നു. കുറ്റപ്പെടുത്തലിന്റെ, വെറുപ്പിന്റെ കൂരമ്പുകൾ പരസ്പരം തൊടുത്തുവിടാൻ അവർ മത്സരിച്ചുകൊണ്ടേയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം മാത്രമായ യുവദമ്പതിമാരായിരുന്നു അവർ. ഞാനെന്ന ദ്വീപിൽ കുരുങ്ങിയ മനസ്സുകൾക്ക് ഇണയുടെ സാമീപ്യം പോലും അസഹ്യമായതും വെറുപ്പിന്റെ ഇരുട്ടുപരക്കുന്നതും എന്നിലും അസ്വസ്ഥത ഉളവാക്കി.
അവരെ ഒറ്റക്കൊറ്റക്ക്‌ സംസാരിക്കാൻ ക്ഷണിച്ചു. ഭർത്താവിന്റെ വിവാഹേതര ബന്ധം മനസ്സിലേറ്റ മുറിവ്‌ പൊട്ടി രക്തരേണുക്കളായി, കണ്ണീർചാലുകളിലൂടെ അണപൊട്ടിയൊഴുകി. സ്വപ്നങ്ങളിലെ ഇണസങ്കൽപ്പത്തിന് ഉടവ് പറ്റിയ വേദനയാൽ യുവാവും ഇടറിക്കൊണ്ടിരുന്നു.
പല ദിനരാത്രങ്ങളായ്‌ നെയ്തുകൊണ്ടിരുന്ന വെറുപ്പിന്റെ മാറാലകളിൽ, അവരുടെ പ്രണയത്തിന്റെ കരിഞ്ഞുണങ്ങിയ ചോരക്കറകൾ കാണാമായിരുന്നു.

എന്റെ ആവനാഴിയിലുള്ള ബന്ധങ്ങളുടെ മനോഹാരിതയുടെ തിയറികളും പാഠങ്ങളും അവരുടെ മനസ്സിൽ സ്‌നേഹത്തൂവലുകളുടെസാന്ത്വനസ്പർശമായി മാറിയത് എന്നെ ആവേശഭരിതനാക്കി. പിന്നീട് ഞങ്ങൾ സൈക്കോളജിസ്റ്റുകൾക്ക് മാത്രമറിയുന്ന ചില അസ്സൈന്റ്‌മെന്റുകൾ നൽകി മനസ്സിന്റെ മണിച്ചെപ്പുകൾ തുറന്നുനോക്കാൻ പ്രേരണയേകി. സ്‌നേഹപൂക്കളുടെ നറുമണം അവർക്ക് പ്രാപ്യമാകുന്നതുംപരസ്പരം ആസ്വദിക്കാൻ കഴിയുന്നതും സന്തോഷമുണ്ടാക്കി. പരസ്പര സ്‌നേഹത്തിനും പ്രണയത്തിനുമൊക്കെ അവരുടെ മനസ്സിൽ ഇനിയും ഇടമുണ്ടെന്നും ഞാനറിഞ്ഞു.
പിന്നീട്‌ സായന്തനത്തിൽ എനിക്ക് ഇഷ്ടമുള്ളഗസലുകളുടെ തലോടലിൽ ഞാനെന്റെ പ്രിയതമയെ പോലും മറന്നുപോയി.

പതിവുപോലെ ഓരോ ദിനവും പുതിയ അനുഭവങ്ങളിലൂടെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് ഞാനും അറിയാറില്ല.

അവരുടെ അവസാന സെഷൻ പ്രണയദിനത്തിലായിരുന്നതും ആകസ്മികമായി. അന്തരീക്ഷം പ്രണയപ്പൂക്കളുടെ ഗന്ധം നിറഞ്ഞിരുന്നു. അവർ മനസ്സിന്റെ വാതായനങ്ങൾ തുറന്നിട്ടപ്പോൾ അകത്തേക്ക് പയ്യെപ്പയ്യെ കടന്നുവന്ന കുളിർതെന്നലിൽ പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞിരുന്നു.
പിന്നെ, എന്റെ മാന്ത്രികവടി കൊണ്ട് വെറുപ്പിന്റെ മാറാലകൾ പാടുപെട്ട് തട്ടിയകറ്റിയപ്പോൾ പ്രണയപ്പൂക്കളുടെ കുത്തൊഴുക്കിൽ അവർ പരസ്പരം തഴുകിപ്പുണർന്നു. പറയാ കഥകളുടെ കെട്ടഴിഞ്ഞപ്പോൾ പരിസരമാകെ പ്രണയം പൂത്തുലഞ്ഞു..!