Connect with us

interview

വിയർപ്പിൽ വിരിഞ്ഞ സൂര്യകാന്തികൾ

എന്റെ എഴുത്തിലും ദളിത് ജീവിതാനുഭവങ്ങള്‍ സ്വാഭാവികമായി വന്നതാണ്. ദളിത് കവിത എന്ന മുന്‍ധാരണയോടെ ഒരു എഴുത്തും സംഭവിച്ചിട്ടില്ല. വിജില / സജിത് കെ കൊടക്കാട്ട്

Published

|

Last Updated

? കുട്ടിക്കാലത്തെ വായനയും എഴുത്തും

സ്നേഹസമ്പന്നമായ കുടുംബാന്തരീക്ഷം, നല്ല സൗഹൃദങ്ങള്‍, നാട്ടുമ്പുറ ജീവിതം ഇതൊക്കെ ഉണ്ടായിട്ടും ഞാന്‍ ഒരു തരം ഏകാന്തത അനുഭവിച്ചിരുന്നു. അതിനെ മറികടന്നത് വായനയിലൂടെ ആയിരുന്നു. വീട്ടില്‍ അച്ഛാച്ഛന്‍ വലിയ വായനക്കാരനും താര്‍ക്കികനും ഒക്കെ ആയിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സംസ്കൃതം അറിയാവുന്ന, വൈദ്യം അറിയാവുന്ന ഒരാള്‍. നാട്ടിലെ ബഹുമാന്യനായ അച്ഛാച്ഛന്റെ പണി പച്ചമരുന്നുകള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കലായിരുന്നു.അച്ഛന്റെ പെങ്ങള്‍ (വലിയമ്മ) വായനക്കാരിയായിരുന്നു. അവര്‍ ഹോസ്റ്റലില്‍ പഠിക്കുന്ന മകള്‍ക്കെഴുതുന്ന കത്ത്, ഞാന്‍ കാണുന്ന ആദ്യത്തെ എഴുത്ത് അതായിരുന്നു. ചേച്ചി പിന്നീട് മലയാളസാഹിത്യം തന്നെയാണ് പഠിച്ചത്. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. അവളുടെ പുസ്തകങ്ങള്‍ നങ്ങേമക്കുട്ടിയും ഇവനെക്കൂടിയും ആയിരം നാവുള്ള മൗനവും എടുത്ത് വായിക്കാറുണ്ടായിരുന്നു. ആ വായന എന്റെ എഴുത്തുവഴിയിലേക്കുള്ള ആദ്യപടിയായി കരുതുന്നു. സ്കൂള്‍ കാലത്ത് മലയാളം പഠിപ്പിച്ച അച്ഛാമ്മ ടീച്ചറാണ് ആദ്യമായി ഒരു വിഷയം തന്ന് കഥ എഴുതിച്ചത്. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കോളജ് കാലത്ത് വര്‍ഷാവര്‍ഷം ഇറങ്ങുന്ന കോളജ് മാഗസിനുകളില്‍ കഥകള്‍ വരാന്‍ തുടങ്ങി. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ലിറ്റില്‍ മാഗസിനുകളില്‍ കവിതകൾ പ്രസിദ്ധീകരിച്ചു കണ്ടു.

? കവിയാണെന്നും കവിതയാണ് മാധ്യമമെന്നും പിന്നീടെപ്പോഴാണ് തിരിച്ചറിഞ്ഞത്? ആദ്യ കവിതയും ആദ്യ പുസ്തകവും പ്രസിദ്ധീകരിച്ചതിന്റെ ഓർമകൾ

കോളജ് മാഗസിനുകളില്‍ കഥ വന്നപ്പോഴും കൂട്ടുകാര്‍ എന്നെ വിളിച്ചത് കവി എന്നായിരുന്നു. കോട്ടയത്ത് നിന്നിറങ്ങുന്ന കവിമൊഴി എന്ന മാസികയിലാണ് ആദ്യ കവിത വന്നത് എന്നാണോര്‍മ.
2006ല്‍ ആദ്യ കവിതാസമാഹാരം “അടുക്കളയില്ലാത്ത വീട്’ പേരാമ്പ്രയില്‍ നിന്ന് ഇന്ത്യന്‍ ട്രൂത്ത് പബ്ലിക്കേഷന്‍ വഴി ഇറങ്ങി. പുസ്തകം പ്രകാശനം ചെയ്തത് കുരീപ്പുഴ ശ്രീകുമാറും സി പി അബൂബക്കർ സാറുമാണ്. പ്രദീപന്‍ പാമ്പിരിക്കുന്ന്, വീരാന്‍കുട്ടി, കെ കുഞ്ഞമ്മത് മാസ്റ്റര്‍ ഇവരുടെയൊക്കെ സാന്നിധ്യവും ഉണ്ടായിരുന്നു. പുസ്തകം സച്ചിദാനന്ദന്‍ മാഷിനും ഒ എന്‍ വിക്കും കമല സുരയ്യക്കും റഫീക്ക് അഹമ്മദിനും അയച്ചുകൊടുത്തു. സച്ചിദാനന്ദനും ഒ എന്‍വിയും റഫീക്ക് അഹമ്മദും പ്രതികരണമറിയിച്ച് മറുപടി അയച്ചു. ഇതൊക്കെ എന്റെ ജീവിതത്തിലെ വലിയ കാര്യം തന്നെയാണ്.

? എല്ലാ അഴുക്കുകളേയും / അടക്കിപ്പിടിച്ചു കൊണ്ട് / കൈക്കലത്തുണികൾ / ഒന്നു നനഞ്ഞു നിവരാൻ / അതിനെ അനുവദിച്ചില്ല / അഴുക്കുകളത്രയും ഊറിയുറഞ്ഞ് /പാറ പോലുറച്ചു. / എത്ര മൃദുലമായിരുന്നെന്നോ / അവയുടെ പഴയ കാലം…
പല ഭാഷകളിൽ പരിഭാഷപ്പെടുത്തുകയും സർവകലാശാലകൾ ” കൈക്കലത്തുണികൾ’ എന്ന ഈ കവിത സിലബസിൽ ഉൾപ്പെടുത്തുകയും ചെയ്തത് അതിന്റെ അനുഭവ തീക്ഷ്ണത കൊണ്ടു കൂടിയാകുമല്ലോ. എന്തായിരുന്നു ഇങ്ങനെയൊരു കവിതക്ക് പ്രചോദനം?
കൈക്കലത്തുണികള്‍ എഴുതിയിട്ട് പന്ത്രണ്ട് വർഷമായി. തിരുവനന്തപുരത്ത് സ്റ്റുഡിയോ റോഡില്‍ താമസിക്കുമ്പോഴാണ് ആ കവിത എഴുതുന്നത്. ജോലിക്ക് പോകണം. വീട്ടിലെ കാര്യങ്ങള്‍ നോക്കണം. അമ്മായിഅമ്മക്ക് രക്താര്‍ബുദമാണെന്ന് മനസ്സിലാകുന്നത് അധികം താമസിയാതെയാണ്. അതിന്റെ ക്ഷീണം ഉള്ളത് കാരണം അവരുടെ കാര്യം കൂടെ നോക്കേണ്ട അവസ്ഥയില്‍ വായനയും എഴുത്തും ഒരു വഴിക്കായി എന്ന് പറയാം. ജനിച്ചുവളര്‍ന്ന നാടും വീടുമൊക്കെ വിദൂരമായ ഒരു ഓര്‍മയായി തുടങ്ങി. അന്ന് ഒരു കുഞ്ഞുണ്ടാകുന്നെങ്കില്‍ മകളുണ്ടാകാ‍ന്‍ ആഗ്രഹിച്ചു. മറ്റൊരു അടുക്കളയിലായിപ്പോയ മകളെ മഴയിലേക്ക് തള്ളിവിട്ടിരുന്നെങ്കില്‍ എന്ന് അമ്മ ആഗ്രഹിക്കുന്നതാണ് കവിത.

? കൂടുതൽ ആവിഷ്കരണം നടക്കാത്ത, ജീവിത പരിസരങ്ങളും അനുഭവ മേഖലകളും നിറഞ്ഞ ഗോത്ര കവിതകളും ഇവിടെ ശക്തിപ്പെട്ടുവരുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. കവിതയുടെ ഈ പുതുവഴികൾ പ്രതീക്ഷാനിർഭരം എന്നു പറയാമോ?
ഗോത്രജനതയുടെ ആവിഷ്കരണങ്ങള്‍ പാട്ടുകളിലൂടെയും കലാരൂപങ്ങളിലൂടെയുമാണ് കൈമാറിക്കൊണ്ടിരുന്നത്. എന്നാല്‍ ഈ പാട്ട് ഇന്നയാള്‍ എഴുതി എന്ന് കൃത്യമായി പറയാന്‍, ചൂണ്ടിക്കാണിക്കാന്‍ ഒരാളില്ല എന്നത് ഒരു അനാഥത്വം അനുഭവപ്പെടുത്തും. കര്‍തൃത്വം സാധ്യമായത് 1998ല്‍ നാരായണന്റെ കൊച്ചരേത്തി എന്ന നോവല്‍ പുറത്തിറങ്ങിയതോടെയാണ്. ഗോത്രഭാഷയിലും മലയാളത്തിലുമായി 2016ല്‍ അശോകന്‍ മറയൂര്‍ തന്റെ കവിതകളുമായി പ്രവേശിച്ചതൊടെയാണ് ഗോത്രസാഹിത്യത്തിന് സജീവത ഉണ്ടായതെന്ന് പറയാം. അശോകന് പുറമേ പി ശിവലിംഗന്‍, സുകുമാരന്‍ ചലിഗദ്ധ, ശാന്തി പനയ്ക്കന്‍, ധന്യ വേങ്ങച്ചേരി, ക്രിസ്റ്റി ഇലക്കണ്ണന്‍ തുടങ്ങി നാല്‍പ്പത്തിരണ്ടിലധികം കവികള്‍ സജീവമായി എഴുതുന്നതിനെ വലിയ കാര്യമായി തന്നെ കാണുന്നു. എഴുത്തിലെ സാഹോദര്യം തിരിച്ചറിയുന്നത് ഈ കവിതകളുടെ ആഴങ്ങളില്‍ നിന്ന് തന്നെയാണ്. മലയാളത്തേക്കാള്‍ സൗന്ദര്യവും കരുത്തും ഗോത്രഭാഷകള്‍ക്കുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. സാഹിത്യത്തിലെ വരേണ്യബോധങ്ങള്‍ക്കും അടക്കിവാഴ്ചകള്‍ക്കും ഗോത്രസാഹിത്യത്തിന്റെ വരവോടെ സമാപ്തിയായി എന്ന് അതിവിദൂരമല്ലാത്ത വരുംകാലത്ത് നമുക്ക് പറയേണ്ടിവരും.

 

? നാട്ടുമൊഴികളും ബിംബങ്ങളും കൊണ്ടു കൂടി സമ്പന്നമാണല്ലോ വിജിലയുടെ കവിതകൾ. കവിതയുടെ ലാവണ്യശാസ്ത്രത്തിന് നല്ലതെന്നു തോന്നി, കവിത സ്വീകരിക്കപ്പെടുന്നവരിൽ സാധാരണക്കാരും ഉൾപ്പെടണം എന്ന ഉറച്ച ബോധ്യത്തിൽ നിന്നും സ്വാഭാവികമായും ഉടലെടുക്കുന്നതാണെന്നു പറയാമോ.
ഈയിടെയാണ് നാട്ടുമൊഴികള്‍ കൂടുതലായി ഉള്‍പ്പെടുത്തിയതെന്ന് പറയാം. ഏലയ്ക്കും മര്യായ്ക്കും എന്നൊക്കെ ഫേസ്ബുക്കില്‍ എഴുതിയപ്പോഴാണ് അതിന്റെ സാധ്യതകള്‍ മനസ്സിലായത്. വീരാന്‍കുട്ടി മാഷിന്റെ കവിതകളിലെ ചരെയ്മ, നീരറുക്കല്‍, മൂക്കീര് തുടങ്ങിയ വാക്കുകള്‍ മലബാറിന്റെ സ്വന്തമാണ്. അതിനുശേഷം പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവലിലും വടക്കേ മലബാറിലെ തനത് പ്രയോഗങ്ങള്‍ വന്നു. ദേശപ്പേരുകള്‍ വന്നു. ഇതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ എനിക്കും കൊണ്ടുവരണം. അത് സ്വാഭാവികമായി വരുന്നത് തന്നെയാണ് നല്ലത്. ദുരൂഹമായ ഭാഷയില്‍ പൊതിഞ്ഞെഴുതിയാലേ കവിതയാകൂ എന്ന ധാരണ പുതുകവിതയുടെ ബഹുസ്വരതകളാല്‍ ഏതാണ്ട് പൊളിഞ്ഞു. ലളിതവും സാധാരണവുമായ ഭാഷയിലെ എഴുത്തിനും സ്വീകാര്യത കിട്ടുന്നുണ്ട്. ഇപ്പോള്‍ കവിതകള്‍ പോസ്റ്ററുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോള്‍ ഏത് സാധാരണക്കാര്‍ക്കും അത് ഷെയര്‍ ചെയ്യാന്‍ തോന്നുന്നത് കവിത നാട്ടിമ്പുറങ്ങളിലേക്കും ചേരികളിലേക്കും തെരുവുകളിലേക്കും ഊടുവഴികളിലേക്കും ഇറങ്ങിനടക്കുന്നത് കൊണ്ടാണ്.

വീട്ടമ്മയെ വീട്ടുദ്യോഗസ്ഥ എന്ന് ഒരുവന്‍ അമ്മയെ പരിചയപ്പെടുത്തിയത് ഭാഷയുടെ വികാസമാണ് കാണിക്കുന്നത്. ഇക്കാലത്തും ദളിതരെ ഹരിജനങ്ങള്‍ എന്ന് വിളിക്കുന്നവരും ഉണ്ട്. ഇത്തരം പ്രയോഗങ്ങളെ തിരുത്താന്‍ തക്ക ശേഷിയുള്ള കവിതകള്‍ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കവിത എഴുതിയതുകൊണ്ട് മാത്രം ഭാഷാപരമായി ഉയര്‍ന്നു എന്ന് കരുതാനാകില്ല. നിഷേധിക്കപ്പെട്ട ഒച്ചകള്‍ക്ക് ലിപി നല്‍കലാണ് എനിക്ക് കവിത, എന്റെ അമ്മമാര്‍ക്ക് എഴുതാന്‍ കഴിയാതെ പോയതാണ്, അവരുടെ വിയര്‍പ്പിലും സ്നേഹത്തിലും വിരിഞ്ഞ സൂര്യകാന്തികളാണ് കവിത എന്ന് ഒരിക്കൽ കൂടി കൂട്ടിച്ചേര്‍ക്കട്ടെ.

 

---- facebook comment plugin here -----

Latest