Connect with us

editorial

സി ജെ പി: കോടതി ഇടപെടലിലെ ജനാധിപത്യ സൗന്ദര്യം

പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്ന ഒറ്റക്കാരണത്താല്‍ വിദ്യാര്‍ഥികള്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരരുതെന്ന കോടതിയുടെ നിലപാട് നീതിയുക്തമാണ്. 142ാം അനുഛേദത്തിന്റെ അന്തസ്സത്ത വ്യക്തമാക്കുന്ന ഒന്നാണ് ഈ വിധിന്യായം.

Published

|

Last Updated

കേന്ദ്ര സര്‍ക്കാറിനെ പിടിച്ചുലച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പ്രസക്തിയും ജനാധിപത്യ പ്രഹരശേഷിയും പരമോന്നത നീതിപീഠം അങ്ങേയറ്റം വിലമതിക്കുന്നുവെന്ന് തെളിയിക്കുന്ന ഇടപെടലാണ് കഴിഞ്ഞ ദിവസമുണ്ടായത്. നീറ്റ്- യു ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ മിക്കവയും റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ഭരണഘടനയുടെ 142ാം അനുഛേദം അനുസരിച്ചുള്ള സവിശേഷ അധികാരം പ്രയോഗിച്ചാണ് ജന്തര്‍ മന്തറിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കിയത്.

വിയോജിക്കാനും വ്യവസ്ഥാപിതമായി പ്രതിഷേധിക്കാനും സംഘടിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഭരണകൂടം കുതന്ത്രങ്ങള്‍ മെനയുന്ന കാലത്ത് നീതിപീഠം കൈക്കൊള്ളേണ്ട അനിവാര്യമായ ഇടപെടല്‍ തന്നെയാണിത്. സമരത്തിന് നേതൃത്വം നല്‍കിയ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുള്‍പ്പെടെയുള്ളവർ നല്‍കിയ ഉറപ്പുകളിലൊന്നായിരുന്നു ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നത്. ആ തീരുമാനം നടപടിക്രമങ്ങളുടെ നൂലാമാലകളില്‍പ്പെട്ട് വൈകുന്നത് തടയാനും വിദ്യാര്‍ഥികളെ മറ്റൊരു പ്രക്ഷോഭത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കാനും സുപ്രീം കോടതിയുടെ ഉത്തരവ് ഉപകരിച്ചു. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ തെരുവില്‍ നിര്‍ത്തരുതെന്ന ജാഗ്രത കോടതിക്കുണ്ടെന്നത് ആശ്വാസകരമാണ്. കേസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പ്രക്ഷോഭകര്‍ക്കുള്ള “ഹീലിംഗ് ബാം’ (രോഗശാന്തി നല്‍കുന്ന മരുന്ന്) ആയിരിക്കുമെന്ന ശ്രദ്ധേയമായ പരാമര്‍ശം നടത്തിയിട്ടുണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്ന ഒറ്റക്കാരണത്താല്‍ വിദ്യാര്‍ഥികള്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരരുതെന്ന കോടതിയുടെ നിലപാട് നീതിയുക്തമാണ്. മുഴുവന്‍ പ്രക്ഷോഭകരും കുറ്റവാളികളല്ലെന്നും സമാധാനപരമായ സമരം സംഘര്‍ഷഭരിതമാക്കാന്‍ ബാഹ്യശക്തികള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും കോടതി വ്യക്തമാക്കി. പ്രക്ഷോഭം വിജയിക്കാന്‍ കാരണമായത് സമാധാനപരമായി നിലകൊണ്ട സമരക്കാരാണെന്ന് ബഞ്ച് അഭിനന്ദിക്കുകയും ചെയ്തു. കേസുകളില്‍ കുടുങ്ങി വിദ്യാര്‍ഥികളുടെ കരിയര്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനുമുണ്ടായിരുന്നു. ഭരണക്കാര്‍ വൈരനിര്യാതന ബുദ്ധിയോടെ നീങ്ങിയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ആശങ്കയും ശക്തമായിരുന്നു. കോടതി ഇടപെടല്‍ ഈ ആപച്്ഛങ്കകള്‍ക്കെല്ലാം അറുതിവരുത്തിയിരിക്കുന്നു.

സര്‍ക്കാര്‍ കള്ളക്കളിക്ക് മുതിര്‍ന്നില്ലെങ്കില്‍ എല്ലാം ശരിയായി സമാപിക്കും. കോടതിയുടെ ശരിയായ ഇടപെടലുകളോടും സര്‍ക്കാറിന്റെ ഉറപ്പുകളോടും പൂര്‍ണമായി സഹകരിച്ച് നാളെ ജന്തര്‍ മന്തറില്‍ നടത്താനിരുന്ന പുതിയ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് സി ജെ പി പിന്‍വാങ്ങിയിട്ടുണ്ട്. തുറന്ന മനസ്സോടെയുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്ന കോടതിയുടെ നിരീക്ഷണം ശരിവെക്കുന്നതാണ് സമരക്കാരുടെ ഈ പിന്മാറ്റം.
142ാം അനുഛേദത്തിന്റെ അന്തസ്സത്ത വ്യക്തമാക്കുന്ന ഒന്നാണ് ഈ വിധിന്യായം. തങ്ങളുടെ മുന്നിലെത്തുന്ന ഒരു വിഷയത്തില്‍ പൂര്‍ണമായ നീതി നടപ്പാക്കാന്‍ സാധാരണ നിയമവ്യവസ്ഥകള്‍ക്കോ ചട്ടങ്ങള്‍ക്കോ സാധിക്കാതെ വരുമ്പോള്‍ സുപ്രീം കോടതിക്ക് പ്രയോഗിക്കാവുന്ന അസാധാരണ അധികാരമാണ് 142ാം അനുഛേദം നല്‍കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെയും കരിയറിനെയും ബാധിക്കുന്ന ഈ കേസില്‍, അനാവശ്യ നിയമ നടപടികളിലേക്ക് പോകാതെ 142ാം വകുപ്പിലൂടെ കേസുകള്‍ റദ്ദാക്കാന്‍ കോടതി തീരുമാനിച്ചത് ഈ സവിശേഷ അധികാരത്തിന്റെ ശരിയായ പ്രയോഗമാണ്.

ഏകപക്ഷീയമാകാത്ത തീരുമാനമുണ്ടാക്കുകയെന്ന ദൗത്യം കൂടി സുപ്രീം കോടതി ബഞ്ച് നിര്‍വഹിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസുകള്‍ തുടര്‍ന്നു കൊണ്ടുപോകില്ലെന്ന ഉറപ്പിനൊപ്പം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക വിഷമങ്ങളാല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര പാക്കേജ് ആവിഷ്‌കരിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അക്രമം അഴിച്ചുവിട്ടവരെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ക്രിമിനല്‍ പശ്ചാത്തലമുള്ള 2,873 പേര്‍ക്കെതിരെ പുതിയ എഫ് ഐ ആറിടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. സമാധാനപരമായ പ്രക്ഷോഭത്തെയും അക്രമത്തെയും കൃത്യമായി വേര്‍തിരിച്ചു കാണാന്‍ കോടതിയും സര്‍ക്കാറും തയ്യാറായെന്നാണ് ഇതില്‍ നിന്ന് വായിക്കേണ്ടത്. എന്നാൽ, ക്രിമിനലുകളെന്ന് പറയുന്നവരെ കണ്ടെത്താൻ സർക്കാർ ഉപയോഗിച്ച എ ഐ സംവിധാനമടക്കമുള്ളവയെ സംശയത്തോടെ കാണുകയും വേണം.

സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ “പാറ്റകളോട്’ ഉപമിച്ചുകൊണ്ട് നടത്തിയ പരാമര്‍ശമാണല്ലോ ഈ യുവജന മുന്നേറ്റത്തിന് നാന്ദി കുറിച്ചത്. അഭിജീത് ദിപ്‌കെ സാമൂഹിക മാധ്യമങ്ങളില്‍ രൂപവത്കരിച്ച സി ജെ പി ലക്ഷക്കണക്കിന് യുവാക്കളെ ആകര്‍ഷിക്കുകയായിരുന്നു. നീറ്റ് ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീക്ഷ തകര്‍ത്തപ്പോള്‍ ഈ കൂട്ടായ്മ പ്രക്ഷോഭരംഗത്തേക്കിറങ്ങി. അത്രക്കുണ്ടായിരുന്നു നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ)യുടെ കെടുകാര്യസ്ഥത. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂണ്‍, ജൂലൈയിൽ ജന്തര്‍ മന്തറിലും രാജ്യവ്യാപകമായും സി ജെ പി നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരം ഒടുവില്‍ വിജയിക്കുകയും ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചൊഴിയേണ്ടിവരികയും ചെയ്തു. ഇപ്പോഴിതാ തങ്ങളെ അധിക്ഷേപിച്ചുവെന്ന് വിദ്യാര്‍ഥികളും യുവജനങ്ങളും കരുതുന്ന അതേ ചീഫ് ജസ്റ്റിസില്‍ നിന്ന് തന്നെ പ്രശംസയും നീതിയും നേടിയിരിക്കുകയാണ് ഈ യുവത. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

 

Content Highlights:
The Supreme Court invoked Article 142 to quash FIRs against students involved in NEET UG protests nationwide. Chief Justice Surya Kant highlighted the constitutional right to peaceful protest and called the verdict a healing balm for students. Following the court intervention and government assurances, protesters withdrew their upcoming march.

---- facebook comment plugin here -----

Latest